നോര്‍ത്ത് കരോലിന: ഞായറാഴ്ച പുലർച്ചെ നോർത്ത് കരോലിനയിലെ കാറ്റാവ്ബ കൗണ്ടിയിൽ നടന്ന വെടിവെയ്പ്പില്‍ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിക്കറി നഗരത്തിനടുത്തുള്ള വാൾനട്ട് ഏക്കർ ഡ്രൈവിലാണ് വെടിവയ്പ്പ് നടന്നത്. അവിടെ ഒരു വീട്ടിൽ നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവെയ്പ് നറ്റന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, അന്വേഷണം തുടരുകയാണ്.
കാറ്റാവ്ബ കൗണ്ടിയിലെ മൗണ്ടൻ വ്യൂ പ്രദേശത്തെ വാൾനട്ട് ഏക്കർ ഡ്രൈവിലെ ഒരു വീട്ടിൽ ഞായറാഴ്ച പുലർച്ചെ 12:45 ഓടെയാണ് സംഭവം. ഷാർലറ്റിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെ, ബ്ലൂ റിഡ്ജ് പർവതനിരകൾക്ക് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
കാറ്റാവ്ബ കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നതനുസരിച്ച്, രാത്രിയിൽ ഒരു വീട്ടിൽ ഒന്നിലധികം പേർക്ക് വെടിയേറ്റതായി ഒരു ഫോണ്‍ കോൾ അവർക്ക് ലഭിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വെടിവയ്പ്പിൽ 12 പേർക്ക് പരിക്കേറ്റതായി കണ്ടെത്തി, അതിൽ ഒരാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്, ബാക്കിയുള്ള 10 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്ന വീട്ടിൽ നൂറിലധികം പേർ പങ്കെടുത്ത ഒരു പാർട്ടി നടന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടയിൽ, ഒന്നോ അതിലധികമോ ആളുകൾ പെട്ടെന്ന് വെടിവയ്ക്കാൻ തുടങ്ങി. വെടിയൊച്ച വീടിനുള്ളിലും, മുൻവശത്തെയും പിൻവശത്തെയും മുറ്റങ്ങളിലേക്കും, അയൽപക്കങ്ങളിലും വ്യാപിച്ചു.
കറ്റാവ്ബ കൗണ്ടി ഷെരീഫ് ഓഫീസ്, ഹിക്കറി പോലീസ് ഡിപ്പാർട്ട്‌മെന്റ്, നോർത്ത് കരോലിന സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എസ്‌ബിഐ) എന്നിവർ കേസ് അന്വേഷിക്കുന്നുണ്ട്. വെടിവയ്പ്പിന് പിന്നിലെ ലക്ഷ്യം എന്താണെന്നും അതിൽ ഉൾപ്പെട്ട ആളുകൾ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, അക്രമികളെക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ അത് നല്‍കണമെന്ന് ഷെരീഫ് ഓഫീസ് അഭ്യർത്ഥിച്ചു.
വെടിവയ്പ്പിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരകളുടെ വ്യക്തിത്വം, പ്രായം എന്നിവയെക്കുറിച്ച് ഇതുവരെ ഒരു വിവരവും പരസ്യമാക്കിയിട്ടില്ല.