അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (അസീന) പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ പ്രൗഢോജ്വലമായി

ഫീനിക്സ് : നോർത്ത് അമേരിക്കൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (നൈന) യുടെ അരിസോണ ചാപ്റ്റർ ആയ അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (അസീന) 2025 – 26 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേല്‍ക്കുകയും 2023 -24 ലെ ഭാരവാഹികളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങ്‌ ജനുവരി 18 ശനിയാഴ്ച അരിസോണയുടെ തലസ്ഥാനമായ ഫിനിക്സിൽ വെച്ച് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ അതിവിപുലമായി വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തപ്പെട്ടു.

അരിസോണയിലെ ഇന്ത്യൻ വംശജരായ നഴ്സുമാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഒരുമിപ്പിക്കുന്നതിലും അവർക്കാവശ്യമായ
പിന്തുണ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ലാഭരഹിത പ്രൊഫഷണൽ സംഘടനയാണ് അസീന. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അസീന നേടിയ വളർച്ചയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വിശിഷ്യാ സമൂഹത്തിൽ ഉണ്ടാക്കിയ ശക്തമായ സ്വാധീനത്തേക്കുറിച്ചും സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എലിസബത്ത് സാം വിശദീകരിച്ചു.

പ്രധാന അതിഥിയായും മുഖ്യപ്രഭാഷകയായും പങ്കെടുത്തത് നൈന 2023-24 പ്രസിഡന്റ് സുജാ തോമസ് ആയിരുന്നു. അതിനോടൊപ്പം വിശിഷ്ടാതിഥി ആയി മേഴ്‌സി ഗിൽബര്‍ട്ട് മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് റുഡി അപഡാക്കയും സന്നിഹിതനായിരുന്നു. കൂടാതെ, ഫാ. സജി മാർക്കോസ്, ഡോ. പത്മ അക്കിങ്, പാസ്റ്റർ ജിമ്മി തോമസ് എന്നിവരും പ്രത്യേക ആശംസകൾ അർപ്പിച്ചു. സമൂഹ നേതാക്കളും, നഴ്സിംഗ് സംഘടനാ പ്രതിനിധികളും, അസീന അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ ആഘോഷകരമായ പരിപാടിയിൽ പങ്കെടുത്തു.

സിന്‍സി തോമസ്, മെർലിൻ ഹെൻറി എന്നിവർ ചേർന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് അസീനയുടെ 2023-2024 പ്രസിഡന്റ് എലിസബത്ത് സുനിൽ സാം ഉദ്ഘാടന പ്രസംഗം നടത്തി. ഡോ. സുജാ തോമസ് ആകർഷകമായ മുഖ്യപ്രഭാഷണം നടത്തിയതിനു ശേഷം അതിഥികൾ ചേർന്ന് ദീപം തെളിയിച്ചതോടെ കാര്യപരിപാടികൾക്കു ഔപചാരികമായ തുടക്കമായി. സംഘടനയുടെ നേതാക്കളായ ഡോ. ഷാജു ഫ്രാൻസിസും ജെസ്സി എബ്രഹാമും ചേർന്ന് പരിപാടിയുടെ അവതാരകരായി പ്രവർത്തിച്ചു.

സിൻസി തോമസും മേരി ബിജുവും നേതൃത്വം നൽകിയ മാർഗം കളി എന്ന കേരളത്തിന്റെ സാംസ്കാരിക നൃത്തം ശ്രദ്ധേയമായ ഒന്നായിരുന്നു. അസീനയുടെ സ്ഥാപക നേതാക്കളെ സുജാ തോമസ് ആദരിച്ചു. മേഴ്‌സി ഗിൽബെർട് മെഡിക്കൽ സെന്റർ വൈസ് പ്രസിഡന്റ് റുഡി അപൊഡാക്ക ഉജ്ജ്വലമായ പ്രഭാഷണം നടത്തി. 2023-24 തെരഞ്ഞെടുപ്പ് ചെയർ ജെസ്സി എബ്രഹാം പുതിയതായി സ്ഥാനമേൽക്കുന്ന ഭരണസമിതി അംഗങ്ങൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

അജിത നായർ, ആര്യ ബിന്ദു, എലിസബത്ത് സുനിൽ സാം, മേരി ബിജു, സുമ ജേക്കബ് , സീമ നായർ, ശോഭ കൃഷ്ണകുമാർ, എന്നിവർ അവതരിപ്പിച്ച ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ എന്ന ഹാസ്യനാടകം സദസ്സിയരെ ചിരിയിലാഴ്ത്തുകയും ആദ്യ കാലത്തു അമേരിക്കയിലെത്തിയ ഇന്ത്യൻ നഴ്‌സുമാരുടെ അനുഭവങ്ങളും വെല്ലുവിളികളും ഓർമ്മിപ്പിക്കുകയും ചെയ്തു.

ഡോ. പത്മ അക്കിങ് അസീന മെന്റൽ ഹെൽത്ത് ഇനിഷ്യേറ്റീവ് (AMHI) യുവ നേതൃ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പുതിയ
ബിരുദധാരികളെ പാസ്റ്റർ ജിമ്മി സർടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ജോൺസൺ & ജോൺസൺ പ്രതിനിധി ഡോ. റസ്തോഗി
സ്‌കീസോഫ്രീനിയയെ കുറിച്ചും അതിനുള്ള ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ചും സദസിനെ ബോധ്യപ്പെടുത്തി.

സംഘടനയുടെ പുതിയ പ്രസിഡന്റ് ലക്ഷ്മി നായർ അസീനയുടെ വരുംകാല ദൗത്യങ്ങളെകുറിച്ചും കാര്യപരിപാടികളെ കുറിച്ചും വിശദീകരിച്ചു. അസീനക്ക് ഹ്യൂമേരിക്കൻ എക്സ്പ്രസ്സ് ടീം നൽകിയിട്ടുള്ള വിലയേറിയ സംഭാവനകൾക്ക് എലിസബത്തും ലക്ഷ്മിയും പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സംഘടനയുടെ സെക്രട്ടറി (2023-2024) സീമ നായർ നന്ദിപ്രസംഗം നടത്തി. അതിനുശേഷം നേതൻ സാം ജോർജ് (നൃത്യസംവിധാനം), ഓസ്റ്റിൻ ജോൺ, ഈഷ ആനേറ്റ് സാം എന്നിവരുടെ വൈബ്രന്റ് ഡാൻസ് പെർഫോമൻസ് എല്ലാവരെയും ആകർഷിച്ചു.

ജോൺസൻ & ജോൺസൻ സംഭാവന ചെയ്ത ഇന്ത്യൻ ഡൽഹി പാലസ് തയാറാക്കിയ രുചികരമായ ഭക്ഷണം ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ആസ്വദിച്ചു. എല്ലാവരുമായി ആശയ വിനിമയം നടത്തുന്നതിനും അവസരം ഉണ്ടായി. കൂട്ടായ പ്രവർത്തനത്തിന്റെയും
അർപ്പണ ബോധത്തിന്റെയും മാതൃക ആയിരുന്നു അസീനയുടെ ഈ ചടങ്ങ്‌.

പരിപാടിയിൽ പങ്കെടുത്ത എല്ലാവരും അസീനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും, പ്രസിഡന്റ് ലക്ഷ്മി നായരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.

അസീനയുടെ വാർത്താ മാധ്യമ സംഘം അറിയിച്ചത്.

Print Friendly, PDF & Email

Leave a Comment

More News