തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 100 കോടി രൂപയുടെ ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ട്. സർക്കാർ രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ ഇത് തിരിച്ചടയ്ക്കാം. ബാക്കി തുക ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നും നൽകുമെന്ന് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
വിവിധ ഘട്ടങ്ങളിലായി ഏകദേശം 10,000 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പുതിയ പരിഷ്കാരങ്ങളിലൂടെ കെഎസ്ആർടിസിയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകാൻ ജീവനക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
2023 മെയ് വരെയുള്ള എല്ലാ പെൻഷൻ ആനുകൂല്യങ്ങളും നൽകി. വരുമാനത്തിന്റെ 5 ശതമാനം പെൻഷൻ നൽകാൻ എല്ലാ ദിവസവും നീക്കിവയ്ക്കുന്നു. 2024 സെപ്റ്റംബർ വരെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നൽകാനാകും. 2023 മെയ് വരെ ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളായി 93.44 കോടി രൂപ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള കുടിശ്ശിക തീർക്കാൻ ജീവനക്കാരുടെ ആനുകൂല്യ വിഭാഗത്തിന് കീഴിൽ 262.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ കുറക്കാൻ സിഎംഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും. 143 ബസുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ കടമുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍