അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊതുജനങ്ങളുടെ കണ്ണ് തുറപ്പിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളുടെ മറയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് പൊതുജനങ്ങളുടെ കണ്ണുതുറപ്പിച്ച് ഭിന്നശേഷിക്കാര്‍. ആള്‍ദൈവങ്ങള്‍ നടത്തുന്ന ദിവ്യാത്ഭുതങ്ങളുടെ അണിയറ രഹസ്യം വെളിപ്പെടുത്തിയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ ശാസ്ത്ര സമ്മേളനത്തിലെ താരങ്ങളായത്.

ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റി കേരള ചാപ്റ്റര്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനത്തോടനുബന്ധിച്ചാണ് ദിവ്യാത്ഭുതങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകള്‍ വെളിപ്പെടുത്തിയത്. നാളികേരത്തിന്റെ ചകിരി കത്തിക്കുക, ആണി പലകയിലെ ശയനം, നിറം കലര്‍ന്ന ലായനി നിറരഹിതമാക്കുക തുടങ്ങിയ നിരവധി തട്ടിപ്പുകളെയാണ് ഈ ഭിന്നശേഷിക്കാര്‍ പൊളിച്ചടുക്കിയത്. ഇതിന്റെ പിന്നിലെ ശാസ്ത്രതത്വങ്ങള്‍ അവര്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

സെന്ററിലെ അമല്‍ ബി, ശബരി കൃഷ്ണ, അലന്‍ എസ്, സായാ മറിയം തോമസ്, അപര്‍ണ സുരേഷ്, ആര്‍ദ്ര അനില്‍, അഭിജിത്ത് പി.എസ്, അശ്വിന്‍ദേവ്, പാര്‍വതി എല്‍.എസ്, മുഹമ്മദ് അഷീബ്, ജ്യോതിലാല്‍ ജെ.എസ്, രൂപകൃഷ്ണന്‍, ജെഫിന്‍ പി ജയിംസ്, അപര്‍ണ പി.എല്‍, അഭിരാജ് എസ്, മണികണ്ഠന്‍, മുഹമ്മദ് ആസിഫ്, ലിബിന്‍ ബി.എല്‍ എന്നിവരാണ് സന്ദേശജാലവിദ്യകള്‍ അവതരിപ്പിച്ച് കാണികളുടെ കൈയ്യടി നേടിയത്.

ഭിന്നശേഷിക്കാരുടെ ശാസ്ത്ര ഗവേഷണ താത്പര്യങ്ങള്‍ വളര്‍ത്തുവാനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സയന്‍ഷ്യ എന്ന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സയന്‍ഷ്യ കോഓര്‍ഡിനേറ്റര്‍മാരായ വിസ്മയ് മുതുകാട്, മഞ്ജുഷ പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനം തിങ്കളാഴ്ചയും തുടരും.

വാര്‍ത്ത: സജീവ് എസ്, പിആര്‍‌ഒ

Print Friendly, PDF & Email

Leave a Comment

More News