വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നിരവധി തവണ ചർച്ചകൾ നടന്നത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ജിൻപിംഗ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ഇരുവരുടെയും സൗഹൃദത്തിന് പരിധികളില്ലെന്ന് പറയുകയും ചെയ്തു. ചൈനയ്‌ക്കെതിരായ അമേരിക്കയുടെ കർശന നിലപാടുകൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. റഷ്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിൽ വാഷിംഗ്ടൺ വിള്ളൽ സൃഷ്ടിച്ചേക്കുമെന്നാണ് അദ്ദേഹം ഭയപ്പെടുന്നത്.
റഷ്യയുടെ ഉക്രെയ്‌ന്‍ അധിനിവേശത്തിന്റെ മൂന്നാം വാർഷികാഘോഷ വേളയിലാണ് തിങ്കളാഴ്ച ജിൻപിംഗും പുടിനും തമ്മിൽ ഫോൺ സംഭാഷണം നടന്നത്. ട്രംപുമായുള്ള ചർച്ചകളെക്കുറിച്ച് പുടിൻ ജിൻപിംഗിനെ വിശദമായി അറിയിച്ചു. ഉക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനായി ട്രംപ് വാദിക്കുന്ന സമയത്താണ് ഇരു നേതാക്കളും തമ്മിലുള്ള ഈ സംഭാഷണം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഏതൊരു രാജ്യത്തും ‘ഇടനിലക്കാരന്റെ വേഷമണിഞ്ഞ്’ ആ രാജ്യത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ട്രംപ്, റഷ്യയ്ക്കും ചൈനയ്ക്കും ഇടയിൽ ഒരു വിള്ളൽ വീഴ്ത്തി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കാമെന്ന സാധ്യത ഉയർത്തിയിട്ടുണ്ട്.
ഇരു നേതാക്കളും തങ്ങളുടെ പങ്കാളിത്തത്തിന്റെ സ്ഥിരതയെയും “ദീർഘകാല” സ്വഭാവത്തെയും അടിവരയിട്ടുവെന്ന് ഷി ജിൻപിംഗിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാം കക്ഷിയുടെ സ്വാധീനമില്ലാത്ത “ആന്തരിക ചലനാത്മകത” ഈ പങ്കാളിത്തത്തിനുണ്ട്. “ചൈന-റഷ്യ ബന്ധങ്ങൾക്ക് ശക്തമായ ആന്തരിക പ്രേരകശക്തിയും അതുല്യമായ തന്ത്രപരമായ മൂല്യവുമുണ്ട്, അവ മൂന്നാം കക്ഷിയെ ലക്ഷ്യം വയ്ക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ചൈനയുടെയും റഷ്യയുടെയും വികസന തന്ത്രങ്ങളും വിദേശനയങ്ങളും ദീർഘകാലാടിസ്ഥാനത്തിലുള്ളതാണ്,” ഷി ജിന്‍പിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം വേർപെടുത്താൻ കഴിയാത്ത നല്ല അയൽക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.