മൈക്കൽ ജാക്സനെ എന്തുകൊണ്ട് അനുരാജ് എതിർക്കുന്നില്ല?: സതീഷ് കളത്തിൽ

കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു.

മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിൻഡിക്കേറ്റിൽ ഒരാൾ ഇരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.

ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം കലാ- സാംസ്കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വർത്തിക്കുന്നവയൊ അല്ലെന്ന/ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ കുറിച്ചും അറിയപ്പെടുന്ന വ്യക്തികളെ കുറിച്ചും ഒക്കെയുള്ള പഠനങ്ങളാണ് അവിടങ്ങളിൽ നടക്കേണ്ടത്. അനവധി കാരണങ്ങളാൽ, പൊതുസമൂഹം ഭ്രഷ്ട് കല്പിച്ചവരും നിഷിദ്ധ വിഷയങ്ങളും ഒക്കെ അതിലുൾപ്പെടാം. അതുംകൂടി ചേർന്നതാണ് ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്, കേവലമൊരു നിർഗുണ നിവാരണ പാഠശാലയുടെയോ സദ്ഗുണ പരിപോഷണ സ്ഥാപനത്തിന്റെയോ ചട്ടക്കൂടല്ല ആവശ്യം.

‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന വേടൻ റാപ്പ് കേരളത്തിൽ മാത്രമല്ല, ലോകമാകമാനം ശ്രദ്ധയാകർഷിക്കപ്പെട്ട ഒരു കലാസൃഷ്ടിയാണ്. ലോകമിന്നു മലയാളത്തിലെ റാപ്പുകളിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. അതിനു പ്രധാന കാരണക്കാരൻ വേടൻതന്നെയാണ്. നമ്മുടെ നാട്ടിൽ ആവിഷ്‌ക്കരിക്കപ്പെടുന്ന ഒരു കല ആഗോളതലത്തിൽ എത്തപ്പെടുക എന്നത് ഓരോ മലയാളിക്കും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്. കണ്ണൂർ- കാലിക്കറ്റ് സർവകലാശാലകൾ, അമേരിക്കൻ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തെ കൂട്ടിയിണക്കുന്ന ഒരു പഠനക്രമം നടപ്പാക്കാൻ തീരുമാനിച്ചത് എത്രയോ ശ്ലാഘനീയമാണ്.

വിദ്യാഭ്യാസ രംഗത്തും മാധ്യമ രംഗത്തും ദീർഘകാല പരിജ്ഞാനമുള്ള എ. കെ. അനുരാജ് ഇതൊന്നും അറിയാത്ത ആളല്ല എന്നറിയാം. പക്ഷെ, വ്യത്യസ്ത ചേരിയിൽ നിന്നുകൊണ്ട്, ഒരാളുടെ കലയിലെ (ആശയ)രാഷ്ട്രീയമോ പുറത്തെ രാഷ്ട്രീയമോ വിശകലനം ചെയ്തുകൊണ്ട്, ആ കലയുടെ ഔന്നിത്യവും മൂല്യവും അളക്കുന്നതു ഭൂഷണമല്ല എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറയേണ്ടി വന്നത്. കര നോക്കി കുലം നോക്കി കരമടച്ചു കലയാളേണ്ട കാലമല്ല ഇത്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കാൻ കഴിയുന്നില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലേക്കു നാടിനെ വലിച്ചിടാതിരിക്കാനുള്ള സൗമനസ്യമെങ്കിലും പ്രബുദ്ധതയുള്ളവർ കാണിക്കേണ്ടതുണ്ടെന്നും ‘മൈക്കൽ ജാക്സനെ അറിയാത്ത ഒരാൾ’ എന്ന തന്റെ എഐ കാരിക്കേച്ചർ ഫേസ് ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് സതീഷ് കളത്തിൽ പറഞ്ഞു.

https://www.facebook.com/sathish.kalathil/posts/pfbid02QrivSoENADxRnNqeVD9Uy2v7dKe45pXJZZhwCSZhthfsDrSzwXgSr2oVgFu2v2TXl

Print Friendly, PDF & Email

Leave a Comment

More News