കണ്ണൂര്‍: ലഹരി വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ പ്രചാരണവും ബോധവൽക്കരണ ക്ലാസും ആരംഭിച്ചു.
എക്സൈസ് വകുപ്പുമായി സഹകരിച്ച് നടത്തുന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി കെ രത്നകുമാർ കല്ല്യാശ്ശേരി ആംസ്റ്റോക്ക് കോളേജിൽ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം അകറ്റി നിർത്താൻ യുവാക്കൾ ഉത്സാഹം കാണിക്കണമെന്നും സമൂഹത്തെക്കുറിച്ച് ബോധമുള്ള ആരും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഓഫീസർ എം രാജീവൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല പുറത്തിറക്കി. തുടർന്ന് വിദ്യാർത്ഥികൾക്കായി ഗോൾ കിക്ക് മത്സരം സംഘടിപ്പിച്ചു.
‘ലഹരിക്കെതിരെ ഗോളടിക്കാം, ക്യാമ്പസിൽ നിന്ന് തുടങ്ങാം’ എന്ന സന്ദേശവുമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കോളേജുകളിലാണ് ലഹരി വിരുദ്ധ മാർച്ചും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം കല്ല്യാശ്ശേരി ആംസ്റ്റോക്ക് കോളേജ്, കല്ല്യാശ്ശേരി ഇ കെ നായനാർ മോഡൽ പോളിടെക്നിക്, കണ്ണപുരം കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ കാമ്പസുകളിൽ ലഹരി വിരുദ്ധ മാർച്ച് നടന്നു. വ്യാഴാഴ്ച മാടായി കോളേജ്, നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, പിലാത്തറ സഹകരണ കോളേജ് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ മാർച്ച് സംഘടിപ്പിക്കും.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമ സുരേന്ദ്രൻ, സെക്രട്ടറി കെ സുനിൽകുമാർ, ആംസ്റ്റോക്ക് കോളേജ് ചെയർമാൻ എം വി രാജൻ, ബ്ലോക്ക് ജോയിന്റ് ബിഡിഒ ഷുക്കൂർ മുണ്ടയാട്ട് കിഴക്കേപുരയിൽ എന്നിവർ സംസാരിച്ചു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍