ഒരിക്കല്‍ അമേരിക്കയുടെ ‘ബദ്ധശത്രു’വായി പ്രഖ്യാപിച്ചിരുന്ന സിറിയന്‍ നേതാവുമായി ട്രം‌പിന്റെ കൂടിക്കാഴ്ച; ചർച്ചകൾ നടന്നത് അടച്ചിട്ട മുറിയില്‍

സിറിയൻ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയ്ക്ക് സൗദി അറേബ്യന്‍ കിരീടാവകാശി റിയാദിൽ പ്രത്യേക ബഹുമതി നൽകിയതിനെത്തുടര്‍ന്ന് അദ്ദേഹം ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കും ഇതൊരു വലിയ നയതന്ത്ര നിമിഷമായി കണക്കാക്കപ്പെടുന്നു.

റിയാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സിറിയൻ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയും തമ്മിൽ റിയാദിൽ ചരിത്ര കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ 25 വർഷത്തിനിടെ അമേരിക്കയിലേയും സിറിയയിലെയും ഉന്നത നേതാക്കൾ തമ്മിൽ നേരിട്ട് ചർച്ചകൾ നടന്നിട്ടില്ലാത്ത സമയത്താണ് ഈ കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. തന്നെയുമല്ല, അഹമ്മദ് അൽ-ഷറയെ അറസ്റ്റ് ചെയ്യുന്നവർക്ക് അമേരിക്ക ഒരിക്കൽ 10 മില്യൺ ഡോളർപാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, 2024 ഡിസംബറിൽ അൽ-ഷറയുടെ നേതൃത്വത്തിലുള്ള ബഷാർ അൽ-അസദ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഈ പ്രതിഫലം പിൻവലിച്ചു.

റിയാദിൽ വെച്ച് സൗദി കിരീടാവകാശി അൽ-ഷറയ്ക്ക് പ്രത്യേക ബഹുമതിയാണ് നൽകിയത്. അതിനുശേഷമാണ് അദ്ദേഹം ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങൾക്കും ഇതൊരു വലിയ നയതന്ത്ര നിമിഷമായി കണക്കാക്കപ്പെടുന്നു.

മുമ്പ് അബു മുഹമ്മദ് അൽ-ഗൊലാനി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് അൽ-ഷറ, അൽ-ഖ്വയ്ദ പോലുള്ള തീവ്ര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു. ഇറാഖിൽ അമേരിക്കൻ സേനയ്‌ക്കെതിരെയും അദ്ദേഹം ഒരിക്കൽ പോരാടിയിട്ടുണ്ട്. പിന്നീട് അദ്ദേഹം സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ ഭാഗമാകുകയും ഹയാത്ത് തഹ്‌രീർ അൽ-ഷാം (HTS) സംഘടനയുടെ തലവനായി മാറുകയും ചെയ്തു.

2024 ഡിസംബറിൽ, എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകൾ ഡമാസ്കസ് പിടിച്ചെടുത്തു, അതോടെ 54 വർഷം നീണ്ട ബഷാർ അൽ-അസദിന്റെ ഭരണം അവസാനിച്ചു. അതിനുശേഷം, 2025 ജനുവരിയിൽ, അഹമ്മദ് അൽ-ഷറയെ സിറിയയുടെ ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിച്ചു.

സിറിയയെക്കുറിച്ചുള്ള അമേരിക്കയുടെ നയം പുനഃപരിശോധിക്കുന്ന സമയത്താണ് ട്രംപും അൽ-ഷറയും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നത്. സിറിയയ്ക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ ഇപ്പോൾ പിൻവലിക്കാൻ കഴിയുമെന്ന് ട്രംപ് സൂചിപ്പിച്ചു. പൂർണമായും അടച്ചിട്ട മുറിയിലായിരുന്നു ഈ യോഗം നടന്നത്. മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സംഭാഷണത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളുടെ പേരുകളോ ചർച്ചാ വിഷയങ്ങളോ വൈറ്റ് ഹൗസ് ഇതുവരെ പരസ്യമാക്കിയിട്ടില്ല.

നിരവധി ഗൾഫ് രാജ്യങ്ങൾ അൽ-ഷറ സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്. അമേരിക്കയും ഒരു പുതിയ നിലപാട് സ്വീകരിച്ചാൽ, അസദ് ഭരണകാലത്ത് സിറിയയിൽ സ്വാധീനം ശക്തിപ്പെടുത്തിയ ഇറാന്, വീണ്ടും സിറിയയിൽ സ്വാധീനം വർദ്ധിപ്പിക്കുന്നത് തടയാൻ കഴിയുമെന്ന് ഈ രാജ്യങ്ങൾ വിശ്വസിക്കുന്നു.

സിറിയയ്ക്ക് സമാധാനത്തിലേക്ക് നീങ്ങാൻ പുതിയൊരു അവസരം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഈ നടപടി സിറിയയിലെ ജനങ്ങൾക്ക് ഒരു പുതിയ തുടക്കമാകാമെന്ന് ട്രം‌പ് അഭിപ്രായപ്പെട്ടെങ്കിലും, അത് വിശ്വസനീയമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Print Friendly, PDF & Email

Leave a Comment

More News