കാസർഗോഡ്: മത മൈത്രിയും മത സൗഹാര്‍ദ്ദവവും കൈവിടാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമെന്ന് പേരുകേട്ട കേരളത്തില്‍ റംസാന്‍ മാസമായതോടെ നോമ്പു തുറയും ഇഫ്താര്‍ വിരുന്നും പല സംഘടനകളും സംഘടിപ്പിക്കാറുണ്ട്. ഇത്തവണ കാസര്‍ഗോഡ് നീലേശ്വരം, പള്ളിക്കര, കേണമംഗലം കഴകം, തൃക്കരിപ്പൂർ രാമവില്യം കഴകം എന്നിവിടങ്ങളിലാണ് മതമൈത്രിയുടെ സന്ദേശം ഉയർത്തി നോമ്പ് തുറ സംഘടിപ്പിച്ചത്. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലാണ് ഈ അപൂര്‍വ്വ ഇഫ്താര്‍ നടന്നത്. ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര നടയിൽ ഒരുമിച്ചിരുന്നാണ് നോമ്പു തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്.
വൈകിട്ടോടെ മുസ്‌ലിം സഹോദരങ്ങൾ എത്തി തുടങ്ങി. ക്ഷേത്രം ഭാരവാഹികൾ സ്നേഹത്തോടെ സ്വീകരിച്ച് ഇരുത്തി. സൗഹൃദങ്ങൾ പങ്കിട്ട് കുശലാന്വേഷണം നടത്തി. ബാങ്ക് വിളി തുടങ്ങിയതോടെ ക്ഷേത്ര മുറ്റം പ്രാർഥനാ നിർഭരമായി. തെയ്യക്കോലങ്ങൾ ഉറഞ്ഞാടുന്ന ക്ഷേത്ര മുറ്റത്ത് മത മൈത്രിയുടെ സൗഹൃദം ഊട്ടിയുറപ്പിച്ച് കൊണ്ടായിരുന്നു നോമ്പ് തുറ. ക്ഷേത്രങ്ങളിൽ സാധാരണ നോമ്പ് തുറ നടക്കാറുണ്ടെങ്കിലും പെരുങ്കളിയാട്ടം നടക്കുന്ന സ്ഥലത്ത് അപൂർവ്വമാണിത്. ജാതി മതഭേദമന്യേ നിരവധി പേർ ഇഫ്‌താര്‍ വിരുന്നില്‍ പങ്കെടുത്തു.
ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനത്തിലുള്ള ഭക്ഷ്യസാധനങ്ങളെല്ലാം പള്ളി കമ്മിറ്റി അംഗങ്ങള്‍ ഇഫ്‌താര്‍ വിരുന്നില്‍ കൈമാറി. മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് കലവറയിലേക്ക് സാധനങ്ങള്‍ കൈമാറിയത്. 13 മഹല്ലുകളിലും നേരിട്ട് എത്തിയാണ് ഞങ്ങൾ ഇവരെ ഇഫ്‌താറിന് ക്ഷണിച്ചതെന്ന് ക്ഷേത്രം ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. കെപി ജയരാജൻ പറഞ്ഞു. നമ്മുടെ നാട് ബഹുസ്വരതയുടേതാണ്. അത് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
ഇഫ്‌താര്‍ വിരുന്നിന് ശേഷം ഇതെത്ര മനോഹരമായിരുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കാസർകോട് നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊണ്ട് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തു.
ചുറ്റുഭാഗങ്ങളിലെ മഹല്ലുകളിലൊക്കെ നേരിട്ട് പോയി ക്ഷണിക്കുകയും അവരൊക്കെ പങ്കെടുക്കുകയും ചെയ്‌ത ഇഫ്‌താർ സംഗമം ഏറെ ഹൃദ്യമായിരുന്നു. പ്രൊഫസർ ജയരാജന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്‌താറിലേക്ക് പതിമൂന്നോളം മഹല്ലുകൾ അരിയും മറ്റ് വിഭവങ്ങളും നൽകി. സ്നേഹവും സൗഹൃദവും പങ്കുവയ്‌ക്കുന്ന ഇത്തരത്തിലുള്ള സംഗമങ്ങൾ നമുക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കലുഷിതമായ വർത്തമാന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കാഴ്‌ചകളാണ് ഹൃദയത്തിന് കുളിർമയേകുന്നതെന്നും അദ്ദേഹം കുറിച്ചു.
ഇഫ്‌താർ വിരുന്നിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും മതസൗഹാർദം ഇവിടെ കാണാനാകും. പ്രളയത്തിന്‍റെ സമയത്ത് പള്ളികളിൽ താമസിച്ചവരാണ് ഇവിടെയുള്ളവരെന്നും സുബൈർ ചിറമ്മൽ പറഞ്ഞു. അത്രത്തോളം സ്നേഹം നമുക്കിടയിൽ ഉണ്ട്. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്.
ക്ഷേത്രത്തിലെ ഉത്സവത്തിൽ എല്ലാവിധ സഹായവും സഹകരണവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരിൽ നടന്ന ഇഫ്‌താര്‍ വിരുന്നിന് വൾവക്കാട് ജമാഅത്ത് ഇമാം അസ്‌വാഖ് ഹുദവി നേതൃത്വം നൽകി. രാജ്മോഹൻ ഉണ്ണിത്താനും പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കൂലേരി മുണ്ട്യയിൽ നിന്നുള്ള കലവറ ഘോഷയാത്രയ്ക്ക് ബീരിച്ചേരി പള്ളി കമ്മിറ്റി സ്വീകരണം ഒരുക്കിയിരുന്നു. പെരുങ്കളിയാട്ടത്തിന് ആശംസാ ബാനർ സ്ഥാപിച്ച് ഒളവറ മുഹയുദ്ദീൻ ജുമാ മസ്‌ജിദ് കമ്മിറ്റിയും മാതൃകയായി.