വാഷിംഗ്ടണ്‍: ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി നീക്കിവച്ചിരുന്ന 21 മില്യൺ യുഎസ് ഡോളർ ഫണ്ട് റദ്ദാക്കാനുള്ള ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ (ഡോഗ്) തീരുമാനത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ഉയർന്ന താരിഫുകളും കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സാമ്പത്തിക സഹായത്തിന്റെ ആവശ്യകതയെ അദ്ദേഹം ചോദ്യം ചെയ്തു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട 21 മില്യൺ ഡോളർ ധനസഹായം റദ്ദാക്കാൻ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പ് (DOGE) അടുത്തിടെ തീരുമാനിച്ചിരുന്നു. ഈ ധനസഹായം ബൈഡൻ ഭരണകൂടം അംഗീകരിച്ചതാണ്. ഇന്ത്യയിലെ വോട്ടിംഗ് വർദ്ധിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
മാർ-എ-ലാഗോയിൽ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ച ശേഷമാണ് ട്രംപ് “എന്തിനാണ് നമ്മൾ ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നത്” എന്നു ചോദിച്ചത്. “അവര്‍ക്ക് ധാരാളം പണമുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മളുടെ കാര്യത്തിൽ, അവരുടെ താരിഫ് വളരെ ഉയർന്നതായതിനാൽ നമ്മള്‍ക്ക് അവിടെ പ്രവേശിക്കാൻ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്, പക്ഷേ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ 21 മില്യൺ ഡോളർ നൽകുന്നത് ശരിയാണോ?,” ട്രംപ് പറഞ്ഞു.
ഇന്ത്യയുടെ വർദ്ധിപ്പിച്ച താരിഫ് സംബന്ധിച്ച് ട്രംപ് നിരവധി തവണ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ താരിഫ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സാമ്പത്തിക വിദഗ്ദ്ധൻ സഞ്ജീവ് സന്യാൽ, ഇന്ത്യയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള DOGE തീരുമാനത്തെക്കുറിച്ച് അഭിപ്രായപ്പെടുകയും, യുഎസ്എഐഡി മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ പരാമർശം.
ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ചെലവഴിച്ച 21 മില്യൺ ഡോളറും ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്താൻ ചെലവഴിച്ച 29 മില്യൺ ഡോളറും ആർക്കാണ് ലഭിച്ചതെന്ന് അറിയണമെന്ന് സന്യാൽ ഒരു ട്വീറ്റിൽ പറഞ്ഞു. “നേപ്പാളിലെ സാമ്പത്തിക ഫെഡറലിസം മെച്ചപ്പെടുത്താൻ ചെലവഴിച്ച 29 മില്യൺ ഡോളർ പോലും ആർക്കാണ് ലഭിച്ചതെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് USAID,” അദ്ദേഹം പറഞ്ഞു.