കൊച്ചി: ഈ മാസം 9-ാം തീയതി കെനിയയിൽ വിനോദയാത്രയ്ക്കിടെ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ദോഹയിൽ നിന്ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ഇന്ന് (ഞായറാഴ്ച) രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.
മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളി സ്വദേശി മക്കാറിന്റെ മകൾ ജെസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര), പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ സ്വദേശി പുത്തൻപുരയിൽ രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), കൊച്ചി പാലാരിവട്ടത്ത് താമസക്കാരിയുമായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. ജെസ്‌നയുടെ ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അവരെ നെയ്‌റോബിയിലെ ആഗാ ഖാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയിൽ നിന്ന് നാല് പേരുടെ മൃതദേഹങ്ങൾ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി, ഒരാളുടെ മൃതദേഹം കൊച്ചിയിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ മൃതദേഹങ്ങൾ വിമാനത്താവളത്തിൽ സ്വീകരിച്ചു.