ന്യൂയോര്‍ക്ക്: കഴിഞ്ഞ പാദത്തിൽ റെക്കോർഡ് ലാഭം റിപ്പോർട്ട് ചെയ്തിട്ടും അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോർഗൻ ചേസ് 1,000-ത്തിലധികം ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോർട്ട്. ഈ ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം, കൂടുതൽ പിരിച്ചുവിടലുകൾക്ക് സാധ്യതയുണ്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ജനുവരിയിൽ, ശക്തമായ ഇടപാടുകളും വ്യാപാര പ്രകടനവും മൂലം നാലാം പാദത്തിൽ ജെപി മോർഗൻ റെക്കോർഡ് ലാഭം നേടിയിരുന്നു. എന്നാൽ, കൂടുതൽ വഴക്കമുള്ള വർക്ക് ഫ്രം ഹോം നയം ആവശ്യപ്പെട്ട ജീവനക്കാരുടെ അപേക്ഷകൾ ബാങ്കിന്റെ സിഇഒ ജാമി ഡിമോൺ നിരസിച്ചു. ഒരു ടൗൺ ഹാൾ മീറ്റിംഗിൽ ചില ജീവനക്കാർ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിൽ എത്താനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ബാങ്ക് മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചു.
“നിങ്ങള്‍ നിങ്ങളുടെ സമയം വെറുതെ പാഴാക്കരുത്. എത്ര പേർ ഹർജിയിൽ ഒപ്പിട്ടാലും എനിക്ക് പ്രശ്‌നമില്ലെന്ന് ഡിമോൺ തുറന്നടിച്ചു പറഞ്ഞു. ജീവനക്കാർക്ക് വിയോജിപ്പുണ്ടെങ്കിൽ മറ്റെവിടെയെങ്കിലും ജോലി ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെന്ന് പറഞ്ഞുകൊണ്ട്, വർക്ക് ഫ്രം ഹോം ജോലിക്കെതിരായ തന്റെ നിലപാട് ഡിമോൺ കൂടുതൽ ശക്തിപ്പെടുത്തി.
ജീവനക്കാരിൽ നിന്ന് കാര്യക്ഷമതയിൽ 10% വർദ്ധനവ് ഡിമോൺ ആവശ്യപ്പെടുകയും റിപ്പോർട്ടുകൾ, മീറ്റിംഗുകൾ, ഡോക്യുമെന്റേഷൻ എന്നിവ കുറയ്ക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. ഒരു വിഷയം അംഗീകരിക്കാൻ 14 കമ്മിറ്റികൾ വേണമെന്ന് ഒരു ഉദാഹരണം നൽകി അദ്ദേഹം ഉദ്യോഗസ്ഥ സംവിധാനത്തെ വിമർശിച്ചു.
ജീവനക്കാര്‍ക്ക് നിരാശ ഉണ്ടായിരുന്നിട്ടും, ജെപി മോർഗന്റെ ലാഭം 2024 ൽ റെക്കോർഡ് ഉയരത്തിലെത്തി. അഞ്ച് വർഷത്തിനുള്ളിൽ അതിന്റെ ഓഹരി വില ഇരട്ടിയായി.