
മലപ്പുറം: ഷൊർണൂർ-നിലമ്പൂർ റെയിൽപാതയിൽ കൂടുതൽ തീവണ്ടി സർവീസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്കു നിവേദനം നൽകി.
മലപ്പുറം ജില്ലയുടെ പ്രധാന യാത്രാമാർഗങ്ങളിലൊന്നായ ഈ റൂട്ടിൽ വിദ്യാർത്ഥികൾ, തൊഴിൽ അന്വേഷകർ, വ്യാപാരികൾ, വിദേശ യാത്രക്കാർ, തീർഥാടകർ എന്നിവർക്കൊപ്പം ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി ആശ്രയിക്കുന്നതായിട്ടുണ്ടെങ്കിലും നിലവിലുള്ള തീവണ്ടി സേവനങ്ങൾ പര്യാപ്തമല്ല. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്നും, അതിനാൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നുമാണ് നിവേദനത്തിലുള്ള ആവശ്യം.
നിവേദനത്തിൽ ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ കൂടുതൽ പാസഞ്ചർ/മെമു ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. കൂടാതെ, എറണാകുളം-ഷൊർണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടണമെന്നും നിലവിൽ പകൽ സമയം നിലമ്പൂരിൽ പാർക്കുന്ന രാജ്യറാണി എക്‌സ്പ്രസിനെ മറ്റ് ദിശകളിലേക്ക് സർവീസ് നടത്താൻ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് റദ്ദാക്കിയ കോട്ടയം എക്‌സ്പ്രസിന്റെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും തീർഥാടകർക്കും ഇത് കൂടുതൽ ഗുണകരമാകുമെന്ന് നേതാക്കൾ വ്യക്തമാക്കി.
ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് തീവണ്ടി സേവനങ്ങൾ മെച്ചപ്പെടുത്താൻ റെയിൽവേ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ നിവേദനം നൽകി. എഫ്‌ഐടിയു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, ജില്ലാ കമ്മിറ്റിയംഗം സൈതാലി വലമ്പൂർ, ഇക്ബാൽ എന്നിവരും സന്നിഹിതരായിരുന്നു.