മുതുകാടിന്റെ ഭാരതയാത്ര – ഡോക്യു സിനിമ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്ര – ഇന്‍ക്ലൂസീവ് ഇന്ത്യയെ അധികരിച്ച് തയ്യാറാക്കിയ ഡോക്യു സിനിമയുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 2024 ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരത യാത്ര ഡിസംബര്‍ 3ന് ഡല്‍ഹിയിലാണ് സമാപിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അരങ്ങേറിയ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ സുവര്‍ണ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് 12 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുസിനിമ നിര്‍മിച്ചത്. യുവ സംവിധായകന്‍ പ്രജീഷ് പ്രേം ആണ് സിനിമ നിര്‍മിച്ചത്.

യാത്രയിലുടനീളമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ എ.കെ ബിജുരാജ് പകര്‍ത്തിയെടുത്ത നിരവധി ചിത്രങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റല്‍ ആല്‍ബത്തിന്റെയും പ്രകാശനം അടൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംവിധായകന്‍ പ്രജീഷ് പ്രേം, ഫോട്ടോഗ്രാഫര്‍ എ.കെ ബിജുരാജ്, ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും ഗ്രാഫിക് ഡിസൈനില്‍ പരിശീലനം പൂര്‍ത്തിയാക്കി കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷനില്‍ ജോലി ലഭിച്ച ഗൗതം ഷീന്‍, റൂബിക്‌സ് ക്യൂബില്‍ അത്ഭുതം സൃഷ്ടിച്ച അഫാന്‍ കുട്ടി എന്നിവരെ ആദരിച്ചു. കണ്ണുകെട്ടി ഞൊടിയിടയില്‍ റൂബിക്‌സ് ക്യൂബില്‍ ഗോപിനാഥ് മുതുകാടിന്റെ ചിത്രമടക്കം നിരവധി വിസ്മയങ്ങള്‍ സൃഷ്ടിച്ച് അഫാന്‍ കാണികളെ അത്ഭുതപ്പെടുത്തി.

ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍മാരായ മോഹനകുമാര്‍, മഹേഷ്ഗുപ്തന്‍, ഷൈലാതോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News