മലപ്പുറം: നിലമ്പൂരില്‍ കാട്ടുപന്നികളെ കുടുക്കാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി അർപ്പിച്ച് സഹപാഠികളും നാട്ടുകാരും. അനന്തുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. മൃതദേഹം ആദ്യം സ്കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വഴിക്കടവിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കാൻ പോയ അനന്തു കളി കഴിഞ്ഞ് വൈകുന്നേരം 6 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ വെള്ളക്കട്ടയിലെ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങി. കാട്ടുപന്നികളെ കുടുക്കാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ തട്ടിയാണ് അനന്തുവിനും കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാര്‍ക്കും വൈദ്യുതാഘാതമേറ്റത്. അനന്തുവിനൊപ്പം പരിക്കേറ്റ യദുവും ഷാനുവും ആശുപത്രിയിൽ ചികിത്സയിലാണ്. അവര്‍ അപകടനില തരണം ചെയ്തതായി അധികൃതർ പറഞ്ഞു.
അനന്തുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് വയറ്റിൽ പൊള്ളലേറ്റ പാടുകളുണ്ട്. നേരിട്ട് ലൈവ് വയറിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഷോക്കേറ്റ ഉടനെ അനന്തു താഴെ വീണു.
സംഭവത്തിൽ വഴിക്കടവ് സ്വദേശിയായ വിനീഷ് എന്നയാളെ അറസ്റ്റ് ചെയ്തു. കാട്ടുപന്നിയുടെ മാംസം വിൽക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ഇലക്ട്രിക് കെണി സ്ഥാപിച്ചതെന്ന് വിനീഷ് പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.