“മഹാ കുംഭമേളയിൽ മുങ്ങിക്കുളിച്ചാൽ പാപങ്ങൾ കഴുകി കളയുമെങ്കില്‍ ആരും നരകത്തിൽ പോകില്ലായിരുന്നു…”; മുഖ്താറിന്റെ സഹോദരൻ അഫ്‌സലിന്റെ പ്രസ്താവന വിവാദമായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടക്കുന്നതിനിടെ സമാജ്‌വാദി പാർട്ടി (എസ്‌പി) എംപി അഫ്‌സൽ അൻസാരിയുടെ പ്രസ്താവന വിവാദമായി. കുംഭമേളയെയും അതിൽ കുളിക്കുന്ന പാരമ്പര്യത്തെയും പരിഹസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയതിനും അപമാനകരമായ പരാമർശങ്ങൾ നടത്തിയതിനും ഗാസിപൂരിലെ ഷാദിയാബാദ് പോലീസ് സ്റ്റേഷനിൽ അദ്ദേഹത്തിനെതിരെ ഗാസിപൂർ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് ദേവ് പ്രകാശ് സിംഗ് പരാതി നൽകിയതിനെത്തുടര്‍ന്ന് അന്‍സാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 12 ന് ഗാസിപൂരിലെ ഷാദിയാബാദ് കവലയിൽ സന്ത് ശിരോമണി ഗുരു രവിദാസ് ജിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന വേളയില്‍ മുഖ്യാതിഥിയായി അഫ്സൽ അൻസാരിയെ ക്ഷണിച്ചിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

“ഈ വിശ്വാസ ഉത്സവത്തിൽ, സംഗമ തീരത്ത് കുളിച്ചാൽ ഒരാൾ ശുദ്ധനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പാപങ്ങൾ കഴുകി കളയപ്പെടും. പാപങ്ങൾ കഴുകി കളയപ്പെടുമെങ്കില്‍, അതിനർത്ഥം വൈകുണ്ഡത്തിലേക്കുള്ള പാത തുറക്കുമെന്നാണ്. അങ്ങനെയെങ്കില്‍ ആരും നരകത്തിൽ അവശേഷിക്കില്ല  എന്നാണ് തോന്നുന്നത്.  പകരം അവരെക്കൊണ്ട് വൈകുണ്ഡം  നിറയും,” അഫ്സല്‍ അന്‍സാരി പറഞ്ഞതായി  ദേവ് പ്രകാശ് സിംഗിന്റെ പരാതിയില്‍ ആരോപിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 299, 253(2) വകുപ്പുകൾ പ്രകാരമാണ് അഫ്സൽ അൻസാരിക്കെതിരെ ഗാസിപൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഹജ്ജ് തീർത്ഥാടനത്തെക്കുറിച്ച് ഏതെങ്കിലും മുസ്ലീം അല്ലാത്ത എംപിയോ എംഎൽഎയോ ഇത്തരമൊരു അഭിപ്രായം പറഞ്ഞിരുന്നെങ്കിൽ, അഫ്സൽ അൻസാരിയും മറ്റ് പ്രതിപക്ഷ നേതാക്കളും അത് സഹിക്കുമായിരുന്നോ എന്നാണ് ദേവ് പ്രകാശ് സിംഗ് ചോദിക്കുന്നത്. “മക്ക-മദീനയിൽ പോയാൽ നമ്മുടെ പാപങ്ങൾ കഴുകിക്കളയപ്പെടുമോ?” എന്ന് ഹജ്ജ് തീർത്ഥാടകരെക്കുറിച്ച് ഏതെങ്കിലും അമുസ്ലിം നേതാവ് പറഞ്ഞിരുന്നെങ്കിൽ അത് നിസ്സാരമായി കാണുമോ എന്നും സിംഗ് ചോദിക്കുന്നു.

കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽ അംഗമായിരുന്ന മുഖ്താർ അൻസാരിയുടെ സഹോദരനാണ് അഫ്സൽ അൻസാരി എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കൊലപാതക, ക്രിമിനൽ കേസുകളിൽ മുക്താർ അൻസാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. ഗുണ്ടാ, മാഫിയ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട കുടുംബത്തിലെ അംഗമായ വ്യക്തി ഇപ്പോൾ സനാതന ധർമ്മത്തെയും അതിന്റെ പാരമ്പര്യങ്ങളെയും പരിഹസിക്കുകയാണ്. ഇന്ന്, ഒരാൾ ഹിന്ദു ഉത്സവങ്ങളെക്കുറിച്ചോ പാരമ്പര്യങ്ങളെക്കുറിച്ചോ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുമ്പോൾ, അതിനെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വിളിക്കുന്നു. എന്നാൽ, ഇതേ പ്രസ്താവന മറ്റേതെങ്കിലും മതത്തിനെതിരെ നടത്തിയാൽ, അത് ഉടൻ തന്നെ രാജ്യമെമ്പാടും കോലാഹലം സൃഷ്ടിക്കും. ഇത്തവണ അഫ്‌സൽ അൻസാരിക്കെതിരെ കർശന നടപടി സ്വീകരിക്കുമോ, അതോ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഈ കേസും മാറ്റിവയ്ക്കപ്പെടുമോ എന്നും കണ്ടറിയണം.

Print Friendly, PDF & Email

Leave a Comment

More News