ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ചിത്രവീഥിയില്‍ ഹാരിപോട്ടര്‍ കഥാപരമ്പര പുനര്‍ജനിച്ചു!; ജീവന്‍തുടിക്കുന്ന ചിത്രങ്ങളുമായി വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ്

തിരുവനന്തപുരം: വിസ്മയ വരകള്‍ കൊണ്ട് വിഖ്യാത നോവല്‍ ഹാരിപോട്ടര്‍ പുനരാവിഷ്‌കരിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശന വീഥിയില്‍ ജീവന്‍തുടിക്കുന്ന, മിഴിവേകുന്ന ചിത്രങ്ങള്‍ 63 ദിവസങ്ങള്‍ കൊണ്ട് തങ്ങളുടെ കരവിരുതില്‍ ഭദ്രമാക്കിയ സന്തോഷത്തിലാണിവര്‍. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശകര്‍ക്ക് വാലി ഓഫ് ഹൊഗ്വാര്‍ട്ട്‌സ് എന്ന ചിത്രവീഥിയിലൂടെ ഹാരിപോട്ടര്‍ പരമ്പര ഇനി അനുഭവിച്ചറിയാം.

ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് ചിത്രവീഥി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രകലാവൈഭവം കണ്ടപ്പോള്‍ നിറങ്ങളില്‍ കുളിച്ച ഒരു പ്രതീതിയാണുണ്ടായതെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു.

പ്രതിഭകളെ വാര്‍ത്തെടുക്കുമ്പോഴാണ് ഒരു സ്ഥാപനം സാംസ്‌കാരികമായും സര്‍ഗപരമായും മുന്നേറുന്നത്. സ്ഥാപനത്തിന്റെ അന്തസത്ത വെളിവാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ കാണുവാന്‍ കഴിയുന്നത്. പ്രകൃതിയും കലയും സമ്മേളിക്കുന്ന അന്തരീക്ഷമാണ് ഇവിടെ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അവിടെ നിന്നും മനോഹരമായ സൃഷ്ടികള്‍ ഉണ്ടായിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രങ്ങള്‍ വരച്ച കുട്ടികളെയും അദ്ധ്യാപകരെയും മെമെന്റോ നല്‍കി ആദരിച്ചു. ഹാരിപോട്ടര്‍ കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ വര്‍ണബലൂണുകള്‍ ആകാശത്തേയ്ക്ക് പറത്തിവിട്ടാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്ററിലെ അഭിജിത്ത് പി.എസ്, അഖില്‍ എസ്.ആര്‍, അശ്വിന്‍ദേവ്, ജോമോന്‍ ജോസഫ്, അച്ചു.വി, സല്‍സബീന്‍ എന്‍.എസ്, ഗൗതംഷീന്‍, അഖിലേഷ് ആര്‍.എസ്, സായാമറിയം തോമസ്, പാര്‍വതി പി.വി, അശ്വിന്‍ഷിബു, ഷിജു ബി.കെ, മുഹമ്മദ് അഷീബ്, രാഹുല്‍ ശങ്കര്‍, ജാസ്മിന്‍ എന്നിവരും അദ്ധ്യാപകനായ സനല്‍ പി.കെ, സപ്പോര്‍ട്ടര്‍മാരായ പ്രതീക്ഷ, സുബിന്‍ എന്നിവരാണ് ചിത്രരചനയ്ക്ക് ചുക്കാന്‍ പിടിച്ചത്.

Print Friendly, PDF & Email

Leave a Comment

More News