വിജയികൾക്ക് കാഷ് പ്രൈസ്, സർട്ടിഫിക്കറ്റുകൾ, മെമെന്റോകൾ എന്നിവ സമ്മാനിച്ചു

തിരുവനന്തപുരം: രാജ്യമാകമാനമുള്ള പ്രഫഷണൽ കോളേജുകളിലെ അവസാന വർഷ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ഇന്നോവേഷൻസ് ഫോർ ഗ്രോത്ത് ആൻഡ് ഹ്യൂമൻ ട്രാസ്ഫർമേഷൻ (സൈറ്റ് ) മത്സരങ്ങളുടെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. നൂതനാശയങ്ങളും പുത്തൻ ചിന്താധാരകളും പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന യു എസ് ടി യുടെ സൈറ്റ് സാങ്കേതിക പ്രദർശനവും വാർഷിക മത്സരങ്ങളും അടങ്ങുന്നതാണ്.
സുസ്ഥിര പരിഹാരങ്ങൾക്കും പരിവർത്തന ആശയങ്ങൾക്കും വഴികാട്ടിയായി മാറിയ മത്സരങ്ങൾ അവസാനിച്ചപ്പോൾ കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിൽ (ഐഇഎം) നിന്നുള്ള ടീം ഒയ്ലോവേറ്റേഴ്‌സ് ഒന്നാം സമ്മാനർഹരായി. 50,000 രൂപയും സർട്ടിഫിക്കറ്റുകളും മെമന്റോകളും വിജയികൾക്ക് സമ്മാനമായി നൽകി. 25,000 രൂപയും സർട്ടിഫിക്കറ്റുകളും മെമന്റോകളും അടങ്ങുന്ന രണ്ടാം സമ്മാനം ബെംഗളൂരുവിലെ ഡോ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള ടീം സീക്കേഴ്‌സ് നേടി. അതേസമയം, മൂന്നാം സമ്മാനം തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ആർ.എം.കെ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ള ടീം നിയോ സസ്റ്റെയിൻ സ്വന്തമാക്കി. 10,000 രൂപയും സർട്ടിഫിക്കറ്റുകളും മെമന്റോകളുമാണ് മൂന്നാം സമ്മാനാർഹർക്ക് ലഭിച്ചത്. യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ആൻഡ് വർക്ക്പ്ലെയ്സ് മാനേജ്‌മെന്റ് ജനറൽ മാനേജർ ഷെഫി അൻവർ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

യുഎസ് ടി ജീവനക്കാരുടെ കൂട്ടായ്മയായ കളേഴ്‌സിന്റെ ഭാഗമായുള്ള കളേഴ്സ് ഗോൾഡ് സംഘടിപ്പിച്ച സൈറ്റ് 2.0 ന് ഇന്ത്യയിലുടനീളമുള്ള 300-ലധികം പ്രഫഷണൽ കോളേജുകളിൽ നിന്ന് 1000-ത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത, ബുദ്ധിശക്തി, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ സംയോജിപ്പിച്ച മത്സരങ്ങൾ, ഗുണപരമായ മാനുഷിക പരിവർത്തനത്തിന് വഴിയൊരുക്കുന്ന സുസ്ഥിരമായ നൂതനാശയങ്ങൾക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടിപ്പിച്ചത്.
രജിസ്റ്റർ ചെയ്ത ടീമുകളിൽ നിന്ന് ആദ്യ റൗണ്ടിലേക്ക് ഏറ്റവും മികച്ച 500 എൻട്രികളിൽ നിന്ന് പ്രോജക്ടുകളുടെ സംഗ്രഹങ്ങൾ വിലയിരുത്തി ചുരുക്കപ്പട്ടിക ഉണ്ടാക്കി. ഈ ടീമുകളിൽ നിന്ന് 280 പേരെ രണ്ടാം റൗണ്ടിലെ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു. വിവിധ തലങ്ങളിലുള്ള വിലയിരുത്തലുകൾക്കു ശേഷം, സമർപ്പിക്കപ്പെട്ട പ്രോജക്ടുകളിൽനിന്ന് ഏറ്റവും മികവുകാട്ടിയ 14 ടീമുകളെ ഗ്രാൻഡ് ഫിനാലെ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. ടീമുകളുടെ സാങ്കേതിക വൈദഗ്ധ്യവും യഥാർത്ഥ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന സുസ്ഥിര പരിഹാരങ്ങളോടുള്ള പ്രതിബദ്ധതയും വിലയിരുത്തിയ ശേഷമാണ് ടീമുകളെ തിരഞ്ഞെടുത്തത്. ടീമുകളുടെ നൂതനാശയങ്ങളെയും സാങ്കേതിക ചാതുരിയെയും അടിസ്ഥാനമാക്കിയായിരുന്നു അവസാന റൗണ്ട്.

“ആദ്യ പതിപ്പിനെ അപേക്ഷിച്ച് സൈറ്റ് 2.0 ബൃഹത്തായിരുന്നുവെന്നത് പ്രോത്സാഹനാജനകമാണ്. ഇന്ത്യയിലുടനീളമുള്ള 300 പ്രഫഷണൽ കോളേജുകളിൽ നിന്നുള്ള 1000-ലധികം പ്രോജക്ട് എൻട്രികൾ നോക്കിയാൽ, പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് അതിശയകരമായ സാങ്കേതിക വൈദഗ്ധ്യം ഉണ്ടെന്നും യഥാർത്ഥ വെല്ലുവിളികളെ നേരിടാൻ പാകത്തിനുള്ള സുസ്ഥിര പരിഹാരങ്ങളോടുള്ള പ്രതിബദ്ധത അവർ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും വ്യക്തമായി. യുവാക്കൾ സൃഷ്ടിപരമായ ആശയങ്ങളെ മുന്നോട്ട് നയിക്കുന്നത് കാണാൻ സന്തോഷകരമായിരുന്നു. വിജയിച്ച ടീമുകളെയും, ഒപ്പം പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. അവരുടെ സൃഷ്ടികൾ നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളുടെ പരിവർത്തനത്തിന് കാരണമാകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
കോളേജുകളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമുള്ള മികച്ച പ്രതികരണം സൈറ്റ് 2.0 പോലുള്ള മത്സരങ്ങളുടെ പ്രാധാന്യം ഉറപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക്, സൈറ്റ് 2.0 വെറുമൊരു മത്സരം എന്നതിലുപരി, ബൃഹത്തായ പല മേഖലകളിലൂടെ സഞ്ചരിക്കാനും നൂതന ആശയങ്ങൾ ഉരുത്തിരിഞ്ഞു മുന്നോട്ടു പോകുവാനും, മികച്ച ഭാവിയിലേക്ക് സംഭാവന നൽകാനും സഹായകമാകുന്ന വേദി ആവുകയായിരുന്നു. ഇത്തരം സംരംഭങ്ങളിലൂടെ, പുതുമയോടെ ചിന്തിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ യുഎസ് ടി നിർണായക പങ്ക് വഹിക്കുകയാണ്. സൈറ്റിന്റെ സ്വാധീനം മത്സരത്തിന് അപ്പുറത്തേക്ക് വ്യാപിക്കുമെന്നതിൽ സംശയമില്ല. ഒപ്പം, സാങ്കേതിക നവീകരണത്തിന്റെ മേഖലകളിൽ ശാശ്വതമായി മാറ്റത്തിനു കാരണമാവുകയും ചെയ്യും.
