ഈസക്ക എന്ന വിസ്മയം ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ: ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ പുസ്തകം ഈസക്ക എന്ന വിസ്മയത്തിന്റെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക നായകന്മാര്‍ ഒരുമിച്ച് ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലകളില്‍ സജീവമായിരുന്നതോടൊപ്പം കേരളത്തിന്റെ മുക്കുമൂലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈസക്കയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പ്രസംഗകര്‍ അനുസ്മരിച്ചു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാന്‍, ഐസിബിഎഫ് ആക്ടിംഗ് പ്രസിഡണ്ട് റഷീദ് അഹ് മദ്, കെ.എം.സി.സി ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ് മാന്‍ കല്ലന്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ഗ്രാമഫോണ്‍ ഖത്തര്‍ സംവിധായകന്‍ ഡോ.റഷീദ് പട്ടത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ.ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് , മൊമന്റം മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫുദ്ധീന്‍, പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് സിദ്ധീഖ് ചെറുവല്ലൂര്‍, ഇശല്‍മാല മാപ്പിളകലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സിക്രട്ടറി സുബൈര്‍ വെളളിയോട്, ഈസക്കയുടെ മക്കളായ നാദിര്‍ മുഹമ്മദ് ഈസ, നമീര്‍ മുഹമ്മദ് ഈസ, മരുമകന്‍ ആസാദ് അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിച്ചു.

റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പുസ്‌കത്തിന്റെ എഡിറ്റര്‍ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതം പറഞ്ഞു. ആര്‍.ജെ.ഷിഫിനായിരുന്നു പരിപാടിയുടെ അവതാരകന്‍.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ജെ.കെ.മേനോന്‍, എം.ജയചന്ദ്രന്‍, ആലങ്കോട് ലീല കൃഷ്ണന്‍, വി.ടി.മുരളി, ഒ.എം.കരുവാരക്കുണ്ട്, കാനേഷ് പൂനൂര്‍, ഡോ.ഹുസൈന്‍ മടവൂര്‍, എസ്.എ.എം.ബഷീര്‍, ഡോ. റഷീദ് പട്ടത്ത് , അന്‍വര്‍ ഹുസൈന്‍, ഹബീബുറഹ് മാന്‍ കിഴിശ്ശേരി , എ യതീന്ദ്രന്‍ തുടങ്ങി എണ്‍പതോളം ലേഖകരുടെ ഓര്‍മക്കുറിപ്പുകളും ഫോട്ടോകളുമാണ് പുസ്തകത്തിലുള്ളത്.

പുസ്തകത്തിന്റെ കോപ്പികള്‍ക്ക് ദോഹയില്‍ 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Print Friendly, PDF & Email

Leave a Comment

More News