കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വാണിജ്യ സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം ഇന്ന് അഗ്നിശമന സേന പരിശോധിക്കും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിരുന്നു. അതേസമയം, വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കുമെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു.
പുതിയ ബസ് സ്റ്റാൻഡ് സമുച്ചയത്തിലെ ടെക്സ്റ്റൈൽസിൽ ഇന്നലെ ഉണ്ടായ തീപിടുത്തം അഞ്ച് മണിക്കൂറിലധികം കോഴിക്കോട് നഗരത്തെ വിറങ്ങലിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ വഴിതിരിച്ചുവിട്ടു. നഗരം സ്തംഭിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. അവധി ദിവസമായതിനാൽ ആളപായമൊന്നും ഉണ്ടായില്ല. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് തീപിടുത്തമുണ്ടായത്.
ബസ് സ്റ്റാൻഡ് സമുച്ചയത്തിന്റെ ഒന്നാം നിലയിലുള്ള കോട്ടൂളിയിലെ മുകുന്ദന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിലാണ് തീപിടുത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഗോഡൗണിൽ ആരംഭിച്ച തീ മിനിറ്റുകൾക്കുള്ളിൽ പടർന്നു. തുണിത്തരങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. നഗരം മുഴുവൻ കറുത്ത പുകയിലും ചൂടിലും മുങ്ങി.
മലപ്പുറം ജില്ലയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുമുള്ള പ്രത്യേക ഫയർ യൂണിറ്റുകൾ ഉൾപ്പെടെ ജില്ലയിലെ എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ രാത്രി 10 മണിയോടെ തീ അണച്ചു. മറ്റ് കടകളിലേക്കും തീ പടർന്നു. സ്കൂൾ തുറക്കൽ സീസണായതിനാൽ തുണിത്തരങ്ങളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു.
അതേസമയം തീപിടിത്തം ഉണ്ടായി അഞ്ചു മണിക്കൂറിനു ശേഷവും തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തത് ഫയർ ഫോഴ്‌സ് യൂണിറ്റുകളുടെ കാര്യക്ഷമതയില്ലായ്‌മയെ ആണ് സൂചിപ്പിക്കുന്നതെന്ന് വിമർശനമുയരുന്നുണ്ട്. ആധുനിക സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഫയർ യൂണിറ്റുകൾക്ക് തീ അണക്കാൻ സാധിക്കാതിരുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.