ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ മലയാളി നഴ്സ് ലീലാമ്മ ലാലിനെതിരെ നടന്ന ആക്രമണം വംശീയ വിദ്വേഷമാണെന്ന് റിപ്പോര്‍ട്ട്. മാനസിക രോഗിയായ സ്റ്റീഫൻ സ്കാന്റിൽബറി (33) ആണ് ലീലാമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. “ഇന്ത്യക്കാർ മോശക്കാരാണ്, ഞാൻ ഒരു ഇന്ത്യൻ നഴ്സിനെ അടിച്ചു” എന്ന അയാളുടെ പരാമര്‍ശമാണ് ഇതൊരു വംശീയ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞത്. മര്‍ദ്ദനത്തില്‍ ലീലാമ്മയുടെ മുഖത്തെ എല്ലുകൾ മിക്കവാറും എല്ലാം തകര്‍ന്നിട്ടുണ്ട്. സംഭവത്തിന് ശേഷം, പ്രോസിക്യൂട്ടർമാർ അക്രമിക്കെതിരെ കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ കൂടി ചേർത്തിട്ടുണ്ട്, ഇത് അയാൾക്ക് കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കാൻ ഇടയാക്കുമെന്ന് അവര്‍ പറഞ്ഞു.
ഈ ഭയാനകമായ സംഭവം സൗത്ത് ഫ്ലോറിഡയിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായി. ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ ഒരു നഴ്‌സിനു നേരെ സമാനമായ ആക്രമണം ഉണ്ടായതിനെത്തുടർന്ന്, ആശുപത്രികളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് നഴ്‌സിംഗ് സമൂഹം ആവശ്യപ്പെട്ടിരുന്നു.
പാംസ് വെസ്റ്റ് ആശുപത്രിയിലാണ് സംഭവം നടന്നത്. മാനസികാരോഗ്യ പ്രതിസന്ധിയെ തുടർന്ന് 33 കാരനായ സ്റ്റീഫൻ സ്കാന്റിൽബറി എന്ന വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നഴ്‌സ് ലീലാമ്മ ലാൽ ചികിത്സിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അയാള്‍ അക്രമാസക്തനാകുകയും ലീലാമ്മയെ ആക്രമിക്കുകയും ആവർത്തിച്ച് ഇടിക്കുകയും മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. നഴ്‌സിനെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം അക്രമി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പക്ഷേ പോലീസ് ഉടൻ തന്നെ അയാളെ പിടികൂടി. അറസ്റ്റിനിടെ, താൻ ഒരു ഇന്ത്യൻ വംശജയായ നഴ്സിനെ മനഃപൂർവ്വം ആക്രമിച്ചതായി അയാൾ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നതനുസരിച്ച്, സ്കാൻറ്റിൽബറിക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകശ്രമം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഒരു വിദ്വേഷ കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ, പ്രതികൾക്ക് കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ ‘ബേക്കർ ആക്ട്’ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അതായത് മാനസികാരോഗ്യ പ്രതിസന്ധി കാരണം മനഃപൂർവ്വമല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഭീകരമായ ആക്രമണത്തിന് ശേഷം, ലീലാമ്മ ലാലിനെ ഗുരുതരാവസ്ഥയിൽ സെന്റ് മേരീസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, അവരുടെ മുഖത്തെ മിക്കവാറും എല്ലാ അസ്ഥികളും തകർന്നിരിക്കുന്നു, കൂടാതെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, മറ്റൊരു മലയാളി നഴ്സ് അച്ചാമ്മ ചെറിയാനും ബ്രിട്ടനിൽ ആക്രമിക്കപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ഇന്ത്യൻ പ്രവാസി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഫ്ലോറിഡയിലെ ഈ സംഭവം വംശീയ അക്രമത്തിന്റെ മറ്റൊരു ഭയാനകമായ ചിത്രമാണ് നല്‍കുന്നത്. ഇന്ത്യൻ വംശജരായ ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.