കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനി എന്ന വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഷൈനിയുടെ ഫോൺ കേസിൽ നിർണായക തെളിവാണ്. മരണത്തിന് തലേദിവസം ഷൈനി തന്നെ വിളിച്ചതായി ഭർത്താവ് നോബി ലൂക്ക്സ് പറയുന്നു. ഈ ഫോൺ കോളിലെ ചില സംഭാഷണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു.
ഷൈനി ട്രെയിനിന് മുന്നിൽ ചാടിയ റെയിൽവേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കണ്ടെത്തിയില്ല. ഫോൺ എവിടെയാണെന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോൾ അവരും കൈമലര്‍ത്തി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
ഷൈനിയുടെ മാതാപിതാക്കള്‍ നൽകിയ മൊഴികൾ പോലീസ് പൂർണമായും അംഗീകരിച്ചിട്ടില്ല. വീട്ടിൽ ഷൈനിക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഷൈനിയുടെ പിതാവ് കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഫെബ്രുവരി 28 ന് രാവിലെയാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ആത്മഹത്യ ചെയ്തത്.