ആത്മീയമാരി വർഷിച്ച് എട്ടു നാൾ നീണ്ടുനിന്ന മാരാമൺ മഹായോഗത്തിന് സമാപനം

ഹ്യൂസ്റ്റൺ/മാരാമൺ: “അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി- ന്നനുഗ്രഹമടിയാരിൽ അളവെന്യേ പകരാൻ” എന്ന ഗാനത്തോടെ ഫെബ്രുവരി 9 ന് ആരംഭിച്ച് എട്ടുനാൾ നീണ്ടുനിന്ന പമ്പാ നദീ തീരത്തെ ഓലപ്പന്തലിൽ നടന്ന നൂറ്റി മുപ്പതാമത് മാരാമൺ മഹാ സംഗമം സമാപിച്ചു.

മലങ്കര മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ വിദേശീയരെ കൂടാതെ വിവിധ സഭാ ബിഷപ്പുമാർ, മാർത്തോമാ സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്തമാർ, മറ്റ് എപ്പിസ്കോപ്പമാർ, സീനിയർ വൈദികർ, തുടങ്ങി ബസ്ക്യാമമ മാരും വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ വചനപ്രഘോഷണം നടത്തി.

കനത്ത വേനൽ ചൂടിനെ അവഗണിച്ചും ആദ്യാവസാന ദിവസങ്ങളിൽ തിരുവചനം ശ്രവിക്കാൻ എത്തിയ വിശ്വാസികളെ കൊണ്ട് പന്തൽ നിറഞ്ഞു കവിഞ്ഞിരുന്നു.

അയിരൂർ കർമേൽ, കുമ്പനാട് ധർമ്മഗിരി എന്നീ സ്ഥാപനങ്ങളുടെയും, സേവികാ സംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെയും ഭക്ഷണശാലകൾ മണൽ പുറത്ത് പ്രവർത്തിച്ചു.

വാട്ടർ അതോറിറ്റി ശുദ്ധജലവിതരണവും, യുവജന സഖ്യാംഗങ്ങൾ,സമീപ പഞ്ചായത്തുകളിലെ ഹരിത കർമ്മ സേന എന്നിവർ പന്തലും, പരിസര പ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും, കൂടാതെ വൈദികർ ക്രമപരിപാലനത്തിനും നേതൃത്വം വഹിച്ചു.
101 അംഗ കൺവെൻഷൻ ക്വയർ മനോഹരമായ ഗാനങ്ങൾ ആലപിച്ച് ജനലക്ഷങ്ങൾ പങ്കെടുത്ത മഹാസംഗമം ഭക്തി സാന്ദ്രമാക്കി.

മലങ്കര മാർത്തോമാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സമാപന സന്ദേശത്തോടെ നിറഞ്ഞ മനസ്സിൽ,ദൈവീക ശക്തി നേടി, ആത്മ നിർവൃതിയാൽ “സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ, ഹല്ലേലുയ്യ പാടി സ്തുതിപ്പിൻ”…..എന്ന സമാപന ഗാനത്തോടെയും 13 ദശാബ്ദം പിന്നിടുന്ന മാരാമൺ കൺവെൻഷന് പരിസമാപ്തിയായി.

 

Print Friendly, PDF & Email

Leave a Comment

More News