പ്രധാനമന്ത്രി മോദിയുടെ സുരക്ഷയ്ക്കായി വനിതാ സുരക്ഷാ ഉദ്യോഗസ്ഥവൃന്ദം; രാജ്യത്ത് ആദ്യത്തെ സംഭവം!

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഗുജറാത്തിലെ നവസാരി ജില്ലയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ക്രമീകരണങ്ങൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ ഏറ്റെടുക്കും. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇത് ആദ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ മോദി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെ സുരക്ഷാ ചുമതല വനിതാ പോലീസുകാർക്ക് മാത്രമായിരിക്കും.

വനിതാ പോലീസ് ഉദ്യോഗസ്ഥരിൽ 2,100-ലധികം കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്ടർമാർ, 61 ഇൻസ്പെക്ടർമാർ, 16 ഡിഎസ്പിമാർ, 5 എസ്പിമാർ, ഒരു ഐജി, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറിയുമായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കും.

ഗുജറാത്തിനെ സുരക്ഷിതമായ സംസ്ഥാനമാക്കി മാറ്റുന്നതിൽ സ്ത്രീകൾ എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന് വനിതാ ദിനത്തിൽ ഈ സംരംഭം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ ഗുജറാത്ത് സന്ദർശനമാണിത്. ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയിരുന്നു. അദ്ദേഹം ഗിർ ലയൺ സഫാരിയും അനന്ത് അംബാനിയുടെ വന്താരയും സന്ദർശിച്ചു.

നവ്‌സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ലഖ്പതി ദീദി സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയും ലഖ്പതി ദീദിയുമായി സംവദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകി അവരെ അഭിനന്ദിക്കുകയും ചെയ്യും. സംസ്ഥാന സർക്കാരിന്റെ ജി-സഫാൽ, ജി-മൈത്രി പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ഗ്രാമീണ ഉപജീവനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ജി-മൈത്രി സാമ്പത്തിക സഹായവും പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജി-സഫാൽ പദ്ധതി പ്രകാരം, ഗുജറാത്തിലെ അന്ത്യോദയ കുടുംബങ്ങളിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായവും സംരംഭകത്വ പരിശീലനവും നൽകും.

 

Print Friendly, PDF & Email

Leave a Comment

More News