പലസ്തീനികളെ കുടിയിറക്കാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ശ്രമം യുഎഇ നിരസിക്കുന്നു: യു എ ഇ വിദേശകാര്യ മന്ത്രാലയം

ദുബൈ: പലസ്തീനികളെ കുടിയിറക്കാനും അവരുടെ “അനിഷേധ്യമായ അവകാശങ്ങൾ” നിഷേധിക്കാനുമുള്ള അമേരിക്കയുടേയും ഇസ്രായേലിന്റേയും ഏതൊരു ശ്രമത്തെയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി നിരസിക്കുന്നുവെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

“പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെയും, പലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചരിത്രപരവും ഉറച്ചതുമായ നിലപാടിനെയും” പ്രസ്താവനയില്‍ അടിവരയിട്ടു.

പലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കുന്നതിനും ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഗൗരവമേറിയ ഒരു രാഷ്ട്രീയ ചക്രവാളം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം യുഎഇ ഊന്നിപ്പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രാദേശിക സ്ഥിരത കൈവരിക്കാൻ കഴിയൂ എന്ന യുഎഇയുടെ വിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

മധ്യപൂർവ്വേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രധാന വെല്ലുവിളികൾ ആശയവിനിമയത്തിന്റെയും സംഭാഷണത്തിന്റെയും പാലങ്ങൾ ശക്തിപ്പെടുത്തുകയും നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന നൽകുകയും സമഗ്രമായ സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ നീണ്ട സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും പലസ്തീനികൾക്കും ഇസ്രായേലികൾക്കും സമാധാനം ഉറപ്പാക്കുന്നതിന് നീതിയുക്തവും ശാശ്വതവുമായ ഒരു പരിഹാരത്തിലെത്താനും യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീനികളുടെ അനിഷേധ്യമായ അവകാശങ്ങളുടെ മേലുള്ള ഏതൊരു ലംഘനത്തെയും കുടിയിറക്കൽ ശ്രമങ്ങളെയും ശക്തമായി നിരസിക്കുന്നതായും, പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാകുകയും സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അവസരങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഏതൊരു കുടിയേറ്റ പ്രവർത്തനങ്ങളും നിർത്തേണ്ടതിന്റെ പ്രാധാന്യവും ആവർത്തിച്ചു.

കൂടാതെ, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ നിയമവിരുദ്ധമായ നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും, ഐക്യരാഷ്ട്രസഭയോടും, യുഎൻ സുരക്ഷാ കൗൺസിലിനോടും മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു.

ഗാസ മുനമ്പിലെ വെടിനിർത്തലിന് ശേഷമുള്ള മുൻഗണന തീവ്രവാദം, പിരിമുറുക്കങ്ങൾ, അക്രമം എന്നിവ ഇല്ലാതാക്കുന്നതിലും എല്ലാ സിവിലിയന്മാർക്കും സംരക്ഷണം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതോടൊപ്പം സ്ട്രിപ്പിലേക്ക് മാനുഷിക സഹായം അടിയന്തിരമായും സുരക്ഷിതമായും സുസ്ഥിരമായും എത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും എടുത്തുകാണിച്ചുകൊണ്ട് മേഖലയിലെ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നത് തടയേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഷിംഗ്ടൺ സന്ദർശന വേളയിൽ ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ഞെട്ടിക്കുന്ന പരാമർശങ്ങളിൽ, ഗാസയിൽ താമസിക്കുന്ന 2 ദശലക്ഷത്തിലധികം പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യത ഉയർത്തി. ഇസ്രായേലും ഹമാസും തമ്മിലുള്ള ഏകദേശം 16 മാസത്തെ യുദ്ധത്തിന് ശേഷം ഗാസ വാസയോഗ്യമല്ലാതായി മാറിയെന്നാണ് ട്രം‌പിന്റെ വാദം.

യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നും ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം സാമ്പത്തികമായി വികസിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തോടുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളുടെ നയത്തെ ട്രം‌പിന്റെ നിര്‍ദ്ദേശം തകർക്കും.

Print Friendly, PDF & Email

Leave a Comment

More News