ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ അസീം മുനീറിനെ രണ്ട് മണിക്കൂർ ബങ്കറിൽ ഒളിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

പാക്കിസ്താനിലെ 11 സൈനിക വ്യോമതാവളങ്ങളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയ സമയത്ത് പാക്കിസ്താന്‍ ആർമി ചീഫ് ജനറൽ അസിം മുനീറിനെ രണ്ട് മണിക്കൂർ ഒരു ബങ്കറിൽ ഒളിപ്പിച്ചുവെച്ചതായി റിപ്പോര്‍ട്ട്.

റാവൽപിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്ത് നിന്ന് വെറും 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നൂർ ഖാൻ വ്യോമതാവളത്തിലായിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്. മിസൈലുകൾ ഏതാനും കിലോമീറ്ററുകൾ കൂടി കടന്നിരുന്നെങ്കിൽ, പാക്കിസ്താന്റെ സൈനിക ആസ്ഥാനം തന്നെ നശിപ്പിക്കപ്പെടുമായിരുന്നു. പാക്കിസ്താന്‍ സൈന്യം തങ്ങളുടെ പ്രവർത്തന ആസ്ഥാനം മറ്റൊരിടത്തേക്ക് മാറ്റാനുള്ള പദ്ധതി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാര്‍ത്തകള്‍.

ഇന്ത്യയുടെ ആക്രമണം ആരംഭിച്ചയുടന്‍ തന്നെ ജനറൽ അസിം മുനീറിനെ നൂർ ഖാൻ വ്യോമതാവളത്തിന് സമീപമുള്ള ഒരു ബങ്കറിലേക്ക് കൊണ്ടുപോയതായി പാക് മാധ്യമ റിപ്പോർട്ടുകളും രഹസ്യാന്വേഷണ വൃത്തങ്ങളും വെളിപ്പെടുത്തി. ഏകദേശം രണ്ട് മണിക്കൂറോളം അദ്ദേഹം ഒളിച്ചു കിടന്നു. ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനുശേഷം, പാക്കിസ്താനിലെ പൊതുജനങ്ങൾക്കിടയിൽ കടുത്ത രോഷം ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സൈന്യത്തെയും അതിന്റെ മേധാവിയെയും വിമർശിക്കുന്ന പോസ്റ്റുകളെക്കൊണ്ട് നിറഞ്ഞു.

മെയ് 8 നും 10 നും ഇടയിൽ, ഇന്ത്യൻ വ്യോമസേന വളരെ കൃത്യവും ഏകോപിതവുമായ രീതിയിൽ 11 പാകിസ്ഥാൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി. “മൂന്ന് മണിക്കൂറിനുള്ളിൽ 11 സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടു. ഇതിൽ നൂർ ഖാൻ, റഫീക്കി, മുറിദ്, സുക്കൂർ, സിയാൽകോട്ട്, പാസ്രൂർ, ചുനിയൻ, സർഗോധ, സ്കാരു, ബൊലേരി, ജേക്കബാബാദ് തുടങ്ങിയ പ്രധാന വ്യോമതാവളങ്ങളും ഉൾപ്പെടുന്നു,” എന്ന് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ചൈനീസ് ഉപഗ്രഹ കമ്പനിയായ MIZAZVISION ഉം ഇന്ത്യയുടെ കാവ സ്‌പെയ്‌സും പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ പാകിസ്ഥാൻ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നു. നൂർ ഖാൻ വ്യോമതാവളത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി ചിത്രങ്ങൾ കാണിക്കുന്നു. ഇന്ധന ടാങ്കറുകൾ കത്തിനശിച്ചു, വെയർഹൗസിന്റെ മേൽക്കൂരകൾ തകർന്നു, അവശിഷ്ടങ്ങൾ റൺവേയിൽ ചിതറിക്കിടക്കുകയായിരുന്നു. ആക്രമണത്തിൽ സി-130ബി/ഇ പോലുള്ള പ്രധാനപ്പെട്ട ഗതാഗത വിമാനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു, ഇത് പാക്കിസ്താന്റെ ലോജിസ്റ്റിക്സും വിഐപി ഗതാഗത സംവിധാനവും തടസ്സപ്പെടുത്തി.

ഇന്ത്യയുടെ ഈ ആക്രമണത്തിൽ വളരെയധികം ആശങ്കാകുലരായ പാക് സൈന്യം, തങ്ങളുടെ ആസ്ഥാനവും പ്രവർത്തന കേന്ദ്രവും പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമാബാദും പരിസര പ്രദേശങ്ങളും ഇപ്പോൾ ഇന്ത്യൻ മിസൈലുകളുടെ പരിധിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ആക്രമണവും അസിം മുനീർ ബങ്കറിൽ ഒളിച്ചിരിക്കുന്നുവെന്ന വാർത്തയും പാക് ജനതയെ ഞെട്ടിച്ചു. പ്രതിസന്ധി ഘട്ടത്തിൽ നേതൃത്വത്തിൽ നിന്ന് ഒളിച്ചോടിയതിന്റെ കാരണം ജനറൽ മുനീർ വിശദീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെടുകയും ചെയ്യുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ പാക്കിസ്താന്റെ സൈനിക ഘടനയ്ക്ക് മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തിനും വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചു. ഈ അപമാനകരമായ സാഹചര്യം മറികടക്കാൻ പാക്കിസ്താന്‍ സൈന്യം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇനി കാണേണ്ടതുണ്ട്.

Print Friendly, PDF & Email

Leave a Comment

More News