പാക്കിസ്താനില്‍ ഭൂകമ്പം; ഇരുന്നൂറോളം തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു; സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി

കറാച്ചി: പാക്കിസ്താനില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 216 തടവുകാർ രക്ഷപ്പെട്ടു. ഇതിൽ 135 പേരെ ഇപ്പോഴും കാണാനില്ല. ഭൂകമ്പം ജയിൽ മതിലുകളെ ദുർബലപ്പെടുത്തി, ഇത് മുതലെടുത്താണ് തടവുകാർ രക്ഷപ്പെട്ടത്. ഈ സംഭവത്തിൽ ഒരു തടവുകാരൻ മരിക്കുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഭൂകമ്പത്തിന്റെ പ്രകമ്പനം ജയിലിന്റെ സുരക്ഷാ സംവിധാനത്തെ പിടിച്ചുകുലുക്കി. ഈ സാഹചര്യം മുതലെടുത്താണ് 200 ലധികം തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാത്രി വൈകി കറാച്ചിയിൽ റിക്ടർ സ്കെയിലിൽ 2.6 ഉം 2.8 ഉം രേഖപ്പെടുത്തിയ രണ്ട് നേരിയ ഭൂകമ്പങ്ങളാണുണ്ടായത്. മാലിറിനടുത്തായിരുന്നു പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത കൂടുതലായിരുന്നില്ലെങ്കിലും, ജയിലിൽ രൂപപ്പെട്ട അരാജകത്വവും ആശയക്കുഴപ്പവും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടയിൽ, മുൻകരുതൽ എന്ന നിലയിൽ നൂറുകണക്കിന് തടവുകാരെ അവരുടെ സെല്ലുകളിൽ നിന്ന് പുറത്താക്കി, ഇത് പിന്നീട് തിക്കിലും തിരക്കിലും കലാശിച്ചു.

ജയിൽ സൂപ്രണ്ട് അർഷാദ് ഷാ പറയുന്നതനുസരിച്ച്, “ഭൂകമ്പം മൂലമുണ്ടാകുന്ന ഭീഷണി നേരിടുക എന്നതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻഗണന. ഈ സമയത്ത്, ആകെ 216 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു.” ഈ രക്ഷപ്പെടൽ സംഭവത്തിൽ ഒരു തടവുകാരൻ മരിച്ചു, അതേസമയം ചില സുരക്ഷാ ഉദ്യോഗസ്ഥർക്കും ഫ്രോണ്ടിയർ കോർപ്സ് സൈനികർക്കും പരിക്കേറ്റു. വീഡിയോ ദൃശ്യങ്ങളിൽ, തടവുകാർ തെരുവുകളിൽ ഓടുന്നത് കാണാം. ജയിലിന് സമീപം വെടിവയ്പ്പിന്റെ ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു.

ഇതുവരെ 81 തടവുകാരെ പിടികൂടിയെങ്കിലും, 135-ലധികം പേർ ഇപ്പോഴും ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ ജയിൽ ഭരണകൂടവും, പ്രാദേശിക പോലീസും, അർദ്ധസൈനിക വിഭാഗവും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരിൽ പലരും അപകടകാരികളായ കുറ്റവാളികളായിരിക്കാമെന്ന് സുരക്ഷാ ഏജൻസികൾ ഭയപ്പെടുന്നു.

തുടർച്ചയായ ഭൂചലനങ്ങൾ ജയിൽ ഭിത്തികളെ ദുർബലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇത് മുതലെടുത്ത് തടവുകാർ ജയിലിന്റെ പുറം മതിൽ തകർത്ത് പ്രധാന ഗേറ്റിലെത്തി. “സമീപകാലത്തെ ഏറ്റവും ഗുരുതരമായ ജയിൽ ചാട്ട സംഭവങ്ങളിലൊന്ന്” എന്നാണ് ആഭ്യന്തര മന്ത്രി സിയാ-ഉൽ-ഹസൻ ലഞ്ചാർ സംഭവത്തെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടവരും മാനസികമായി അസ്ഥിരരുമായ ധാരാളം തടവുകാരാണ് മാലിർ ജയിലിലുള്ളതെന്ന് സിന്ധ് ജയിൽ ഐജി ഗുലാം നബി മേമൻ പറഞ്ഞു. അത്തരം തടവുകാരെ അത്തരമൊരു സാഹചര്യം ഭയപ്പെടുത്തുന്നതാണ്, അതിനാൽ അവർ അങ്ങേയറ്റം അക്രമാസക്തരും നിയന്ത്രണാതീതരുമായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News