യാദൃശ്ചികതകളുടെ യാഥാർത്ഥ്യങ്ങൾ? (ലേഖനം): ജയൻ വർഗീസ്

അന്തരിച്ച ശാസ്ത്ര പ്രതിഭയായ ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് ബിഗ്‌ബാംഗ് സംഭവിച്ചത് മൂന്നു കാര്യങ്ങൾ മൂലമാണെന്നാണ്. ദ്രവ്യവും ഊർജ്ജവും സമയവും ആയിരുന്നു ആ മൂന്നു കാര്യങ്ങൾ. ഒരു ചായ ഉണ്ടാക്കുന്നത് പോലെയാണ് അതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തേയിലയും, പാലും, ചൂടു വെള്ളവും കൂടിച്ചേരുമ്പോൾ ചായ ഉണ്ടാവുന്നു എന്നത് പോലെ പ്രകൃതി നിയമങ്ങൾക്ക് അനുസരിച്ചു മാത്രമാണ് ഇതെല്ലാം സംഭവിച്ചത് എന്നതിനാൽ ഇവിടെ ഒരു ദൈവത്തിന് സാധ്യത ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.

ബിഗ്ബാംഗ് എന്ന കാര്യം സംഭവിച്ചത് ഇത്തരത്തിൽ ആണെന്ന അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചാൽത്തന്നെയും പ്രപഞ്ച കാരണം ബിഗ്ബാംഗ് ആയിരുന്നുവോ എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്.. കാരണം, സിങ്കുലാരിറ്റി എന്ന വിശദീകരിക്കാനാവാത്തതും, ഏകതയിൽ ഘടിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പ്രതിഭാസം ബിഗ്‌ബാംഗ് സംഭവിച്ച ഇടത്തിൽ മുൻപേയുണ്ട്. മഹാ വികാസത്തിന് വേദികയാകാൻ സുസജ്ജമായ ഒരു സ്‌പേസും നിലവിൽ ഉണ്ട്. സ്‌പേസ് എന്നത് കോസ്മിക് രശ്മികളുടെ ആവാസ മേഖലയാണെന്നു ശാസ്ത്രം തന്നെ പറയുന്നുണ്ട് എന്നതിനാലും, ബിഗ്‌ബാംഗിൽ പങ്കാളിയായ ഊർജ്ജം മുന്നമേ ഉള്ളതോ അപ്പോൾ ഉണ്ടായതോ എന്ന് അറിവില്ലാത്തതിനാലും, പാലും, തേയിലയും, ചൂടു വെള്ളവും വെവ്വേറെയിരുന്നാൽ ചായ ഉണ്ടാവുകയില്ല എന്നത് പോലെ, ദ്രവ്യവും ഊർജ്ജവും സമയവും വെവ്വേറെയിരുന്നാൽ ബിഗ്‌ബാംഗ് ചായ ഉണ്ടാവുകയില്ല എന്നും, ഇവകളെ പാകത്തിൽ കൂട്ടിച്ചേർക്കാനുള്ള ഒരു ചിന്ത ചായക്കും മുൻപേ ഉണ്ടായിരുന്നാൽ മാത്രമേ ചായ ഉണ്ടാവുകയുള്ളു എന്ന സത്യം കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്.

ബിഗ്‌ബാംഗിന് മുമ്പ് പ്രപഞ്ചമില്ല എന്ന പ്രസ്താവനയിൽ സംശയം ഉണർത്തുന്ന സാഹചര്യങ്ങളായി ഇവകളെല്ലാം മുൻപേയുണ്ട് എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന നിലയ്ക്ക്, മഹാപ്രപഞ്ചത്തിന്റെ ഈ ഭാഗത്തു സംഭവിച്ച നമുക്കറിയുന്ന ഒരു വികാസം മാത്രമല്ലേ ബിഗ്‌ബാംഗ് ? അവിടെ നിന്ന് നമ്മളിൽ എത്തിയ പ്രകാശ വേഗം അളന്നുനോക്കിയിട്ട് നമ്മുടെ ശാസ്ത്രത്തിന് 1380 ൽപ്പരം കോടി കൊല്ലങ്ങളേ കിട്ടുന്നുള്ളു എന്നതാവില്ലേ സത്യം ? അതായത്‌ ബിഗ്‌ബാംഗിന് മുൻപും നിലവിൽ പ്രപഞ്ചമുണ്ടെങ്കിൽ അവിടെ നിന്നുള്ള പ്രകാശം ഇത് വരെയും നമ്മുടെ കണ്ണിൽ എത്തിയിട്ടുണ്ടാവില്ല എന്ന ന്യായം കൂടി ഉണ്ടാവുമല്ലോ ?

പ്രകൃതി ഒരു കാൻവാസ്‌ ആണെങ്കിൽ ആ കാൻവാസിനും ഒരു നിയമമുണ്ട്. കോടാലി കൊണ്ടല്ല ബ്രഷ് നാരുകൾ കൊണ്ടാണ് കാൻവാസിൽ ചിത്രമെഴുതേണ്ടത് എന്നതാണ് ഒരു നിയമം. പച്ച വെള്ളം കൊണ്ടല്ലാ പരുവപ്പെടുത്തിയ ചായങ്ങൾ കൊണ്ടാണ് വരക്കേണ്ടത് എന്നതാണ് മറ്റൊരു നിയമം. ഈ നിയമങ്ങൾ അനുസരിച്ചേ കാൻവാസിൽ ചിത്രങ്ങൾ ഉണ്ടാവുകയുള്ളു എന്ന് സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് ശരിയാണ്. എന്നാൽ, കാൻവാസാണ് ഈ നിയമങ്ങൾ ഉണ്ടാക്കിയത് എന്ന് അദ്ദേഹത്തിനും പറയാനാവില്ലല്ലോ ? ഇവിടെ കാൻവാസിന്റെ കപ്പാസിറ്റിക്ക് അനുസരിച്ചുള്ള ഒരു നിയമം ഉണ്ടാക്കിയത് കാൻവാസ് ഉണ്ടാക്കിയ സംവിധാനം ആയിരിക്കണമല്ലോ ?

വെറും യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാണു വാദമെങ്കിൽ വികാസത്തിന് മുൻപുള്ള സിങ്കുലാരിറ്റിയും വികസിക്കാൻ ആവശ്യമായ സ്‌പേസും മാറ്ററും എനർജിയും മുന്നൊരുക്കങ്ങൾ പോലെ അവിടെ സജ്ജീകരിക്കപ്പെട്ടതോ, സജ്ജമായിരുന്നതോ വെറും യാദൃശ്ചികം ആയിട്ടായിരുന്നുവോ ?

നിങ്ങൾ ഉണ്ടായതു വെറും യാദൃശ്ചികം ആയിട്ടായിരുന്നു എങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ എന്ന യാഥാർഥ്യവും, നിങ്ങളിൽ നില നിൽക്കുന്ന ഡി. എൻ. എ. എന്ന ജനിതക ഘടകങ്ങളും വെറും യാദൃശ്ചികംആയിട്ടായിരുന്നു നിങ്ങളിൽ വന്നത് എന്ന് പറയുന്നത് പോലെയല്ലേ ഇത് ? ഇന്ന് നിങ്ങൾ കഴിച്ച ആഹാരംപോലും നിങ്ങൾക്ക് യാതൊരു പങ്കുമില്ലാതെ യാദൃശ്ചികമായി നിങ്ങളുടെ വയറ്റിൽ എത്തുകയായിരുന്നു എന്ന്സമ്മതിക്കുകയുമല്ലേ നിങ്ങൾ ?

ഇവിടെ അമേരിക്കയിൽ നിരീശ്വരനായി അറിയപ്പെടുന്ന ഒരു വ്യക്തി പറയുന്നത് തന്നിൽ നിറഞ്ഞു നിൽക്കുന്നഅതി ശുദ്ധമായ ഒരു ചൈതന്യം അയാൾ അറിയുന്നുണ്ടെന്നാണ്. പക്ഷെ അത് എന്താണെന്ന്അയാൾക്കറിയില്ലത്രേ ! അത് എന്തെന്ന് അന്വേഷിക്കാൻ അയാൾ മറ്റുള്ളവരെ ക്ഷണിക്കുന്നു. അത് എന്താണെന്ന്അനുഭവിച്ച്‌ അറിഞ്ഞവർക്ക് ഇനിയൊരു അന്വേഷണം ആവശ്യമില്ലാത്തതു കൊണ്ട് അയാളെപ്പോലെഅറിയാത്തവരെ കൂടെക്കൂട്ടിയാണ് അയാൾ അന്വേഷിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു.

കേരളത്തിലെ നിരീശ്വരന്മാരുടെ തലവനായ ഒരു മാന്യ ദേഹം താൻ എങ്ങനെ നിരീശ്വരനായി എന്ന കഥവിവരിക്കുന്നുണ്ട്. കൂടുകൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ തേനീച്ചകളെപ്പോലെ താടിക്കു കൈയും കൊടുത്തിരിക്കുന്നശ്രോതാക്കളുടെ മുന്നിൽ വിശദീകരിക്കുന്ന ആ കഥ കേട്ടാൽ ഏതു കഴുതയും തല തല്ലി ചിരിച്ചു പോകും. ബാലനായിരിക്കുമ്പോൾ ഒരാൾ മരിക്കുകയും, അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സ്‌കൂൾബസ്അപകടത്തിൽ നിന്ന് ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടപ്പോൾ മുതൽ തന്നെ കാത്തു രക്ഷിച്ചത്ദൈവമാണെന്നുള്ള ധാരണയിൽ അയാൾ പള്ളികളിലും ക്ഷേത്രങ്ങളിലും പതിവായി നേർച്ചയിട്ട്പ്രാർത്ഥിച്ചിരുന്നുവത്രെ! ഒരു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ശ്രീരാമൻ നടപ്പിലാക്കിയ ബാലീ വധംസംബന്ധിച്ചുള്ള രാമായണ ശ്ലോകം ചൊല്ലിയിറങ്ങിയ പയ്യനെ ഒരു കള്ളുകുടിയൻ വല്ലാതെ കളിയാക്കിയത്രേ ! ഒരാളെ ഒളിഞ്ഞു നിന്ന് വധിച്ച ഒരാളെയാണോഡാ നീ സ്തുതിക്കുന്നത് എന്ന കള്ളുകുടിയന്റെ ആക്ഷേപംനമ്മുടെ പണ്ഡിതനെ അന്നേ നാണം കൊടുത്തിയത്രെ ! പിന്നെപ്പിന്നെ ഒന്നൊന്നായി തിരുത്തിത്തിരുത്തി ആൾഇന്ന് കാണുന്ന തരത്തിൽ തനി നിരീശ്വരൻ ആയിത്തീർന്നുവത്രെ !

വരിയുടച്ച കാളകളുടെ നിലവാരത്തിൽ കേട്ടിരിക്കുന്ന ശ്രോതാക്കളിൽ നിന്ന് ഒരു പ്രതികരണവുമില്ല. സാരമില്ലഅവരുടെ ചിന്തയുടെ വരി ഉടഞ്ഞു കഴിഞ്ഞത് കൊണ്ടാണല്ലോ സ്വന്തം വീട്ടുമുറ്റത്തെ പുല്ല് പോലും പറിക്കാതെഇത്തരം ബുദ്ധിജീവികളുടെ മുന്നിൽ ഇരുന്നു കൊടുക്കുന്നത് ? പക്ഷെ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക്ചോദ്യമുണ്ട്. ജീവൻ എന്നോ ആത്മാവ് എന്നോ ബുദ്ധി എന്നോ ബോധം എന്നോ ഒക്കെ അടയാളപ്പെടുത്താവുന്നയഥാർത്ഥ ഈശ്വരൻ നിങ്ങളിൽ സജീവമായിരുന്നു എന്നത് കൊണ്ടായിരുന്നുവല്ലോ ഒരു മനുഷ്യ ഭാവനസൃഷ്ടിച്ച രണ്ട് കഥാപാത്രങ്ങളിൽ മതം ചാർത്തിച്ചു വച്ചിരുന്ന ദൈവീകതയുടെ പൊള്ളത്തരം നിങ്ങൾക്ക്മനസ്സിലാക്കുവാൻ സാധിച്ചത് എന്നാണു എന്റെ ചോദ്യം ഇവർക്ക് ചരിത്രവുമായി ബന്ധമുണ്ടായിരിക്കാം – ഇല്ലായിരിക്കാം. മനുഷ്യരായ അവരെ ദൈവങ്ങളാക്കി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചത് അവരുടെ ആരാധകരാവാം. നല്ലൊരു പളപളപ്പൻ നടിക്ക് വേണ്ടി ക്ഷേത്രം നിർമ്മിച്ച് അവരെ ആരാധിക്കുന്ന തമിഴ് തോഴന്മാർ ഇന്നുമുണ്ടല്ലോ?

അവർ ആരാധിക്കുന്നത് കൊണ്ട് നിങ്ങൾ അവരെ ആരാധിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ മനസ്സ്. തെളിയിക്കപ്പെട്ട സത്യങ്ങളുടെ വക്താക്കളായി വേഷം കെട്ടുന്ന നിരീശ്വരന്മാർ അണി നിരത്തേണ്ടത് രാമനെയുംബാലിയെയും യഹോവയെയും അള്ളായെയുമല്ല. ശാസ്ത്രജ്ഞന്മാരെയും അവർ തെളിയിച്ച സത്യങ്ങളെയുമാണ്. അതിന് ശകലം പണിയുണ്ട്. പഴുതുകളുടെ വിടവുകൾ കൊണ്ട് അപൂർണ്ണമായിരിക്കും അവകൾ.

ഇത്തരം കഥാപാത്രങ്ങളെ പ്രപഞ്ചാത്മാവായ ദൈവമായി പരിഗണിക്കുന്നത് തന്നെ ചിന്താ ദാരിദ്ര്യമാണ് . ഇങ്ങനെ മനുഷ്യൻ സൃഷ്ടിച്ച കഥാപാത്ര ദൈവങ്ങളുടെ ഒരു കാളവയൽതന്നെയാണ് നമ്മുടെ മത താവളങ്ങൾ. അവിടെ വിലപേശി വിൽക്കപ്പെടുന്ന ഉരുക്കളെ വാങ്ങി നിങ്ങൾവഞ്ചിക്കപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കുറ്റം. നിങ്ങളുടെ പണമോ, പഴമോ, പാലോ, നെയ്യോ, നാളികേരമോ, ബലിമൃഗമോ ഒന്നും സ്വീകരിക്കേണ്ട ഒരാവശ്യം ദൈവത്തിനില്ല. അവകൾ ഇടയ്ക്കു നിൽക്കുന്ന ആരോതന്ത്രപരമായി നിങ്ങളിൽ നിന്ന് തട്ടിയെടുക്കുകയാണ്.

നമ്മുടെ അമേരിക്കൻ നിരീശ്വരൻ സ്വയമറിഞ്ഞ പോലെ അത് പ്രപഞ്ച ചൈതന്യമാണ്. പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്ന ശക്തി സൗന്ദര്യങ്ങളുടെ സമൂർത്ത ഭാവമാണ്. സ്ഥൂല പ്രപഞ്ച ഭാഗമായ ശരീര കഷണത്തെ തനിക്കുംപരിസ്ഥിതിക്കും പരിചയപ്പെടുത്തുന്ന സൂക്ഷ്മ പ്രപഞ്ചം എന്ന സനാതന സത്യമാണ്. വർത്തമാന ബോധാവസ്ഥഎന്ന നിലയിൽ അനുഭവിക്കാനാകുന്ന ആ തിരിവെട്ടം കെടാതെ സൂക്ഷിക്കുവാൻ നിങ്ങളാൽ ആവുന്നത്ശ്രമിക്കുക. – അതാണ് നിങ്ങൾക്ക് മനസ്സുഖം ലഭിച്ചേക്കാവുന്ന നിങ്ങളുടെ ആരാധന !

ദൈവം എന്നത് കൈയും കാലുമൊക്കെയായി സിഗരറ്റു പുകച്ചു നടക്കുന്ന നിങ്ങളെപ്പോലൊരാൾ ആണെന്നചിന്താഭംഗമാണ് നിങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വിവിധങ്ങളായ മത ഗ്രന്ഥങ്ങളുടെ എഴുത്തുകാർക്കും നിങ്ങളുടെ നിലവാരത്തിൽ എത്തുന്നതിനേ സാധിച്ചുള്ളൂ. ഇതിനപ്പുറം പോകാൻ അവർക്കും കഴിയാഞ്ഞത്അവരും വെറും പാവങ്ങളായ മനുഷ്യർ ആയിരുന്നു എന്നതിനാലാവാം. പാവങ്ങളേ, നിങ്ങളുടെ തലച്ചോർ എത്രവികസിപ്പിച്ചു വച്ചാലും അതിനുള്ളിൽ ഒതുക്കാൻ കഴിയുന്നതല്ല മഹാപ്രപഞ്ച കാരണമായ, പ്രപഞ്ചത്തോളംവലിയ, പ്രപഞ്ച മനസ്സായ, പ്രപഞ്ചാത്മാവായ ദൈവം എന്ന മഹാ പ്രതിഭാസം. അത് സ്റ്റീഫൻ ഹോക്കിങ്‌സ്ആയാലും, ഇത് വായിക്കുന്ന നിങ്ങൾ ആയാലും !

നാട്ടിലെ നിങ്ങൾ പണിയിച്ച വലിയ വീടിന്റെ ചെറു പോടുകളിൽ കൂടുകൾ വച്ച് സമൃദ്ധമായ സൂര്യപ്രകാശവും, സുഖദായകമായ മിതോഷ്ണാവസ്ഥയും ആസ്വദിച്ച് അടിച്ച് പൊളിച്ച് അർമ്മാദിക്കുന്ന കൊച്ചുറുമ്പുകൾകണ്ടേക്കാം. അവർക്ക് ആ വീട് മുഴുവനുമായി കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നതോ പോകട്ടെ അതിനു വേണ്ടിവിയർപ്പൊഴുക്കിയ നിങ്ങളെ അറിയുക പോലുമില്ല. എന്നെപ്പോലുള്ള ആരെങ്കിലും പറയുന്നത് കേട്ട് നിങ്ങളെ ഒന്ന്കണ്ടേക്കാം എന്ന് വച്ച് പരിശ്രമിച്ചാലും ആ കുഞ്ഞു കണ്ണുകളിൽ നിങ്ങൾ മുഴുവനുമായി ഉൾക്കൊള്ളുകയേയില്ല. അത് കാണുന്നത് നിങ്ങളുടെ നിഴലിന്റെ ഒരു ചെറു ഭാഗമാവാം. അതറിയുന്നത് നിങ്ങൾ സഞ്ചരിക്കുമ്പോൾഉണ്ടാവുന്ന ചലന കമ്പനത്തിന്റെ ഒരു ചെറു നടുക്കമാവാം. നിങ്ങൾ എന്നത് ഒരു സാധ്യതയല്ല എന്ന്പറയുന്നതിനു മുൻപ് വലിയ അറിവുകളുള്ള ആ കൊച്ചുറുമ്പ് ഒന്ന് കൂടി ചിന്തിക്കേണ്ടതായിരുന്നു എന്നാണുഎന്റെ എളിയ ചിന്ത.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ ആൽബർട്ട് ഐൻസ്റ്റെയിൻ പുറത്തു വിട്ട ( സ്‌പെഷ്യൽ റിലേറ്റിവിറ്റിതീയറി ഉൾപ്പടെ )ഭൗതിക ശാസ്ത്ര കണ്ടെത്തലുകളെ ആധാരമാക്കിയാണ് ആധുനിക ശാസ്ത്രം അതിന്റെപുത്തൻ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പ്രപഞ്ച ശാസ്ത്ര പരമായി അടയാളപ്പെടുത്തിയിട്ടുള്ള പലേനിഗമനങ്ങളുടെയും നട്ടെല്ല് ഐൻസ്റ്റെയിന്റെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ളതാണ്. ഒരുനൂറ്റാണ്ടിലധികം കാലം മാനവ കുലത്തിന്റെ ആപ്ത വാക്യങ്ങളായി നില നിന്ന ഈ കണ്ടെത്തലുകളിൽതെറ്റുകളുണ്ട് എന്ന വാദവുമായി ഒരു മലയാളി ശാസ്ത്രജ്ഞൻ രംഗത്തു വന്നിട്ടുണ്ട്.

ഇന്ത്യയിൽ റ്റാറ്റാ ഇൻസ്റ്റിട്യൂട്ടിൽ ഗവേഷണം നടത്തിയിരുന്ന പ്രൊഫസർ സി. എസ്. ഉണ്ണികൃഷ്ണൻ ആണ് ആ മലയാളി. വെറും സാധാരണക്കാരന്റെ ജീവിത രീതികളുമായി ഗവേഷണം നടത്തി കണ്ടെത്തിയത് കൊണ്ടാവാംഅടിപൊളിയൻ ശാസ്ത്ര സമൂഹം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഏതൊരുമേഖലയിൽ ആണെങ്കിലും തങ്ങളേക്കാൾ ഉയരത്തിൽ ആരെങ്കിലും വന്നാൽ അവരെ ആക്ഷേപിച്ച് ചവിട്ടിതാഴ്ത്തുകയാണല്ലോ നമ്മുടെ ഒരു രീതി. ടാറ്റാ ഇൻസ്റ്റിട്യൂട്ടിൽ പോലും തനിക്ക് അർഹതപ്പെട്ട അവസരങ്ങൾതന്റെ ഉന്നതമായ കണ്ടുപിടുത്തങ്ങൾ മൂലം നഷ്ടപ്പെട്ടു എന്ന് അദ്ദേഹം വേദനയോടെ പ്രതികരിക്കുകയുണ്ടായി. (ഏഷ്യാനെറ്റിൽ അഖില നന്ദകുമാർ അദ്ദേഹവുമായി നടത്തിയ അഭിമുഖം ശ്രദ്ധിക്കുക)

ഏതായാലും തോറ്റു കൊടുക്കാൻ അദ്ദേഹം തയ്യാറല്ല. തന്റെ ഗവേഷണ ഫലങ്ങൾ രണ്ടു പുസ്തകങ്ങളിലായിഅദ്ദേഹം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ജീവിതത്തിലെ വലിയൊരു ഭാഗം ഗവേഷണങ്ങൾക്കായി ചെലവഴിച്ചത് മൂലംതന്റെ ഗവേഷണ ഫലങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഗവേഷണ ശാലകളുടെപിന്നാമ്പുറങ്ങളിൽ ഗവേഷകർ ഛർദ്ദിക്കുന്നത് കൊത്തിയെടുത്ത് പറക്കുന്നതിനുള്ള മാധ്യമപ്പക്ഷികളെ അദ്ദേഹംവളർത്തിയിരുന്നുമില്ല. ഇപ്പോൾ അദ്ദേഹം തനിച്ച് ഇറങ്ങുകയാണ്, തന്റെ തിരുത്തലുകൾ ഇന്നല്ലെങ്കിൽ നാളെശാസ്ത്ര ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും, ഐൻസ്റ്റെയിൻ കണ്ടെത്തിയ പലതും തെറ്റായിരുന്നുഎന്ന് സ്ഥാപിക്കുന്നതിനും ?

ഏതാണ് തെറ്റ് ഏതാണ് ശരി എന്നത് ഇന്നും ഒരു ആപേക്ഷികതയായി നമുക്ക് അകലെ നിൽക്കുന്നു. പ്രപഞ്ചംഒരു യാദൃശ്ചികതയാണ് എന്ന് വിശ്വസിക്കുന്നവർക്ക് അതുമൂലം ആത്മസുഖം ലഭിക്കുന്നുണ്ടെങ്കിൽ അവർ അത്അനുഭവിക്കട്ടെ. പ്രപഞ്ച കഷണങ്ങളായ എന്നിലും നിന്നിലും നിറഞ്ഞു നിന്ന് എന്റെയും നിന്റെയും അസ്തിത്വംപോലും എന്നെയും നിന്നെയും ബോധ്യപ്പെടുത്തുന്ന വർത്തമാന ബോധാവസ്ഥ ആനുപാതികാവസ്ഥയിൽ നാംവന്ന പ്രപഞ്ചത്തിനും ഉണ്ട് എന്ന ബോധ്യം നൽകുന്ന ‌ ആത്മ സാക്ഷാൽക്കാരത്തിന്റെ വൻ റവന്യൂ ആവോളംആസ്വദിക്കുന്നവർ ഉണ്ടെങ്കിൽ അവരെയും അതിന് അനുവദിക്കുക – അതല്ലേ ജനാധിപത്യം ?

നിങ്ങളുടെ ജീവൻ എന്നോ ബോധം എന്നോ മനസ്സ് എന്നോ അടയാളപ്പെടുത്താവുന്ന നിങ്ങളുടെ ആത്മാവ്എങ്ങിനെ നിങ്ങളിൽ പ്രവർത്തിക്കുന്നുവോ അത് പോലെ പ്രപഞ്ചാത്മാവായ പ്രപഞ്ച മനസ്സ് പ്രപഞ്ചത്തിലുംപ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നുണ്ട് എന്നതാവില്ലേ യഥാർത്ഥ സത്യം ? അത് കണ്ടെത്തി അളന്നെടുക്കുവാൻനിങ്ങളുടെ കൊച്ചു കണ്ണുകളോ അറിവിന്റെ കുഞ്ഞു മുഴക്കോലോ മതിയാവുകയില്ല എന്നതിനാൽദാർശനികമായ ഒരു അവബോധമില്ലാതെ ആ സാഹസത്തിന് ഇറങ്ങാതിരിക്കുകയാവും കൂടുതൽ സുരക്ഷിതം?

Leave a Comment

More News