കപൂർത്തല: പഞ്ചാബിലെ കപൂർത്തലയിൽ ബൈശാഖി ഉത്സവത്തോടനുബന്ധിച്ച് ബിയാസ് നദിയിൽ കുളിക്കാൻ പോയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. അതേസമയം കാണാതായ രണ്ട് യുവാക്കൾക്കായി തിരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ നാല് യുവാക്കളും കുളിക്കാൻ ബിയാസ് നദിയിൽ പോയെന്നും അവിടെ വെച്ച് വെള്ളത്തിൽ മുങ്ങിയെന്നുമാണ് വിവരം. വിവരം ലഭിച്ചയുടനെ പ്രാദേശിക പോലീസും മുങ്ങൽ വിദഗ്ധരുടെ സംഘവും രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഫട്ടു ധിംഗ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സോനംദീപ് കൗർ പറയുന്നതനുസരിച്ച്, രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി കപൂർത്തല സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ഇരുവരും മരിച്ചതായി ഡോക്ടർ പ്രഖ്യാപിച്ചു. പതിനേഴുകാരനായ അർഷ്ദീപ് സിംഗ്, ജസ്പാൽ സിംഗ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും പീർവാൾ ഗ്രാമവാസികളായിരുന്നു. വിശാല്‍, ഗുർപ്രീത് സിംഗ് എന്നീ യുവാക്കളെ കാണാതായതായി എസ്എച്ച്ഒ പറഞ്ഞു.
മരണപ്പെട്ടവരുടെ ബന്ധുക്കൾ നിയമനടപടികൾ ആവശ്യമില്ലെന്ന് രേഖാമൂലം സമ്മതം നൽകിയിട്ടുണ്ടെന്നും അതിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു .
എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും കാണാതായ യുവാക്കൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം വൈകുന്നേരം വരെ തുടർന്നു.