ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഐ.പി.സി. സഭകളുടെ 20- മത് കുടുംബ സംഗമത്തിൽ വചന സന്ദേശങ്ങൾ പകർന്നു നൽകാൻ പ്രശസ്തരും കൺവെൻഷൻ പ്രഭാഷകരുമായ പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ പി.ടി തോമസ്, പാസ്റ്റർ നിരൂപ് അൽഫോൻസ്, സിസ്റ്റർ അക്സാ പീറ്റേഴ്സൺ എന്നിവർ എത്തിചേരും. “ഇതാ അവിടുന്ന് വാതിൽക്കൽ” എന്ന കൺവെൻഷൻ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി അനുഗ്രഹീത പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും.
നോർത്ത് അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും, കോണ്‍ഫറന്‍സ് അഭ്യുദയകാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിലുള്ള റിവർക്രീ റിസോർട്ടിൽ വെച്ചാണ് നടത്തപ്പെടുന്നത്. ഒരുക്കത്തോടെ കടന്നുവരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേൽക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത്, ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളുമായി ഷെൽഡൻ ബെങ്കാര നയിക്കുന്ന പ്രെയ്സ് ആൻഡ് വർഷിപ്പ് ടീം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകളുടെയും പങ്കാളിത്തം കൊണ്ട് വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഹൂസ്റ്റണിൽ നിന്നുമുള്ള വിശ്വാസ സമൂഹത്തിനെ പങ്കെടുപ്പിച്ചുകൊണ്ട് പ്രമോഷണൽ യോഗവും സംഗീതസന്ധ്യയും ഏപ്രിൽ 20 ഞായറാഴ്ച വൈകിട്ട് 5.30 ന് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാ ഹാളിൽ വച്ച് നടത്തപ്പെടും. ഐ.പി.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഷിബിൻ സാമുവൽ മുഖ്യ പ്രഭാഷണം നടത്തും. കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ തുടങ്ങിയവർ കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികൾ വിശദീകരിക്കും. കോൺഫറൻസിന്റെ ദേശീയ പ്രതിനിധി ബ്രദർ ജോർജ് തോമസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
സമ്മേളനത്തില്‍ പങ്കെടുത്ത് സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
രജിസ്‌ട്രേഷന്‍ നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി ഏപ്രിൽ 30. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് (www.ipcfamilyconference.org) വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.
വാര്‍ത്ത: നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)