ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ഡൽഹി കൊള്ളയടിച്ചവരെ അന്വേഷിക്കുമെന്നും ആരെയും വെറുതെ വിടില്ലെന്നും പറഞ്ഞു. എൻഡിഎ സർക്കാർ ഉള്ളിടത്തെല്ലാം നല്ല ഭരണവും വികസനവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി-എൻസിആറിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നും ഇവിടുത്തെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ വിശ്വാസം നേടിയെടുത്തിട്ടുണ്ടെന്നും, ഇപ്പോൾ ഡൽഹിയിലും അത് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്കുള്ള കവാടമാണ് ഡൽഹിയെന്നും അവിടെ ഏറ്റവും മികച്ച നഗര അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയെ പുറത്താക്കിയതിലൂടെ ഡൽഹിയിലെ ജനങ്ങൾ പ്രീണന രാഷ്ട്രീയമല്ല, മറിച്ച് സംതൃപ്തിയാണ് ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് നൽകിയതെന്നും മോദി പരാമർശിച്ചു.
ഡൽഹിയിലെ ജനങ്ങൾക്ക് ആം ആദ്മി പാർട്ടിയിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചെന്നും ഇത് ചരിത്രപരമായ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയുടെ ഉടമസ്ഥർ തങ്ങളാണെന്ന് കരുതിയിരുന്ന നേതാക്കൾ ഇപ്പോൾ ജനങ്ങളുടെ യഥാർത്ഥ ഉടമസ്ഥത അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ നുണകൾക്കും വഞ്ചനയ്ക്കും സ്ഥാനമില്ലെന്ന് ഈ ജനവിധിയിൽ നിന്ന് വ്യക്തമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത നേതാക്കൾക്ക് ഈ തിരഞ്ഞെടുപ്പ് ശക്തമായ സന്ദേശം നൽകി. ആം ആദ്മി പാർട്ടി മാലിന്യം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, പകരം ഡൽഹിയിൽ മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിച്ചു. ഈ നേതാക്കൾ വിദ്യാഭ്യാസ മേഖലയിലും പൊതുജനങ്ങളോട് കള്ളം പറഞ്ഞു,” പ്രധാനമന്ത്രി മോദിയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് ജെ പി നദ്ദ പറഞ്ഞു.