തീരമണൽ ഖനനം കേരളത്തിന്റെ മത്സ്യത്തൊഴിലാളി സമൂഹത്തിനും തീരദേശ പരിസ്ഥിതിക്കും വലിയ ഭീഷണിയാകുമെന്ന് വിദഗ്ധരും നാട്ടുകാരും ഒരേ സ്വരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടും കോർപറേറ്റ് താല്പര്യങ്ങൾ മാത്രം മുൻനിർത്തി കേന്ദ്ര സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോയാൽ ജനകീയ സമരങ്ങളിലൂടെ പ്രതിരോധം തീർക്കുമെന്ന് ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU )സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി പറഞ്ഞു.
കേരളത്തിലെ വിവിധ തീരദേശ പ്രദേശങ്ങളിൽ 745 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് .കേരളത്തത്തിന്റെ തീര ദേശത്തെ പൊന്നാനി, ചാവക്കാട്, ആലപ്പുഴ കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ വിവിധ സെക്ടറുകളായി തിരിച്ചാണ് ഖനന പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുന്നത്.
കൊല്ലം തീരത്ത് മണൽ ഖനനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾത്തന്നെ നടക്കുകയാണ്. കൊല്ലം തീരം വർഷങ്ങളായി കടൽക്ഷോഭം നേരിടുന്നു. മണൽ ഖനനം ആരംഭിക്കുന്നതോടെ, തീരശോഷണം വർധിക്കുകയും തീരം കടലെടുക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും. മണൽ ഖനനം മത്സ്യങ്ങളുടെ പ്രജനനത്തെയും ആവാസവ്യവസ്ഥയെയും തകർക്കും. ഇത് മത്സ്യലഭ്യത കുറയ്ക്കുകയും മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുകയും ചെയ്യും.
നീല സാമ്പത്തിക വ്യവസ്ഥയുടെ ചുവടു പിടിച്ചു കടന്നു വരുന്ന ഇത്തരം ഖനന പ്രവർത്തനങ്ങൾക്കു ബൗദ്ധിക സാഹചര്യം ഒരുക്കുന്നത്തിന്റെ ഭാഗമാണ് തീരദേശത്ത് നടക്കുന്ന പുനർഗേഹം, തീരദേശ ഹൈവേ പദ്ധതികൾ എന്നും മുഹമ്മദ് പൊന്നാനി കൂട്ടിച്ചേർത്തു.
തീരവുമായി ബന്ധപെട്ട് ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും, ഉപജീവന മാർഗത്തിനും വില കല്പിക്കാത്ത ജനവിരുദ്ധ നയങ്ങൾക്കെതിരെ മുഴുവൻ തൊഴിലാളി സംഘടനകളും മുന്നോട്ടു വരണമെന്നും, ഇതിനെതിരെ ഫെബ്രുവരി 27 നു നടക്കുന്ന തീരദേശ ഹർത്താലിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അറിയിച്ചു.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ നവാസ് കെ പി, സംസ്ഥാന ട്രഷറർ ഷുഹൈബ് അഴിയൂർ, എസ് കെ അസീസ്, അലി കൊച്ചി, സലിം പറവണ്ണ, ഗസാലി പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.