“അമേരിക്കയില്‍ ഇനി പേപ്പർ സ്‌ട്രോകൾ വേണ്ട, പ്ലാസ്റ്റിക് സ്ട്രോകള്‍ മതി”: ട്രം‌പിന്റെ പുതിയ എക്സിക്യൂട്ടീവ് ഉത്തരവ്

വാഷിംഗ്ടണ്‍: പ്ലാസ്റ്റിക് സ്‌ട്രോകൾ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പേപ്പർ സ്‌ട്രോകൾ “പ്രവർത്തിക്കുന്നില്ല” എന്നും അവ ഉപയോഗിക്കുന്നത് “മണ്ടത്തരമാണ്” എന്നുമാണ് അതിന് കാരണമായി അദ്ദേഹം പറഞ്ഞത്. “നമ്മൾ പ്ലാസ്റ്റിക് സ്‌ട്രോകളിലേക്ക് മടങ്ങുകയാണ്,” ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

2027 ആകുമ്പോഴേക്കും സർക്കാർ സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ (സ്ട്രോ പോലുള്ളവ) നിരോധിക്കാനുള്ള മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നയം തിരുത്താനാണ് ട്രംപിന്റെ നീക്കം. 2035 ആകുമ്പോഴേക്കും എല്ലാ സർക്കാർ ഓഫീസുകളിലും പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക എന്നതായിരുന്നു ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനെക്കുറിച്ച് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതി, “ഇനി നനഞ്ഞതും ഉപയോഗശൂന്യവുമായ പേപ്പർ സ്‌ട്രോകൾ ഇല്ലാതെ നിങ്ങളുടെ പാനീയം ആസ്വദിക്കൂ! ബൈഡന്‍ കൊണ്ടുവന്ന നയം ഞാന്‍ അവസാനിപ്പിച്ചു.”

അതേസമയം, പരിസ്ഥിതി പ്രവർത്തകർ അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തെ ശക്തമായി വിമർശിച്ചു. സമുദ്രങ്ങളെയും ജലസ്രോതസ്സുകളെയും മലിനമാക്കുകയും ജലജീവികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിനാൽ നിരവധി യുഎസ് സംസ്ഥാനങ്ങളും നഗരങ്ങളും ഇതിനകം പ്ലാസ്റ്റിക് സ്ട്രോകൾ നിരോധിച്ചിട്ടുണ്ട്. ട്രംപ് തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും, പരിസ്ഥിതിയെ അപകടത്തിലാക്കുകയാണെന്നും പരിസ്ഥിതി സംഘടനയായ ഓഷ്യാനയിലെ പ്ലാസ്റ്റിക് പ്രചാരണ മേധാവി ക്രിസ്റ്റി ലെവിറ്റ് പറഞ്ഞു. പ്ലാസ്റ്റിക് മലിനീകരണം ലോകമൊട്ടാകെ ഒരു പ്രതിസന്ധിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഓരോ മിനിറ്റിലും ഒരു ട്രക്കിന്റെ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലേക്ക് തള്ളപ്പെടുന്നു. പ്ലാസ്റ്റിക് ചെറിയ കഷണങ്ങളായി (മൈക്രോപ്ലാസ്റ്റിക്) മാറുകയും മത്സ്യങ്ങളുടെയും പക്ഷികളുടെയും മനുഷ്യരുടെയും ശരീരത്തിൽ എത്തുകയും ചെയ്യുന്നു.

അതേസമയം, ട്രംപിന്റെ നീക്കത്തെ പ്ലാസ്റ്റിക് വ്യവസായം പ്രശംസിച്ചു. പ്ലാസ്റ്റിക് ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡന്റ് മാറ്റ്സ് സീഹോം പറഞ്ഞത്, സ്ട്രോകൾ ഒരു തുടക്കം മാത്രമാണ്, ‘പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക’ എന്ന പ്രസ്ഥാനത്തെ നമ്മൾ പിന്തുണയ്ക്കണം എന്നാണ്.

അമേരിക്കയിൽ പ്രതിദിനം 39 കോടിയിലധികം പ്ലാസ്റ്റിക് സ്‌ട്രോകൾ ഉപയോഗിക്കുന്നുണ്ടെന്നും, അവ 200 വർഷത്തേക്ക് നശിപ്പിക്കപ്പെടുന്നില്ലെന്നും പരിസ്ഥിതി സംഘടനകൾ പറയുന്നു. ഇവ കടലാമകൾക്കും മറ്റ് ജീവികൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ലോകത്ത് ഓരോ വർഷവും 400 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു, അതിൽ 40% പാക്കേജിംഗിൽ മാത്രമാണ് ഉപയോഗിക്കുന്നത്.

ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങൾ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള ഒരു അന്താരാഷ്ട്ര കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു, എന്നാൽ വ്യക്തമായ ഒരു തീരുമാനവും എടുക്കാൻ കഴിഞ്ഞില്ല. ഈ വർഷം വീണ്ടും ഈ കരാർ അന്തിമമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News