ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ വിവാദ പ്രസ്താവന അദ്ദേഹത്തിനു തന്നെ വിനയായി. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘തഗ് ലൈഫ്’ റിലീസ് കർണാടകയിൽ നിരോധിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഉത്തവിറക്കി. ഭാഷാ വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ കമൽഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ റിലീസ് തടയുമെന്ന് ഫിലിം ചേംബർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മാപ്പ് പറയില്ലെന്നായിരുന്നു കമൽഹാസന്റെ നിലപാട്. അതിനുശേഷമാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദ്ദത്തെ തുടർന്നാണ് നടപടി.
കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന കമൽഹാസന്റെ പ്രസ്താവനയ്‌ക്കെതിരെ കർണാടകയിൽ വന്‍ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. ചെന്നൈയിൽ മണിരത്നത്തിന്റെ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് തമിഴിൽ നിന്നാണ് കന്നഡ ഭാഷ പിറന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞത്. നടൻ ശിവരാജ് കുമാറുമായുള്ള ബന്ധം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വിശദീകരിക്കുന്നതിനിടെയാണ് കമൽ ഈ പരാമർശം നടത്തിയത്. “ഇത് എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ്കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ജീവിതം, ബന്ധം, തമിഴ് എന്നിവ പറഞ്ഞുകൊണ്ട് ഞാൻ പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ജനിച്ചത്, അതിനാൽ നിങ്ങളും ഇതിൽ ഉൾപ്പെടുന്നു,” കന്നഡ വംശജരെക്കുറിച്ച് കമൽഹാസൻ പറഞ്ഞു.
കമലിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളും പ്രതിഷേധിച്ചു. കമലിനു കന്നഡ ഭാഷയുടെ ചരിത്രം അറിയാത്തത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ബിജെപിയും കന്നഡ അനുകൂല സംഘടനകളും നടൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.