വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച ഏകദേശം ഇരുന്നോറോളം ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.
തിങ്കളാഴ്ച (ഫെബ്രുവരി 3 ) ഒരു അമേരിക്കൻ സൈനിക വിമാനം കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും, കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് സി-17 വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അവിടെ എത്താൻ കുറഞ്ഞത് 24 മണിക്കൂറെങ്കിലും എടുക്കുമെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ സമയം പുലർച്ചെ 3 മണിക്കാണ് സി-17 വിമാനം പുറപ്പെട്ടത്. സി-17 സൈനിക വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് അയയ്ക്കുന്ന ഏകദേശം 200 അനധികൃത കുടിയേറ്റക്കാർ ഇന്ത്യക്കാരാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻബിസി റിപ്പോർട്ട് ചെയ്തു.
ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുടെ ആദ്യ സംഘമാണിത്. കഴിഞ്ഞ വർഷം 1,100 ഓളം അനധികൃത കുടിയേറ്റക്കാരെ പ്രത്യേക വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് അയച്ചിരുന്നു.
കുറഞ്ഞത് 20,407 ‘രേഖകളില്ലാത്ത’ ഇന്ത്യക്കാർ ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരിൽ 17,940 ഇന്ത്യക്കാരെ ‘ഫൈനൽ റിമൂവൽ ഓർഡർ’ പ്രകാരം ഇന്ത്യയിലേക്ക് അയക്കും. ഇവരാണ് ഇതിനകം രാജ്യം വിടാൻ ഉത്തരവിട്ട ആളുകൾ.
ഇതിനുപുറമെ, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജൻസിയുടെ എൻഫോഴ്‌സ്‌മെന്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് (ഇആർഒ) പ്രകാരം കസ്റ്റഡിയിലുള്ള 2,467 ഇന്ത്യൻ കുടിയേറ്റക്കാരെയും നാടുകടത്തും.
പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2022 ൽ ഏകദേശം 7,25,000 ഇന്ത്യക്കാർ യുഎസിൽ അനധികൃത കുടിയേറ്റക്കാരായി താമസിച്ചിരുന്നു, ഇത് യുഎസിലെ മൂന്നാമത്തെ വലിയ ‘അനധികൃത കുടിയേറ്റ’ ജനസംഖ്യയാണ്.
അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയിലും ഇതേ സന്ദേശം നൽകിയിരുന്നു.
“നിയമവിരുദ്ധ കുടിയേറ്റം പലപ്പോഴും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ പ്രതിച്ഛായയ്ക്ക് അഭികാമ്യമോ ഗുണകരമോ അല്ല. ഞങ്ങളുടെ പൗരന്മാരിൽ ആരെങ്കിലും അമേരിക്കയിൽ നിയമവിരുദ്ധമായി കണ്ടെത്തി അവരുടെ പൗരത്വം സ്ഥിരീകരിച്ചാൽ, അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ തയ്യാറാണ്,” ജയ്ശങ്കര്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് ശേഷം, ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അതായത് അമേരിക്കയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ ഇന്ത്യ തയ്യാറാണെന്ന്.
ഇതുവരെ, സമാനമായ യുഎസ് സൈനിക വിമാനങ്ങൾ യുഎസിൽ നിന്ന് ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ എത്തിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ ട്രംപ് നടപ്പിലാക്കിയ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായാണ് ഈ പുറത്താക്കല്‍.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വന്നതുമുതൽ, അദ്ദേഹത്തിന്റെ പുതിയ സർക്കാർ കുടിയേറ്റ വിരുദ്ധ അജണ്ടയ്ക്കാണ് മുൻഗണന നൽകുന്നത്.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നതോ രേഖകളില്ലാതെ താമസിക്കുന്നതോ ആയ കുടിയേറ്റക്കാരെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഇതുവരെ ലാറ്റിനമേരിക്കയിലേക്ക് പറന്ന സൈനിക വിമാനങ്ങൾ ജോ ബൈഡൻ സർക്കാരിന്റെ കാലത്ത് തടവിലാക്കപ്പെട്ട ആളുകളെയാണ് വഹിച്ചിട്ടുള്ളത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും സൈനിക വിമാനങ്ങൾ ഉപയോഗിച്ച് നൂറുകണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്തു. “ട്രംപ് ഭരണകൂടം 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതിൽ ഒരു ഭീകരനെന്ന് സംശയിക്കുന്നയാൾ, ട്രെയിൻ ഡി സംഘത്തിലെ നാല് അംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട നിരവധി അനധികൃത കുടിയേറ്റക്കാർ എന്നിവരും ഉൾപ്പെടുന്നു,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.