ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ പിരിമുറുക്കത്തിലായിരിക്കുന്ന സമയത്താണ് ഈ നയതന്ത്ര സംഘർഷം. അടുത്തിടെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്താനിലെയും പാക്കിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ചു.
ന്യൂഡൽഹിയിലെ പാക്കിസ്താൻ ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ‘പേഴ്‌സണ നോൺ ഗ്രാറ്റ’ അഥവാ ‘അനുവാദമില്ലാത്ത വ്യക്തിയായി’ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ ബുധനാഴ്ച (മെയ് 21) പുറത്താക്കി. ഒരു വിദേശ നയതന്ത്രജ്ഞനെ ആതിഥേയ രാജ്യത്ത് സ്വാഗതം ചെയ്യാതിരിക്കുകയും 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദമാണിത്.
“ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ന്യൂഡൽഹിയിലെ പാക്കിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാക്കിസ്താൻ ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവൺമെന്റ് പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പാക്കിസ്താന്‍ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ശക്തമായ നയതന്ത്ര പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിയാണ് നടപടിയെടുത്തത്. ഒരു പാക്കിസ്താൻ നയതന്ത്രജ്ഞനും ഇന്ത്യയിലെ തന്റെ പ്രത്യേകാവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു.
“ഇതിനെതിരെ പാക്കിസ്താൻ ഹൈക്കമ്മീഷന്റെ ചാർജ് ഡി അഫയേഴ്‌സിന് ഇന്ന് പ്രതിഷേധ കത്ത് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു പാക്കിസ്താൻ നയതന്ത്രജ്ഞനോ ഉദ്യോഗസ്ഥനോ തന്റെ പദവികളും സ്ഥാനവും ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഈ മാസം നടക്കുന്ന രണ്ടാമത്തെ പുറത്താക്കലാണിത്. മെയ് 13 ന്, “ഔദ്യോഗിക റോളിന് പുറത്തുള്ള” പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മറ്റൊരു പാക്കിസ്താൻ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പേരോ പ്രവർത്തനങ്ങളുടെ സ്വഭാവമോ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ പിരിമുറുക്കത്തിലായിരിക്കുന്ന സമയത്താണ് നയതന്ത്ര സംഘർഷം ഉണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷമാണ് ഈ പുതിയ സംഭവം ഉണ്ടായത്. പാക്കിസ്താൻ, പാക് അധിനിവേശ കശ്മീര്‍ (POK) എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ടുള്ള ഒരു സൈനിക ആക്രമണമായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഈ ഓപ്പറേഷൻ ആരംഭിച്ചത്.
അതേസമയം, ഈ ആക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്താനെതിരെ നിരവധി കർശന നടപടികൾ സ്വീകരിച്ചു. ഡൽഹിയിലെ പാക്കിസ്താൻ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ൽ നിന്ന് 30 ആയി കുറച്ചു, ദീർഘകാലമായി നിലനിൽക്കുന്ന സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു, അട്ടാരി-വാഗ കര അതിർത്തി കടന്നുള്ള വഴി അടച്ചു. ഈ തീരുമാനങ്ങൾ പ്രകാരം, ഇസ്ലാമാബാദിൽ നിയമിക്കപ്പെട്ടിരുന്ന ഇന്ത്യൻ നയതന്ത്രജ്ഞരെയും തിരിച്ചു വിളിച്ചു. അടുത്ത കാലത്തായി ടെൻഷൻ അൽപ്പം കുറഞ്ഞിട്ടുണ്ട്. മെയ് 10 ന് ഇരു രാജ്യങ്ങളും കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ സൈനിക നടപടികളും നിർത്താൻ സമ്മതിച്ചു.