തൊടുപുഴ: തൊടുപുഴയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ബിജു എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ അറിയാവുന്ന പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് അറസ്റ്റിലായ എബിൻ. കൊലപാതകത്തിന്റെ തുടക്കം മുതൽ എബിന് കാര്യങ്ങൾ അറിയാമായിരുന്നു എന്ന് പോലീസ് പറയുന്നു.
ബിജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയെക്കുറിച്ച് എബിന് അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം എബിനെ ആദ്യം വിളിച്ചത് ജോമോനാണ്. ദൃശ്യം സിനിമയുടെ നാലാം ഭാഗം താൻ നടപ്പിലാക്കിയതായും അയാള്‍ എബിനോട് പറഞ്ഞു. ബിജുവിനെ തട്ടിക്കൊണ്ടുപോയതുൾപ്പെടെ എല്ലാ കാര്യങ്ങളും ജോമോൻ എബിനെ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചു.
മാർച്ച് 15 മുതൽ നടന്ന എല്ലാ ആസൂത്രണത്തിലും എബിൻ പങ്കാളിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊച്ചിയിൽ നിന്ന് ക്വട്ടേഷൻ സംഘാംഗങ്ങളെ കൊണ്ടുവന്ന ദിവസം ജോമോൻ എബിന് ചില വിവരങ്ങൾ നൽകിയിരുന്നു. ഓമ്‌നി വാൻ ലഭിക്കുമോ എന്ന് ജോമോൻ എബിനോട് ചോദിച്ചിരുന്നു. കുറ്റകൃത്യത്തിന് ശേഷം പുതിയ ഫോൺ വാങ്ങാൻ ജോമോന് പണം നൽകിയതും എബിനായിരുന്നു.
അന്വേഷണ സംഘം ഇരുവരുടെയും ശബ്ദ പരിശോധനയും പൂർത്തിയാക്കിയതായി അറിയിച്ചു. ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് എബിനെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോൻറെ ഭാര്യക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഒളിവിലാണെന്നാണ് വിവരം.