നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ സീഷാൻ അക്തർ കാനഡയിൽ അറസ്റ്റിലായി. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പ്രകാരം 22 കാരനായ അക്തര്‍ കഴിഞ്ഞ ഒരാഴ്ചയായി കനേഡിയൻ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍, ഇന്ത്യയിലെ പോലീസിന് ഇതുവരെ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ലോറൻസുമായും അൻമോൾ ബിഷ്‌ണോയി സംഘവുമായും സീഷൻ അക്തറിന്റെ പേര് ഇതിനകം തന്നെ ബന്ധപ്പെട്ടിരിക്കുന്നു. കാനഡയിൽ നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. ഇതിനുമുമ്പ് അൻമോൾ ബിഷ്‌ണോയി പിടിക്കപ്പെട്ടിരുന്നു.
പോലീസ് അന്വേഷണത്തിൽ, ഗുർമെയിൽ സിംഗും മറ്റ് പ്രതികളുമായി ചേർന്ന് കൊലപാതകം നടത്താൻ സീഷൻ ഗൂഢാലോചന നടത്തിയിരുന്നു. ആയുധങ്ങൾ എത്തിച്ചു നൽകുകയും, അക്രമികൾക്ക് സുരക്ഷിത താവളങ്ങൾ ഒരുക്കുകയും, പത്തിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി കൊലപാതകത്തിനുള്ള പണം കൈമാറുകയും ചെയ്തതായി കണ്ടെത്തി. തന്നെ സംശയിക്കാതിരിക്കാന്‍, ഗൂഢാലോചന നടപ്പിലാക്കുന്നതിന് ഒരു മാസം മുമ്പ് സീഷൻ മുംബൈയിൽ നിന്ന് അപ്രത്യക്ഷനായി.
ഈ വൻ വിവാദ കേസിൽ ഇതുവരെ 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന വെടിവെപ്പ് നടത്തിയ ശിവകുമാർ ഗൗതം എന്ന ശിവയും പോലീസ് കസ്റ്റഡിയിലാണ്. പൂനെ, ബഹ്‌റൈച്ച്, ഹരിയാന, ഡോംബിവാലി, കർജാത്ത് എന്നിവിടങ്ങളിൽ നിന്ന് മറ്റു കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം പോലീസ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖി കൊലപാതകത്തിൽ ബിൽഡർ ലോബിക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു, എന്നാൽ, പോലീസ് ഈ വാദം നിഷേധിച്ചു. പോലീസ് കുറ്റപത്രത്തിൽ ദാവൂദ് ഇബ്രാഹിം, നടൻ സൽമാൻ ഖാൻ എന്നിവരുമായി സിദ്ദിഖിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. കാനഡയിൽ താമസിക്കുന്ന അൻമോൾ ബിഷ്‌ണോയിക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയപ്പെടുന്നു.