നിലമ്പൂർ: കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയില്‍ പെട്ട് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെത്തുടര്‍ന്നുള്ള പ്രതിഷേധ പ്രകടനം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തമ്മില്‍തമ്മില്‍ പോരാടാനുള്ള ആയുധമായി. സംസ്ഥാന സർക്കാരിനും വനം വകുപ്പിനുമെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം ഈ സംഭവം ഉപയോഗിക്കുന്നു. വഴിക്കടവിലെ സംഭവം യുഡിഎഫ് ഗൂഢാലോചനയുടെ ഫലമാണെന്ന് എൽഡിഎഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വഴിക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് ഇതിന് ഉചിതമായ മറുപടി നൽകി.
വസ്തുതകൾക്ക് നിരക്കാത്ത ആരോപണമാണ് സിപിഎം ഉന്നയിച്ചതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും റെജി ജോസഫ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. കാട്ടുപന്നിയെ കെണിയിൽ വീഴ്ത്തി പിടികൂടാന്‍ സ്ഥാപിച്ച വൈദ്യുതി വയറിൽ അനന്തു സ്പർശിച്ച സംഭവത്തിൽ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് പറയാൻ സിപിഎം മര്യാദ കാണിക്കണമെന്ന് റെജി ജോസഫ് ആവശ്യപ്പെട്ടു. പരാജയഭീതി കൊണ്ടാണ് സിപിഎം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റെജി ജോസഫ് പറഞ്ഞു.
കുട്ടിയുടെ മരണത്തിൽ കോൺഗ്രസും യുഡിഎഫും നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിലെ ഇടതു സ്ഥാനാർത്ഥി എം സ്വരാജും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ഇന്നലെ സ്ഥലത്തെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വാഹനം യുഡിഎഫ് നേതാക്കളും പ്രവർത്തകരും തടഞ്ഞു. കുട്ടിയുടെ മരണത്തിൽ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം വ്യക്തമാണെന്ന് വിജയരാഘവൻ പ്രതികരിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ നടന്ന യുഡിഎഫ് പ്രതിഷേധം സർക്കാരിനെതിരായ ഗൂഢാലോചനയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ ആരോപിച്ചതിനെത്തുടർന്ന് അനന്തുവിന്റെ മരണത്തിൽ നടന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ആരോപണങ്ങളായി മാറി.