തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം പോലീസ് അതിക്രമങ്ങൾക്കും ഭരണകൂട വംശീയതക്കുമുള്ള താക്കീതായി. ‘കേരളത്തിലെ പോലീസ് ആക്രമണങ്ങളും ഭരണകൂട വംശീയതയും’ എന്ന തലക്കെട്ടിലാണ് വംശീയ നിയമവാഴ്ച്ചക്കെതിരെ സംഗമം നടത്തിയത്. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ഷെഫീഖ് ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ പോലീസ് – ഭരണ സംവിധാനങ്ങൾ സർവണ ജന്മിത്വത്തിൻ്റെ മൊത്തം കുത്തകയായി മാറിയതാണ് പേരൂർക്കട പോലീസിന് ബിന്ദുവിനെതിരെ വംശീയത വെച്ചുപുലർത്താൻ ധൈര്യമേകിയത്. മുമ്പ് താമിർ ജിഫ്രി, വയനാട് ഗോകുൽ അടക്കമുള്ള സംഭവങ്ങളിലും താഴെ തട്ടിലെ ഏതാനും പോലീസുകാരെ സസ്പെൻ്റ് ചെയ്ത് തടിതപ്പാനാണ് സർക്കാർ ശ്രമിച്ചത്. സമാനമായ കാര്യം തന്നെയാണ് ബിന്ദുവിൻ്റെ കാര്യത്തിലും നടക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തി സ്‌റ്റേഷൻ്റെ മേൽനോട്ടം വഹിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെയടക്കം സർവീസിൽ നിന്ന് പിരിച്ചുവിടുന്ന നടപടിയെടുക്കണം. സംഭവത്തിൽ ദലിത് അട്രോസിറ്റിയും, സ്ത്രീകൾക്കെതിരായ അതിക്രമ നിയമപ്രകാരവും കേസെടുക്കാനുള്ള വകുപ്പുകളുണ്ടായിട്ടും അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല ബിന്ദുവിനെതിരെയുള്ള വ്യാജ പരാതിയിൻ മേലുള്ള എഫ്.ഐ.ആർ ഇപ്പോഴും നിലനിൽക്കുക കൂടി ചെയ്യുന്നു. ബിന്ദുവിന് അർഹമായ നഷ്ടപരിഹാരം നൽകി മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. വേടനെ വേട്ടയാടിയ സർക്കാറും പോലീസും വേടനുള്ള ജനപിന്തുണ ബോധ്യപ്പെട്ടപ്പോൾ വേടൻ്റെ സംരക്ഷകനായി ചമഞ്ഞ് യതാർത്ഥ മുഖം മറക്കാൻ നോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി-ദലിത്-മുസ്ലിം വിരുദ്ധമായ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും വംശീയ ബോധ്യത്തെ വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോപു തോന്നക്കൽ, മുഹമ്മദ് സഈദ് ടി.കെ, ബാസിത് താനൂർ, അഷ്റഫ് കല്ലറ എന്നിവർ സംസാരിച്ചു.
സുനിൽ അട്ടപ്പാടി, അഡ്വ. അലി സവാദ്, ആഷിഖ് നിസാർ, മുഫീദ് കൊച്ചി, ലമീഹ്, ഹംന ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പോലീസ് അതിക്രമങ്ങൾക്കും ഭരണകൂട വംശീയതക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.ഷെഫീഖ് ഉദ്ഘാടനം ചെയ്യുന്നു.