‘എഴുത്തച്ഛൻ’ – പ്രവാസി നാടക ചരിത്രത്തിലെ നാഴികക്കല്ല്: ജോസൻ ജോർജ്ജ്, ഡാളസ്

ജീവിതത്തിലെ അപൂർവ സുന്ദരമായ ഒരു സായാഹ്നമായിരുന്നു സെപ്റ്റംബർ 16, 2023 ശനിയാഴ്ച, ഡാളസ്സിൽ. അതിനു കാരണമായത് ഡാളസിലെ ഭരതകലാ തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ സംരംഭമായ ‘എഴുത്തച്ഛൻ ‘ എന്ന നാടകം “ലിറ്റ് ദി വെ” എന്ന ചാരിറ്റി സംഘടനയുമായി ചേർന്ന് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഡാളസ് /ഫാർമേഴ്‌സ് ബ്രാഞ്ച് സിറ്റിയിലെ മനോഹരമായ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ അതി വിശാലമായ പെർഫോമൻസ് ഹാളിൽ ആയിരുന്നു ‘എഴുത്തച്ഛൻ ‘ എന്ന ചരിത്ര നാടകത്തിന്റെ പ്രഥമ പ്രദർശനത്തിന് തിരി തെളിഞ്ഞത്.

ഡാളസ്സിലെ കലാ -സാംസ്കാരിക – സാമൂഹ്യ രംഗങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളുടെയും, ഡാളസ്സിലെ കലാസ്വാദകരുടയും നിറഞ്ഞ സാന്നിധ്യത്തിൽ

“എഴുത്തച്ഛൻ ” എന്ന ചരിത്ര പുരുഷന്റെ സംഭവബഹുലമായ ജീവിത കഥ അരങ്ങിൽ ചുരുളഴിഞ്ഞപ്പോൾ കാണികളെ ഒന്നടങ്കം പഴയ സാമൂതിരിയുടെ കാലത്തെ വെട്ടത്തു നാട്ടിലേക്കും, എഴുത്തച്ഛന്റെ ജന്മനാടായ തൃക്കണ്ടിയൂർ നാട്ടിലേക്കും ( തുഞ്ചൻ പറമ്പ് സ്ഥിതി ചെയ്യുന്ന തെക്കൻ മലബാറിലെ ഇന്നത്തെ തിരൂർ മുനിസിപ്പാലിറ്റി ) ഒരു മടക്കയാത്രയ്ക്ക് കളമൊരുക്കുകയാണുണ്ടായത്.

പ്രശസ്ത സാഹിത്യകാരനായ സി.രാധാകൃഷ്ണന്റെ ചരിത്ര നോവൽ ആയ “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്ന പ്രസിദ്ധ നോവലിന്റെ നാടകാവിഷ്കാരമാണ് ‘എഴുത്തച്ഛൻ’ എന്ന നാടകം.

പ്രഗത്ഭനായ ഒരു നോവലിസ്റ്റിന്റെ, വളരെയധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത, 470 -ൽ പരം പേജുകളുള്ള ഒരു ചരിത്ര നോവൽ വെറും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു സമ്പൂർണ്ണ നാടകമായി പുനരാവിഷ്കരിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല. മൂലകൃതി ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ ആണെങ്കിൽ , നാടകകൃത്ത് ആ ‘തിരുമധുരം’ തന്റെ പ്രതിഭയുടെ ചക്കിൽ ആട്ടിയെടുത്ത ശുദ്ധതിലദ്രവം ആയ ‘എഴുത്തച്ഛൻ’ എന്ന നാടകമായി കലാലോകത്തിനു പകർന്നു നൽകി എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. കഥാപാത്ര

രചനയിലും, സംഭാഷണത്തിലും ഇരുത്തം വന്ന ഒരു നാടക രചയിതാവാണ് താനെന്നു സന്തോഷ് പിള്ള തെളിയിച്ചു.

കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ കലാകാരന്മാരെ കണ്ടെത്തി രംഗത്തവതരിപ്പിക്കുന്നതിലും, കഥാതന്തുവിന്റെ വൈകാരികതയും തുടർച്ചയും ഒട്ടും നഷ്ടപ്പെടാതെ ഓരോ രംഗങ്ങളും അടുക്കോടും ചിട്ടയോടും കൂടെ അവതരിപ്പിക്കുന്നതിലും സംവിധായകനായ ഹരിദാസ് തങ്കപ്പനും വിജയിച്ചു എന്നതിൽ തർക്കമില്ല. ചാർളി അങ്ങാടിശ്ശേരിയും, ജയമോഹനും സംവിധാന സഹായികളായി പ്രവർത്തിച്ചു.

സന്തോഷ് പിള്ളയും, ഹരിദാസും കൂടാതെ, ‘എഴുത്തച്ഛൻ’ എന്ന നാടകരചനയുടെ തുടക്കം മുതൽ അതിന്റെ അരങ്ങേറ്റം വരെയുള്ള എല്ലാ തലങ്ങളിലും നിർണായക പങ്കു വഹിച്ച പ്രതിഭാധനനായ

ഒരു വ്യക്തിയാണ് ജെയ്‌മോഹൻ. മുപ്പിരിചരടുപോലെ ദൃഢമായ ഒരു സുഹൃദ്ത്രയത്തിന്റെ , ( സന്തോഷ്, ഹരിദാസ്, ജെയ്‌മോഹൻ ) കഠിനാദ്ധാനത്തിന്റെ ആകെത്തുകയാണ് ‘എഴുത്തച്ഛൻ’.

ഓരോ കഥാപാത്രങ്ങളും പരസ്പരം മത്സരിച്ചു അഭിനയിച്ചപ്പോൾ അത് നാടകത്തിന്റെ പൂർണ്ണതയിലേക്കുള്ള കുതിപ്പായി എന്ന് വേണം വിലയിരുത്തുവാൻ. ‘എഴുത്തച്ഛൻ ‘ എന്ന കേന്ദ്ര കഥാപാത്രം, രാജേഷ് കൈമൾ എന്ന അതുല്യ കലാകാരനിലൂടെ ഡാളസ്സിൽ പുനർജ്ജനിച്ചപ്പോൾ ഡാളസ്സിലെ മാത്രമല്ല അമേരിക്കൻ മലയാളികൾക്ക് മുഴുവൻ അഭിമാനിക്കുവാൻ മതിയായ ഒരു പുത്തൻ താരോദയത്തിന് ഡാളസ്സിലെ മലയാളികൾ സാക്ഷികളായി. നാടകത്തിനു തിരശീല വീണിട്ടും കാണികൾ ഒന്നടങ്കം എഴുനേറ്റു നിന്ന് നിലക്കാത്ത കരഘോഷം മുഴക്കിയപ്പോൾ, നാടകകൃത്തിനും, ഭരതകല തീയറ്റേഴ്സിലെ ഓരോ കലാകാരന്മാർക്കും അഭിമാനത്തിന്റെ നിമിഷങ്ങളായി.

രാജേഷ് കൈമൾ എന്ന കലാകാരൻ അഭിനയിക്കുകയായിരുന്നില്ല , മറിച്ച്, നാടകത്തിലുടനീളം എഴുത്തച്ഛനായി പരകായപ്രവേശം നടത്തുകയായിരുന്നു.

നാടകത്തിന്റെ അവസാനം ‘എഴുത്തച്ഛൻ’ നമ്രശിരസ്കനായി തൊഴുകൈകളോടെ വേദിയിൽ നിന്നിറങ്ങി കാണികൾക്കിടയിലൂടെ നടക്കുന്ന രംഗം അതീവ ഹൃദ്യമായി. അക്ഷരാർത്ഥത്തിൽ തന്നെ എഴുത്തച്ഛൻ മലയാളി മനസ്സിലേക്ക് നടന്നു കയറുകയായിരുന്നു – ആ നിമിഷം.

എഴുത്തച്ഛനോടൊപ്പം നാടകത്തിലുടനീളം തന്റെ സാന്നിധ്യം അറിയിച്ച മറ്റൊരു കഥാപാത്രമായിരുന്നു “എഴുത്തച്ഛന്റെ സഹോദരിയായ ‘സീത ഓപ്പോൾ . സ്ത്രീത്വത്തിന്റെ “നിർമ്മലതയും വിഹ്വലതകളും നിസ്സഹായതയും ഒക്കെ മിന്നിമറയുന്ന ആ കഥാപാത്രം തന്റെ സഹോദരന്റെ ദുരവസ്ഥതകളിൽ, തങ്ങളെ ചൂഷണം ചെയ്യുന്നവർക്ക് നേരെ സധൈര്യം മൂർച്ചയേറിയ വാക്ശരങ്ങൾ പ്രയോഗിക്കുവാൻ മടിക്കുന്നില്ല. “സീതയോപ്പോൾ” എന്ന കഥാപാത്രം ,ദീപ്തി റോയ് എന്ന അനുഗ്രഹീത കലാകാരിയിൽ സുരക്ഷിതമായിരുന്നു.

‘നമ്പി’ ആയി രംഗത്ത് വന്ന ചാർളി അങ്ങാടിശ്ശേരി, ഇരുത്തം വന്ന ഒരു നാടക നടനാണ് താനെന്നു ഒരിക്കൽ കൂടി തെളിയിച്ചു. പലപ്പോഴും മലയാള സിനിമയിലെ തിലകൻ ചേട്ടനെ ഓർമ്മപ്പെടുത്തുന്നതായിരുന്നു ചാർളി യുടെ പ്രകടനം. “മുനയൂർ തിരുമേനി” ആയി വന്ന, സംവിധായകൻ കൂടിയായ ഹരിദാസ് തങ്കപ്പനും തന്റെ അഭിനയ മികവിലൂടെ കാണികളുടെ കയ്യടി നേടി.

അമ്മാവനായും, ആഴ്വാഞ്ചേരി തമ്പുരാനായും, ശ്രീ രാമ ഭഗവാനായും മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ രംഗത്ത് വന്ന മനോജ് ബൽരാജ് കാണികളുടെ കണ്ണും കരളും കവർന്നു.

യോദ്ധാവായ ഉണ്ണി എന്ന കഥാപാത്രത്തിന്റെ വേഷമെടുത്ത ജോബി വറുഗീസ്, ആകാരവടിവും, അംഗവിക്ഷേപങ്ങളും, കായിക ബലവും പ്രകടിപ്പിച്ചുകൊണ്ട് ശരിക്കും ഒരു യോദ്ധാവായി പരിണമിക്കുകയായിരുന്നു.

നാടകത്തിന്റെ തുടക്കത്തിൽ രംഗത്ത് വന്ന മുത്തശ്ശിയും (നിഷ മാത്യുസ് ), മാളു എന്ന പേരകുട്ടിയും ( അമേയ വിമൽ ), എഴുത്തച്ഛന്റെ കുട്ടികാലം അവതരിപ്പിച്ച ബാലനടൻ (അൾസ്റ്റാർ അനശ്വർ മാംബള്ളി) തുടങ്ങി എല്ലാ നടീ-നടന്മാരും തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണമായും നീതി പുലർത്തി. പ്രശംസനീയമായ നിലയിൽ മറ്റുവേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേതാക്കൾ:

കുട്ടേട്ടൻ – രാധാകൃഷ്ണ കൈമൾ, ഭടൻ- സുധീർ പക്കവത്ത്, പൊയ്യപ്പന്തൽ തിരുമേനി- കന്നടക്കാരനായ അനന്ത് കുമാർ, രാവുണ്ണി – ജയ് കുമാർ, ജലാലു മൂപ്പൻ-ജയ്‌സൺ ആലപ്പാട്ട്, മൂപ്പിൽ നായർ-ബെന്നിമറ്റക്കര, കാര്യസ്ഥൻ- ശ്രീകുമാർ മഡോലിൽ, പിഷാരഡി- ഡോ സുരേഷ് മാർഗ്ഗശ്ശേരി എന്നിവരാകുന്നു. അങ്ങനെ കഥാപാത്ര സന്നിവേശം കൊണ്ട് കാണികളെ ഒന്നര മണിക്കൂർ തുഞ്ചൻ പറമ്പിലേക്ക് കൂട്ടികൊണ്ടു പോകുന്നതിൽ ഭരത കലാ തീയറ്റേഴ്സിലെ ഓരോ കലാകാരന്മാരും അണിയറ പ്രവർത്തകരും അങ്ങേയറ്റം വിജയിച്ചു എന്ന് തന്നെ പറയാം.

ഈ അപൂർവ വിജയത്തിന്റെ പിന്നിൽ ‘എഴുത്തച്ഛന്റെ’ നാഡീസ്പന്ദനം സാകൂതം നിരീക്ഷിച്ചു അണിയറയിലും അരംഗത്തും വേണ്ട നിർദേശങ്ങളും സാമഗ്രികളും വേണ്ട സമയത്തു എത്തിക്കുന്നതിൽ ദത്തശ്രദ്ധയായി നിലകൊണ്ട സ്റ്റേജ് മാനേജർ ആയ ശ്രീമതി ഹിമ രവീന്ദ്രനാഥും സഹപ്രവർത്തകരായ സുനിത ഹരിദാസ്, സൗമ്യ ജയ്, ദേവി പിള്ള എന്നിവരും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

കേരളത്തിലെ പ്രൊഫഷണൽ നാടക വേദികളുടെ രംഗസജ്ജീകരണങ്ങളെ വെല്ലുന്ന തരത്തിൽ, ആധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി ചലനാൽമകങ്ങളായ രംഗപടങ്ങളിലൂടെ കാണികളെ അത്ഭുതപ്പെടുത്തുന്നതിൽ കലാസംവിധാനം നിർവഹിച്ച ജെയ്‌മോഹനും കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി. ഓളങ്ങൾ താളം തുള്ളി ഒഴുകികൊണ്ടേയിരിക്കുന്ന നിളാനദിയും, കത്തിയമരുന്ന വെട്ടത്തു തറവാടും , കലാ-സംവിധായകന്റെ മികവിനുള്ള തെളിവുകളാണ്. പതിനാറാം നൂറ്റാണ്ടിലെ തനതു വസ്ത്രാലങ്കാരവും ചമയങ്ങളും നാടകത്തിന്റെ മാറ്റുകൂട്ടി. ചാർളി, അനശ്വർ, ബെന്നി, മെറിൻ രോഹിത്, എന്നിവരാണ് ചമയങ്ങൾ നിർവഹിച്ചത്. ഈ നാടകത്തിലെ പ്രധാന ആകർഷണമായ മരചക്ക്, പലകയിൽ നിന്നും നിർമ്മിച്ചെടുത്ത അനിൽ ഭാസ്കരൻ, തന്റെ പ്രതിഭ, നിർമ്മാണ പ്രവർത്തിലാണെന്ന് ചക്ക് നിർമ്മിതിയിലൂടെ തെളിയിച്ചു. നാടകത്തിന്റെ ശബ്ദരേഖ തയ്യാറാക്കിയത്, അനേകം ചലച്ചിത്രങ്ങൾക്ക് ശബ്ദം പകർന്നുനല്കിയിട്ടുള്ള നൗഷാദ് ഇബ്രാഹിമും സംഘാങ്ങളുമാകുന്നു. അതേപോലെ, നിരവധി ചലച്ചിത്രങ്ങളുടെ രംഗപടം VFX സാങ്കേതിക വിദ്യയിൽ തയ്യാറാക്കുന്ന ജിഷ്ണുവിന്റെ സേവനം എഴുത്തച്ഛൻ നാടകത്തിന് ലഭ്യമായത്, “നദികളിൽ സുന്ദരി യമുന” എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവ് വിലാസ് കുമാറിന്റെ സഹായത്താലാകുന്നു. ഡാലസിലെ അറിയപ്പെടുന്ന ഹ്രസ്വ ചലച്ചിത്ര നിർമ്മാതാവായ ജിജി സ്കറിയ നാടകത്തിനുവേണ്ടി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനും ശബ്ദ വെളിച്ച നിയന്ത്രണങ്ങൾക്കുമെല്ലാം നിർലോഭ സഹകരണമാണ് നൽകിയത്. തീഷ്ണമായ വൈകാരിക നിമിഷങ്ങൾ പ്രേക്ഷകരുടെ ഉള്ളിനുള്ളിലേക്ക് അലിഞ്ഞുചേരാൻ പാകത്തിനുള്ള ഗാനങ്ങൾ ഈ നാടകത്തിന്റെ മറ്റൊരു സവിശേഷത ആകുന്നു. സിജു വി ജോർജ്ജ്, ഹരിദാസ് തങ്കപ്പൻ, സജികുമാർ കുഴിമറ്റം എന്നിവർ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അശ്വിൻ രാമചന്ദ്രൻ ആകുന്നു. കാർത്തിക പ്രശാന്തും രാജേഷ് നായരുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ദീർഘനാളത്തെ സംഗീത സപര്യയിലൂടെ ആർജിച്ച അനുഭവസമ്പത്ത് എഴുത്തച്ഛൻ നാടകത്തിന്റെ പാശ്ചാത്തല സംഗീതമൊരുക്കുവാൻ ഷാലു ഫിലിപ്പ് വിനിയോഗിച്ചിരിക്കുന്നത് നാടകത്തിന്റെ വൻ വിജയത്തിനു കാരണമായിത്തീർന്നു.

ഈ ഒരൊറ്റ നാടകം കൊണ്ട് അമേരിക്കൻ പ്രവാസി മലയാളികൾക്ക് എന്നും അഭിമാനിക്കുവാൻ ഉതകുന്ന ഒരു കലാസൃഷ്ടി ലഭിച്ചു. ഡാളസ്സിലെ മലയാളികൾ, കൃതഹസ്തനായ ഒരു നാടകകൃത്തിനെ അധവാ മറ്റൊരു അഭിനവ “എഴുത്തച്ഛൻ ‘ എന്ന് അറിയപ്പെടാൻ എന്തുകൊണ്ടും യോഗ്യനായ സന്തോഷ് പിള്ളയെ എന്നെന്നും നെഞ്ചോട് ചേർത്ത് വെയ്ക്കും എന്ന് നിസ്സംശയം പറയാം.

ഒരു കലാ സൃഷ്ടിയുടെ ആദ്യ അരങ്ങേറ്റ വേദിയിൽ സാദാരണ സംഭവിക്കാനിടയുള്ള ചുരുക്കം ചില സാങ്കേതിക വീഴ്ചകൾ മാറ്റിനിർത്തിയാൽ “എഴുത്തച്ഛൻ” എന്ന നാടകം അപൂർവങ്ങളിൽ അപൂർവമായ ഒരു വൻ വിജയത്തിന്റെ ജൈത്രയാത്രയുടെ തുടക്കം കുറിച്ചിരിക്കുകയാണ്. “എഴുത്തച്ഛനും’ സഹപ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു .

Print Friendly, PDF & Email

Leave a Comment

More News