തിരുവനന്തപുരം, ജൂൺ 11, 2025: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി 2025 ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ 18 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് 5000 ഫലവൃക്ഷത്തൈകൾ സംഭാവന ചെയ്തു. ചെറുപ്പം മുതലേ വീട്ടിൽ ഒരു മരം പരിപാലിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരിൽ പരിസ്ഥിതി അവബോധവും ഉത്തരവാദിത്തവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് ടി യുടെ ഗാർഡിയൻസ് ഓഫ് ദി എർത്ത് സിഎസ്ആർ സംരംഭത്തിന് കീഴിലാണ് ഫലവൃക്ഷത്തൈകൾ സ്കൂളുകൾക്ക് സംഭാവന ചെയ്തത്.
ഗവൺമെന്റ് ജിഎച്ച്എസ്എസ് ആറ്റിങ്ങൽ; ശ്രീ സരസ്വതി വിദ്യാനികേതൻ, പെരുങ്ങുഴി; ജിയുപിഎസ് കണിയാപുരം; ജിയുപിഎസ് കാര്യവട്ടം; ഗവ. എച്ച്എസ്എസ് കുളത്തൂർ; ഗവ. യുപിഎസ് ചെറുവയ്ക്കൽ; ശ്രീകാര്യം മിഡിൽ സ്കൂൾ; കരിക്കകം ജിയുപിഎസ്; ഗവ. യുപി സ്കൂൾ, ഈഞ്ചക്കൽ; ജിഎച്ച്എസ് ചാലായി; കാർത്തിക തിരുനാൾ ഗവ. വൊക്കേഷണൽ എച്ച്എസ്എസ് മണക്കാട്; എസ്എംവി ഗവ. മോഡൽ സ്കൂൾ; ഗവ. യു.പി.എസ്. നേമം; ജി.എൽ.പി.എസ്. പേരൂർക്കട; ഗവ. യു.പി.എസ്. കുശവർക്കൽ; ഗവ. യു.പി.എസ്. കുടപ്പണക്കുന്ന്; ഗവ. ഹൈസ്കൂൾ, പ്ലാവൂർ; ഗവ. എച്ച്.എസ്.എസ്. കീഴാരൂർ; ജി.എച്ച്.എസ്.എസ്. പൂവത്തൂർ നെടുമങ്ങാട്, എന്നീ സ്‌കൂളുകളിലെ കുട്ടികൾക്കാണ് ഫല വൃക്ഷത്തൈകൾ കൈമാറിയത്.
ഓരോ സ്കൂളിലും 200 ൽ അധികം മരത്തൈകൾ നൽകി. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയാണ് തൈകൾ സ്വീകരിക്കാൻ തിരഞ്ഞെടുത്തത്. കൂടാതെ, തൈകളുടെ വളർച്ചയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ രേഖപ്പെടുത്തുന്നതിനായി അവർക്ക് ഒരു ‘ട്രീ ട്രഷർ ബുക്ക്’ സമ്മാനിക്കുകയുണ്ടായി. നാലു വർഷങ്ങൾക്കു ശേഷം പരിപാലിച്ചു വളർത്തിയ മരങ്ങളുടെ ചിത്രങ്ങൾ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങലും നൽകും. വൃക്ഷ പരിപാലനം ശീലിക്കുന്ന വിദ്യാലയങ്ങളെ തങ്ങളുടെ കാമ്പസ് സന്ദർശനത്തിനുള്ള ക്ഷണവും യുഎസ് ടി നൽകിയിട്ടുണ്ട്.
എസ്എംവി സ്കൂളിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തൈ കൈമാറ്റ ചടങ്ങ് യുഎസ് ടി ബിസിനസ് ഓപ്പറേഷൻസ് ആൻഡ് വർക്ക്പ്ലേസ് മാനേജ്മെന്റ് ജനറൽ മാനേജർ ഷെഫി അൻവർ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് യു.പി.എസ്. നേമം സ്കൂളിലെ ചടങ്ങ് യുഎസ് ടി ചീഫ് സ്ട്രാറ്റജി ഓഫീസറും സിഐഒയുമായ കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. അതേസമയം, മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്എസിൽ നടന്ന ചടങ്ങ് കമ്പനിയുടെ പ്രോസസ് അഡ്വൈസറി ആൻഡ് കൺസൾട്ടിംഗ് സർവീസ് ലൈൻ പ്രാക്ടീസ് മേധാവി ഗായത്രി നായർ ഉദ്ഘാടനം ചെയ്തു. കണിയാപുരം ജിയുപിഎസിൽ നടന്ന ചടങ്ങ് ക്ലസ്റ്റർ ഹെഡ് പ്രശാന്ത് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കരിക്കകം ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന ചടങ്ങ് യുഎസ് ടി പ്രോഗ്രാം മാനേജർ സിനു സാം ഉദ്ഘാടനം ചെയ്തു.
“തിരുവനന്തപുരത്തുള്ള 18 സ്കൂളുകളിലേക്ക് 5000 ത്തിലധികം ഫലവൃക്ഷത്തൈകൾ കൈമാറാൻ കഴിഞ്ഞത് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ്. നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരുന്ന സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഈ പ്രവർത്തനം നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളുടെ ഫലപ്രദമായ പരിവർത്തനത്തിലൂടെ മികച്ച ഒരു നാളെ സൃഷ്ടിക്കുക എന്ന യുഎസ്ടിയുടെ ദർശനവുമായി അടുത്തുനിൽക്കുന്നു. ഇന്ത്യയുടെ ഭാവി പൗരന്മാരുടെ സഹായത്തോടെ ഒരു ഹരിത ഗ്രഹം സൃഷ്ടിക്കാൻ ഇത് ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ സംരംഭത്തിന് ലഭിച്ച ആവേശകരമായ പ്രതികരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വരും വർഷങ്ങളിൽ യു എസ് ടി യുടെ ഇതര കേന്ദ്രങ്ങളിലും ഇത് വ്യാപിപ്പിക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്. ഈ മഹത്തായ സംരംഭത്തിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും എന്റെ നന്ദി അറിയിക്കുന്നു,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
യുഎസ് ടി സിഎസ്ആർ ലീഡ് വിനീത് മോഹനനാണ് പദ്ധതി ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ചത്. യുഎസ് ടി യിലെ 140-ലധികം ജീവനക്കാർ വിവിധ സ്കൂളുകളിൽ സംഘടിപ്പിച്ച കൈമാറ്റ ചടങ്ങുകളിൽ പങ്കെടുത്തു.