ഇടത്തിട്ട: കാവുകൾ വൃക്ഷ നിബിഡമായ ആരാധനാ കേന്ദ്രവും ജൈവവൈവിധ്യത്തിന്റെ കലവറയുമാണ്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ട ജംഗ്ഷനു കിഴക്ക് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രത്തിലെ കാവിന് നിരവധി പ്രത്യേകതകൾ ഉണ്ട്. അവയാണ് ഈ കാവിനെ വ്യത്യസ്തമാക്കുന്നത്.
ഈ ക്ഷേത്രത്തിന്റെ പരിസരം അപൂർവ്വയിനം വൃക്ഷങ്ങളാലും സസ്യങ്ങളാലും നിറഞ്ഞതാണ്. തമ്പകം (കമ്പകം), ചന്ദനം , ആറ്റു പൂവരശ്, കടമ്പ്, കരിമരം, മരുതി, കല്ലാൽ , ഇരിപ്പ, ഉന്നം (ചടച്ചി), താന്നി, നാഗമരം, ചേലമരം, തേമ്പാവ്, പനച്ചി, മടുക്ക (മൊട്ടൽ), വെട്ടി, പൂവണ്ണ്, പൈൻമരം, മരോട്ടി, ഇലഞ്ഞി, വേങ്ങ, കടമരം, ഈട്ടി, ഉദി, ശിവലിംഗ മരം, അശോക മരം തുടങ്ങിയ നിരവധി വൃക്ഷങ്ങളും സസ്യങ്ങളും ഇവിടെ കാണാനാകും. അവയിൽ ചിലത് ഔഷധ പ്രാധാന്യം ഉള്ളവയാണ്. ഏറ്റവും കൂടുതൽ ചന്ദനമരങ്ങളും വൈവിധ്യമാർന്ന വന വൃക്ഷങ്ങളും ഉള്ള കൊടുമൺ പഞ്ചായത്തിലെ ഏക കാവും ഇതാണ്.
27 നക്ഷത്ര വൃക്ഷങ്ങൾ കാവിലും, ക്ഷേത്ര പരിസരത്തുമായും ഉള്ളതിനാൽ ഈ ക്ഷേത്ര ദർശനം ഏറെ ശ്രേയസ് കരമെന്ന് വിശ്വാസികൾ അഭിപ്രായപ്പെടുന്നു. ഇവിടം വനപ്രദേശം അല്ലെങ്കിലും വനവൃക്ഷങ്ങൾ കാണാനും പരിചയപ്പെടാനും ഈ കാവ് സന്ദർശനത്തിലൂടെ കഴിയുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭക്തിയുടെയും സംഗമഭൂമിയാണിവിടം.
വി.ജി. ഭാസ്കരൻ ഉദയന്നൂർ