വാഷിംഗ്ടണ്‍: ജനുവരി 20 ന് അധികാരമേറ്റതിനു ശേഷമുള്ള തന്റെ രണ്ടാം ടേമിനെക്കുറിച്ചുള്ള കണക്ക് അവതരിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. അയൽരാജ്യങ്ങളായ കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്തി വാഷിംഗ്ടൺ വ്യാപാര യുദ്ധം ആരംഭിച്ചതോടെ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസംഗം.
അമേരിക്ക സാമ്പത്തിക അനിശ്ചിതത്വത്തിലൂടെയും വ്യാപാര തർക്കങ്ങളിലൂടെയും കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസംഗം. ‘അമേരിക്കൻ സ്വപ്നത്തിന്റെ നവീകരണം’ തന്റെ പ്രധാന വിഷയമാക്കിയ ട്രംപ്, തന്റെ സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാണിച്ചു.
തന്റെ പ്രസംഗത്തിൽ ട്രംപ് മുന്‍ പ്രസിഡന്റ് ജോ ബൈഡനെയും രൂക്ഷമായി ആക്രമിച്ചു. “ബൈഡന്‍ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മോശം പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്ക ദുർബലമാവുകയും അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം വർദ്ധിക്കുകയും ചെയ്തു. ബൈഡൻ ഭരണകൂടത്തിൽ നടപ്പിലാക്കിയ തെറ്റായ നയങ്ങളിൽ നിന്ന് അമേരിക്ക ഇപ്പോൾ പുറത്തുകടക്കേണ്ടതുണ്ട്,” ട്രംപ് പറഞ്ഞു.
അമേരിക്ക ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. “അമേരിക്കയുടെ ബഹുമാനവും വിശ്വാസവും തിരിച്ചുവന്നിരിക്കുന്നു. നമ്മുടെ ആത്മവിശ്വാസം തിരിച്ചുവന്നിരിക്കുന്നു. മറ്റ് സർക്കാരുകൾക്ക് പതിറ്റാണ്ടുകളായി ചെയ്യാൻ കഴിയാത്തത് 43 ദിവസം കൊണ്ട് ഞങ്ങൾ ചെയ്തു.” അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പരാമർശിച്ചുകൊണ്ട്, അനധികൃത കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, ദേശീയ സുരക്ഷ എന്നിവയിൽ താൻ കടുത്ത തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും, അതുമൂലം രാജ്യം മുമ്പത്തേക്കാൾ ശക്തമായി മാറിയെന്നും ട്രംപ് പറഞ്ഞു.
കോൺഗ്രസിനെ സംയുക്തമായി അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം DOGE മേധാവി ഇലോൺ മസ്‌കിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. “DOGE സൃഷ്ടിക്കപ്പെട്ടു, നിങ്ങൾ അതിനെക്കുറിച്ച് കേട്ടിരിക്കാം. ഇന്ന് രാത്രി ഗാലറിയിൽ ഇലോൺ മസ്‌കാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇലോൺ, നന്ദി,” അദ്ദേഹം പറഞ്ഞു.