ദോഹ: മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിൻ്റെ നിറസാന്നിധ്യമറിയിച്ച് ഐ.പി.എച്ച് പവലിയൻ ശ്രദ്ധേയമാവുന്നു. ദോഹ എക്സിബിഷൻ & കൺവൻഷൻ സെൻ്ററിൽ നാളെ സമാപിക്കുന്ന മേളയിലെ ഏക മലയാള പങ്കാളിത്തമാണ് H3-58 പവലിയനിലുള്ള ഐ.പി.എച്ച്.
സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി, ഔഖാഫ്-മതകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി, സിറിയൻ സാംസ്കാരിക മന്ത്രി മുഹമ്മദ് യാസീൻ അൽസാലിഹ്, ഖത്തരി ഓദേഴ്സ് ഫോറം ഡയറക്ടർ ഡോ. ആയിശ ജാസിം അൽകുവാരി, അർജൻ്റീനൻ അംബാസഡർ ഗ്വിലെർമോ ലൂയിസ് നിക്കോളാസ്, കമ്മ്യൂണിറ്റി പ്രതിനിധികൾ, തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഐ.പി.എച്ച് സ്റ്റാൾ സന്ദർശിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ പാലേരി, ഐ.പി.എച്ച് മാനേജർ സിറാജ്, ഫർഹാൻ തുടങ്ങിയവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുസ്തകപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് സിറാജ് പറഞ്ഞു. ഐ.പി.എച്ചിന്റെ പ്രസാധനത്തിലുള്ള പുസ്തകങ്ങൾക്ക് പുറമെ ഡി.സി, മാതൃഭൂമി, പ്രതീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദർ ബുക്സ്, മാധ്യമം ബുക്സ്, യുവത ബുക്സ് തുടങ്ങിയവയുടേതടക്കം അറുന്നൂറിലധികം മലയാള പുസ്തകങ്ങൾ ലഭ്യമാണ്.
ഇസ്‌ലാമിക വിജ്ഞാനകോശം, തഫ്ഹീമുൽ ഖുർആൻ, ഹദീസ്, ചരിത്രം, ഫലസ്തീൻ, കുടുംബം തുടങ്ങിയ പാക്കേജുകളിലായി പുസ്തകങ്ങൾ മികച്ച വിലയിൽ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ മലയാളി പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളും ലഭ്യമാണ്.