ഹൂസ്റ്റണ്‍: ഉത്സവങ്ങളുടേയും ദേശീയാഘോഷങ്ങളുടെയും സംഗമ ഭൂമികയാണ് അമേരിക്ക. ഒന്നിനു പിറകെ ഒന്നായി ആഘോഷ ദിനങ്ങള്‍ നമ്മുടെ പൂമുഖപ്പടിയിലെത്തുമ്പോള്‍ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മാനസിക സമ്മര്‍ദങ്ങളും നാം പാടേ മറക്കുന്നു. തികച്ചും പോസിറ്റീവായി ചിന്തിക്കാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും പാരമ്പര്യത്തിന്റെ നിറവോടെയെത്തുന്ന ആഘോഷങ്ങള്‍ നമ്മെ പ്രാപ്തമാക്കുന്നുവെന്നകാണ് യാതാര്‍ത്ഥ്യം.
അഖിലലോക തൊഴിലാളി ദിനമായ ‘മെയ് ഡേ’യോടുകൂടിയാണ് മെയ്മാസം പിറക്കുന്നതു തന്നെ. തുടര്‍ന്ന് ഫ്‌ളോറന്‍സ് നൈറ്റ്ങ്‌ഗേലിന്റെ പിന്‍ഗാമികളായ ആതുരശുശ്രൂഷയുടെ മാലാഖമാരെ ആദരിക്കുന്ന നേഴ്‌സസ് ഡേ, അമ്മമാര്‍ക്ക് സ്‌നേഹപ്പൂക്കള്‍ സമ്മാനിക്കുന്ന മദേഴ്‌സ് ഡേ, വീരചരമം പ്രാപിച്ച സൈനികര്‍ക്ക് സല്യൂട്ട് നല്‍കുന്ന മെമ്മോറിയല്‍ ഡേ ഇങ്ങനെ ഓരോന്നായെത്തുന്നു. ഇതിനിടെ സ്പാനീഷ് ഉല്‍സവമായ ‘സിങ്കോ ഡി മയോ’, ആര്‍മ്ഡ് ഫോഴ്‌സ് ഡേ എന്നിവയും പരമ്പരാഗത ഉല്‍സമത്തിമര്‍പ്പോടെ ആഘോഷിക്കപ്പെടുന്നു.
വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഗ്രാജുവേഷന്‍ ദിനങ്ങളാല്‍ നിറഞ്ഞതാണ് മെയ്മാസം. വിദ്യാ സമ്പാദനത്തിന്റെ പുതിയ മേഖലകളിലേയ്ക്കവര്‍ എത്തുന്നു. സ്പ്രിങ് സീസന്റെ അവസാനമാണെങ്കിലും പൂക്കള്‍ വിരിയും. ഹൂസ്റ്റണില്‍ കൊടുങ്കാറ്റുകള്‍ വീശിയടിക്കാന്‍ തുടങ്ങും. പിന്നെ ജനങ്ങള്‍ സമ്മറിന്റെ വസ്ത്രങ്ങിലേയ്ക്ക് ചുവടുമാറ്റുകയും ചെയ്യും. ഇതിനിടെ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റില്‍ പ്രതിമാസ യോഗം ചേര്‍ന്നു.
ഇത്തവണത്തെ വിശിഷ്ടാതിഥി ബ്രിഗേഡിയര്‍ ഒ.എ ജെയിംസായിരുന്നു. ജോസഫ് നമ്പിമഠം വിശിഷ്ടാതിഥിയെയും അദ്ദേഹത്തിന്റെ ‘റാങ്ക്‌സ് ആന്റ് റൊസാരീസ്’ (Ranks and Rosaries) എന്ന ആത്മകഥയെയും സദസിന് പരിചയപ്പെടുത്തി. യുദ്ധഭൂമിയിലൂടെയുള്ള ഒരു സൈനികന്റെ സംഭവബഹുലമായ ജീവിതയാത്രയാണിത്. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്തിന് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിക്കൊണ്ട് ജോസഫ് നമ്പിമഠം റാങ്ക്‌സ് ആന്റ് റൊസാരീസിന്റെ പ്രകാശനം നിര്‍വഹിച്ചു.
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി നിലകൊള്ളുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ അങിമാനാര്‍ഹമായ നിലപാടിനെപ്പറ്റിയും സൈനിക സേവനത്തിലൂടെ തനിക്ക് ലഭിച്ച പോസിറ്റീവ് അനുഭവങ്ങളെപ്പറ്റിയും ബ്രിഗേഡിയര്‍ ഒ.എ ജെയിംസ് സംസാരിച്ചു. അടുത്ത ഇനം പുസ്തക അവലോകനമായിരുന്നു. അഖില്‍ പി ധര്‍മജന്‍ രചിച്ച ‘Ram Careof Anandi’ എന്ന നോവലിനെപ്പറ്റി സംസാരിച്ച സുരേന്ദ്രന്‍ നായര്‍, ഇത് ബെസ്റ്റ് സെല്ലറാണെന്ന് പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലറായ ഈ കൃതിയുടെ കഥ ഒരു മൂവി സ്‌ക്രിപ്റ്റിന്റെ ചടുലതയോടാണ് പുരോഗമിക്കുന്നത്. അതായത് ഒരു സിനിമാറ്റിക്ക് നോവല്‍. സിനിമ കാണുന്നതുപോലെ നോവല്‍ വായിക്കുക. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയും എല്ലാം ഈ ആഖ്യായികയുടെ ഭാഗമാണ്. മുകളില്‍ പറഞ്ഞ രണ്ടു കൃതികളുടെയും പശ്ചാത്തലം വിലയിരുത്തിക്കൊണ്ട് എ.സി. ജോര്‍ജ് സംസാരിച്ചു.
ബാബു കുരൂര്‍ അദ്ദേഹത്തിന്റെ ‘കാത്തിരുന്ന കാലവര്‍ഷം’ എന്ന കവിത വായിച്ചു. നാട്ടിലെ ഒരു കാലവര്‍ഷക്കാലത്തിനു അനുയോജ്യമായ കവിത.
”വഴി മാറി പിന്നെ വഴിമുട്ടി വീണ്ടും
ഒഴുകുന്നു ജീവിതം…”
റോയ് തോമസും ഒരു കവിത അവതരിപ്പിച്ചു. ”തെയ്യകം താരാ…” അദ്ദേഹം അത് ഈണത്തില്‍ ചൊല്ലി.
”ചക്കര മാവിന്‍ കൊമ്പത്തിരുന്നേ
ഓടക്കുഴലിനു വിളിക്കുന്നു തേവന്‍
തെയ്യകം…തിന്തിമി…തെയ്യകം…താരാ…”
മറ്റൊരു കവിത മാത്യു കുറവയ്ക്കലിന്റെ ‘I an Not Done’ ആയിരുന്നു. 80-ാം ജന്‍മദിനത്തോടനുബന്ധിച്ച് രചിച്ച ഈ കവിത ഒരു സ്വയം അവലേകനമാണ്.
‘I an Not Done
I have sunrises
And sunsets to savor,
Moons that shrink
And grow…’
ഇങ്ങനെ പുരോഗമിക്കുന്നു പ്രസ്തുത കവിത.
റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണ്‍ മാത്യു സാഹിത്യ ചര്‍ച്ചകളുടെ മോഡറേറ്ററായി. പ്രൊഫ. കോശി തലയ്ക്കലിന്റെ ഭാര്യ അച്ചാമ്മ കോശിയുടെ നിര്യാണത്തില്‍ യോഗം അനുശോചനമറിയിച്ചു. പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതിയ പുസ്തകത്തിലേയ്ക്കുള്ള രചനകള്‍ ജൂലൈ 31-ന് മുമ്പായി എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേരള റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ യോഗം പര്യവസാനിച്ചു.
ഫോട്ടോ: മോട്ടി മാത്യു