കൊളറാഡോയിൽ ഇസ്രായേലി അനുകൂലികൾക്ക് നേരെ ആക്രമണം; 6 പേർക്ക് പരിക്കേറ്റു

കൊളറാഡോ: ഗാസയിൽ ഇസ്രായേലി ബന്ദികളെ പിന്തുണച്ച് നടന്ന റാലിക്കിടെ, കൊളറാഡോയിലെ ബൗൾഡറിലെ പാർക്ക് സ്ട്രീറ്റ് മാളിൽ നടന്ന ആക്രമണത്തില്‍ ഏകദേശം 6 പേർക്ക് പരിക്കേറ്റു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, അക്രമി ഒരു മൊളോടോവ് കോക്ടെയ്ൽ ഉപയോഗിച്ച് ജൂത പ്രതിഷേധക്കാർക്ക് നേരെ തീകൊളുത്തി, നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, എന്നാൽ, അയാളുടെ ഐഡന്റിറ്റി ഇതുവരെ പരസ്യമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. “ഫ്രീ പാലസ്തീൻ” എന്ന് ആക്രോശിച്ചുകൊണ്ടാണ് ആക്രമണം നടത്തിയത്. എഫ്ബിഐ ഉടൻ തന്നെ ഇതിനെ ഒരു ഭീകരാക്രമണമായി മുദ്രകുത്തി. പ്രാദേശിക പോലീസും അധികൃതരും ഫെഡറൽ ഏജന്റുമാരും വിഷയം അന്വേഷിക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.

എന്നാല്‍, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാക്കാതെ, തിടുക്കപ്പെട്ട് നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ശരിയല്ലെന്ന് ബൗൾഡർ പോലീസ് മേധാവി സ്റ്റീഫൻ റെഡ്ഫെർൺ പറഞ്ഞു. പോലീസ് നിലവിൽ പ്രാഥമിക അന്വേഷണം നടത്തുകയും അക്രമിയുടെ ഉദ്ദേശ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ആക്രമണം നടത്തിയ വ്യക്തി 45 കാരനായ മുഹമ്മദ് സബ്രി സോളിമാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു.

ബൗൾഡർ നഗരത്തിലെ പ്രശസ്തമായ പേൾ സ്ട്രീറ്റ് കാൽനട മാളിലാണ് സംഭവം. റൺ ഫോർ ദെയർ ലൈവ്സ് എന്ന പേരിൽ ഒരു വളണ്ടിയർ സംഘം ഇവിടെ ഒത്തുകൂടിയിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിൽ ഇപ്പോഴും ബന്ദികളാക്കപ്പെട്ട ആളുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംഘം ഒരു മാർച്ച് സംഘടിപ്പിക്കുകയായിരുന്നു.

ബൗൾഡർ ആക്രമണത്തെ ഒരു ഭീകരാക്രമണമായിട്ടാണ് തങ്ങൾ കണക്കാക്കുന്നതെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണത്തെ യുഎസ് നീതിന്യായ വകുപ്പ് അപലപിച്ചു. ഫെഡറൽ ഏജന്റുമാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു. “കൊളറാഡോയിലെ ബൗൾഡറിൽ ഒരു ഭീകരാക്രമണത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയാം, അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഏജന്റുമാരും പ്രാദേശിക നിയമപാലകരും ഇതിനകം സ്ഥലത്തുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കിടും” എന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News