സാൻ ഫ്രാൻസിസ്കോ: ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിനായി ആരംഭിച്ച മൂന്ന് ക്ലിനിക്കുകൾ അടച്ചുപൂട്ടി. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) നൽകിയിരുന്ന ധനസഹായം നിർത്തിയതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ ഫണ്ടിംഗ് വെട്ടിക്കുറവ് ഏകദേശം 5,000 പേരുടെ ആരോഗ്യ സംരക്ഷണത്തെ ബാധിച്ചു. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ എല്ലാ വിദേശ സഹായങ്ങളും നിർത്തിവച്ചിരുന്നു. അമേരിക്കൻ നികുതിദായകരുടെ പണം ഉപയോഗിച്ച് ധനസഹായം നൽകുന്ന എല്ലാ പദ്ധതികളും പുനഃപരിശോധിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്.
ഇന്ത്യയിൽ വോട്ടർ ബോധവൽക്കരണത്തിനായി 21 മില്യൺ ഡോളർ ചെലവഴിച്ചെന്ന് ആരോപിച്ച് ട്രംപ് നേരത്തെ സംഘടനയെ വിമർശിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഈ സംഭവം ഇന്ത്യയിലും അമേരിക്കയിലും രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടു. ട്രംപിന്റെ സഖ്യകക്ഷിയായ ഇലോൺ മസ്‌കും റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡിയും ഇത്തരം ധനസഹായത്തെ വിമർശിച്ചു. ഇതെല്ലാം സംഭവിക്കുന്നത് അമേരിക്കൻ നികുതിദായകരുടെ പണം കൊണ്ടാണെന്ന് ഇന്ത്യയെ പരിഹസിച്ച് മസ്ക് എക്സില്‍ കുറിച്ചു.
‘മിത്ര’ എന്നറിയപ്പെട്ടിരുന്ന ഈ ക്ലിനിക്കുകൾ പ്രധാനമായും ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ നിന്നുള്ള ഡോക്ടർമാരും കൗൺസിലർമാരും മറ്റ് ജീവനക്കാരുമാണ് നടത്തിയിരുന്നത്. ഹൈദരാബാദ്, കല്യാൺ, പൂനെ എന്നീ നഗരങ്ങളിലാണ് ഈ ക്ലിനിക്കുകൾ സ്ഥിതി ചെയ്യുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഈ ക്ലിനിക്കുകൾ ഏകദേശം 5,000 ആളുകൾക്ക് സേവനങ്ങൾ നൽകുന്നു. അതിൽ ഹോർമോൺ തെറാപ്പി, മാനസികാരോഗ്യ കൗൺസിലിംഗ്, എച്ച്ഐവി, മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൗൺസിലിംഗ്, നിയമ സഹായം, പൊതു വൈദ്യ പരിചരണം എന്നിവ ഉൾപ്പെടുന്നു.
ഓരോ ക്ലിനിക്കിനും പ്രതിവർഷം ഏകദേശം 30 ലക്ഷം രൂപ ആവശ്യമാണെന്നും ശരാശരി 8 ജീവനക്കാരുണ്ടെന്നും മാധ്യമ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ധനസഹായം നിലച്ചതോടെ, ഈ ക്ലിനിക്കുകൾ ഇപ്പോൾ താത്ക്കാലികമായി അടച്ചുപൂട്ടുകയും ബദൽ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുകയുമാണ്.