പഹൽഗാമിൽ 26 നിരപരാധികളുടെ കൊലപാതകത്തെ പാക്കിസ്താനടക്കം എല്ലാവരും അപലപിക്കുകയും വിമർശിക്കുകയും ചെയ്തു. എന്നാൽ, ലോകത്തിലെ ഒരു രാജ്യവും പാക്കിസ്താനെ പേര് പറഞ്ഞ് പ്രതിക്കൂട്ടിൽ നിർത്തിയില്ല. നേരെമറിച്ച്, ഈ ഭീകരമായ ആക്രമണത്തിന് ശേഷം ഒറ്റപ്പെടുത്തുന്നതിന് പകരം, എല്ലാ രാജ്യങ്ങളും പാക്കിസ്താനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ചൈന മുതൽ അമേരിക്ക, റഷ്യ വരെ എല്ലാവരും പാക്കിസ്താനെ ഒറ്റപ്പെടുത്തുന്നതിൽ നിന്ന് രക്ഷിച്ചു. തുർക്കി പരസ്യമായി സഹായിച്ചു, കുവൈറ്റ് പാക്കിസ്താന് ആശ്വാസവും നൽകി. വിരോധാഭാസമാണെന്നു പറയട്ടേ, കഴിഞ്ഞ 19 വർഷമായി കുവൈറ്റ് പാക്കിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിനുശേഷം, കഴിഞ്ഞ മാസം മെയ് 28 ന് അവര്‍ പാക്കിസ്താൻ പൗരന്മാർക്കുള്ള വിസ അപേക്ഷ വീണ്ടും തുറന്നു.
അതുപോലെ, ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിനുശേഷം, പാക്കിസ്താൻ വിദേശകാര്യ മന്ത്രി ചൈന സന്ദർശിച്ചപ്പോൾ, അദ്ദേഹം ഒരു വലിയ സമ്മാന പാക്കേജുമായാണ് മടങ്ങിയത്. ജൂൺ അവസാനത്തോടെ പാക്കിസ്താന് 3.7 ബില്യൺ ഡോളർ വായ്പ നൽകുമെന്ന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് 2.4 ബില്യൺ ഡോളർ പാക്കിസ്താന്‍ തിരിച്ചടക്കണം പാക്കിസ്താന് വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ചൈനയ്ക്ക് അറിയാം, അതിനാൽ വായ്പ തിരിച്ചടയ്ക്കാൻ 2.4 ബില്യൺ ഡോളർ നൽകാൻ അവർ തീരുമാനിച്ചു, അതിനുശേഷം ആയുധങ്ങൾ വാങ്ങാനും സൈന്യത്തെ ശക്തിപ്പെടുത്താനും 1.3 ബില്യൺ ഡോളർ അധിക വായ്പ നൽകി.
പഹൽഗാം സംഭവത്തിനുശേഷം ഇന്ത്യയോട് സൗഹാർദ്ദം കാണിച്ച അഫ്ഗാനിസ്ഥാനും ചൈനയുടെ പക്ഷം ചേർന്നു എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അടുത്തിടെ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയുമായി സംസാരിച്ചു, തൊട്ടുപിന്നാലെ മുത്താക്കി ചൈനയിലെത്തി, ചൈനയുടെ അഭിലാഷ പദ്ധതിയായ ചൈന പാക്കിസ്താൻ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. ചൈന, പാക്കിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഒരുമിച്ച് നിൽക്കുന്ന ചിത്രവും പുറത്തുവന്നു.
റഷ്യ പാക്കിസ്താനുമായി ഒരു വലിയ കരാറിൽ ഒപ്പുവെച്ചതായി വാർത്തകൾ ഉണ്ടായിരുന്നു, എന്നാൽ ഇന്ത്യൻ മാധ്യമങ്ങള്‍ ഒരു റഷ്യൻ സ്രോതസ്സിനെ ഉദ്ധരിച്ച് അത് നിഷേധിച്ചു.
പാക്കിസ്താനിൽ സ്ഥിതി ചെയ്യുന്ന സോവിയറ്റ് കാലഘട്ടത്തിലെ സ്റ്റീൽ ഫാക്ടറി പുനരാരംഭിക്കുന്നതിനായി റഷ്യയും പാക്കിസ്താനും തമ്മിൽ 2.6 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചതായി ജാപ്പനീസ് മാധ്യമമായ നിക്കി ഏഷ്യ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യ അതും നിഷേധിച്ചു. ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾക്ക് ഹാനികരമായ ഒരു കരാറിലും റഷ്യ ഒപ്പുവെക്കില്ലെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. എന്നാല്‍, റഷ്യയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല. നേരെമറിച്ച്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഒന്നര മണിക്കൂർ സംഭാഷണത്തിന് ശേഷം, ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് വ്യക്തിപരമായി ഇടപെട്ടു എന്നാണ് പുടിൻ ഭരണകൂടം സ്ഥിരീകരിച്ചത്.