അമ്മയെവിടെ? (മദേഴ്‌സ് ഡേ കവിത): ജയൻ വർഗീസ്

“ അമ്മയെവിടെ ?”
വിളി കേൾക്കുമോ എന്റെ
കണ്ണുനീർത്തേങ്ങൽ
ചിണുങ്ങൽ ശ്രവിച്ചുവോ ?
‘ അമ്മേടെ മുത്തിന്
കൊണ്ടെത്തരാൻ ’ ‘മാന –
ത്തമ്പിളി പാലട
തേടി മറഞ്ഞുവോ ?
അമ്മേ മടങ്ങി വരൂ,
എന്റെ നെഞ്ചിലെ
വഹ്നിയിൽ വീണ്ടും
കുളിർ മഴയായ് വരൂ !
അമ്മപ്രപഞ്ചം
ചുരത്തിയ സ്നേഹമാം
ഉമ്മയാണെന്റെയീ ജീവൽത്തുടിപ്പുകൾ !
അമ്മയെവിടെ.…എൻ
അമ്മയെവിടെ ?

x. x. x. x.xxxxxx

മണ്ണിലുറങ്ങുമീ
വേദനകൾ കണ്ണിൽ
കണ്ണ് നീരാവുന്ന
യാതനകൾ.
മാതാ പിതാക്കളെ,
വാത്സല്യ സാഗര
മാതാ മഹികളേ,
സ്നേഹക്കുടങ്ങളെ,
ഒപ്പം നടന്നു വഴി
പിരിഞ്ഞക്കരെ
യെത്തിയ സ്വ സഹ
ജീവഭാഗങ്ങളെ,
സത്യ സതീർത്യരെ,
മിത്രങ്ങളെ, ഗുരു

സത്തമന്മാരെ
വിളക്ക് മരങ്ങളെ,
നിങ്ങളെ നെഞ്ചിൽ
വഹിച്ചു കൊണ്ടാണെന്റെ
മംഗള യാത്രയീ
കാല വഴികളിൽ !
ഒന്നൊരിക്കൽക്കൂടി
വന്നീടുമോ എന്നെ
ഉമ്മകൾ കൊണ്ട്
പൊതിഞ്ഞു നിന്നീടുമോ?

ഇല്ല വരില്ല –
യൊരിക്കലെ മണ്ണിന്റെ പുല്ലാങ്കുഴൽപ്പാട്ടു
മാത്രമീ ജീവിതം.
പാടിപ്പതിഞ്ഞൊരാ
രാഗ വിലോലാർദ്ര
വീചിയായ് ‌ ഞാനെന്ന വർത്തമാനപ്പൊരുൾ !
കണ്ണിൽ അടർന്നു
വീഴാൻ കാത്തു നിൽക്കുമീ
തുള്ളിയിൽ വന്നു
നിറയുന്നു നിങ്ങളും !
ഒന്നു പുണർന്നുറങ്ങട്ടെ
ഞാൻ നിങ്ങളാം
മണ്ണിനെ ചോര
പുരണ്ടൊരീ മണ്ണിനെ !
ദൂരപ്രപഞ്ച മഹാ
വിസ്മയത്തിന്റെ
ചാരെത്തെറിച്ചൊരീ
ക്ഷീര പഥത്തിലെ
സൂര്യനായ് ഭൂമിയായ്‌
നിങ്ങളായ് ഞങ്ങളായ്
കാലകർമ്മത്തിന്റെ
യാത്രാ പഥങ്ങളിൽ !
പോരുകയാണ്
വിതുമ്പി നിൽക്കുന്നൊരീ
ജീവ തുഷാര ബിന്ദു –
ക്കളിൽ നിന്ന് ഞാൻ
നാളെ പ്രപഞ്ച
മഹാ സാഗരത്തിലെ –
യാകെ ജലത്തിന്റെ
കേവല ഭാഗമായ് !

Leave a Comment

More News